വയറുവീക്കം നിസ്സാരമാക്കല്ലേ! ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്; അപ്പെൻഡിക്സ് ക്യാൻസറിന്റെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം

അപൂർവമായി ഇത്തരം ലക്ഷണങ്ങൾ അപ്പെൻഡിക്സ് ക്യാൻസറിന്റെയും സൂചനകളാകാം

Update: 2026-11-02 06:32 GMT

വയറുവീക്കം, ദഹനക്കേട്, മലബന്ധം, വയറിലെ അസ്വസ്ഥതകൾ... സാധാരണയായി ദഹനസംബന്ധമായ പ്രശ്നങ്ങളായിരിക്കും ഇത്തരം ലക്ഷണങ്ങൾക്ക് പിന്നിൽ. എന്നാൽ ചികിത്സിച്ചിട്ടും മാറാതെ തുടരുകയോ ഇടയ്ക്കിടെ ആവർത്തിക്കുകയോ ചെയ്യുന്ന വയറുവീക്കവും വയറിന്റെ വലുപ്പത്തിലുണ്ടാകുന്ന അസാധാരണമായ വർധനവും ശ്രദ്ധിക്കേണ്ടതുണ്ട്. അപൂർവമായി ഇത്തരം ലക്ഷണങ്ങൾ അപ്പെൻഡിക്സ് ക്യാൻസറിന്റെയും സൂചനകളാകാം. തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള രോഗങ്ങളിലൊന്നാണിത്.

ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ജിഐ ആൻഡ് എച്ച്പിബി സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. നിഖിൽ അഗർവാളാണ് ഇക്കാര്യം വിശദീകരിക്കുന്നത്. അപ്പെൻഡിക്സ് ക്യാൻസർ അപൂർവമാണെന്നും ഇതിന്റെ ലക്ഷണങ്ങൾ സാധാരണ ദഹനപ്രശ്നങ്ങളുടേതിന് സമാനമായിരിക്കാമെന്നും അദ്ദേഹം പറയുന്നു.

Advertising
Advertising

എന്താണ് അപ്പെൻഡിക്സ് ക്യാൻസർ?

വൻകുടലിന്റെ തുടക്കത്തോട് ചേർന്നുള്ള ചെറിയ വിരൽപോലുള്ള അവയവമാണ് അപ്പെൻഡിക്സ്. ഈ ഭാഗത്ത് മാരകമായ മുഴകൾ രൂപപ്പെടുന്ന അവസ്ഥയാണ് അപ്പെൻഡിക്സ് ക്യാൻസർ. അപൂർവമായി കാണപ്പെടുന്ന രോഗമായതിനാൽ തുടക്കത്തിൽ തന്നെ തിരിച്ചറിയുക പലപ്പോഴും പ്രയാസമാണ്.

അപ്പെൻഡിസൈറ്റിസ് അഥവാ അപ്പെൻഡിക്സിലെ അണുബാധയെന്ന് കരുതി ശസ്ത്രക്രിയ നടത്തുന്ന ചിലരിൽ പിന്നീട് ക്യാൻസർ കണ്ടെത്താറുണ്ട്. അപ്പെൻഡിക്സ് നീക്കം ചെയ്തശേഷം അതിന്റെ കോശങ്ങൾ ബയോപ്സി പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴാണ് ചിലപ്പോൾ ക്യാൻസർ സ്ഥിരീകരിക്കുന്നത്. അതിനാൽ അപ്പെൻഡിക്സിന് ചുറ്റുമുള്ള വീക്കം അണുബാധ മാത്രമാണെന്ന് സ്വയം കരുതരുതെന്ന് ഡോ. നിഖിൽ അഗർവാൾ ചൂണ്ടിക്കാട്ടുന്നു.

അപ്പെൻഡിക്സ് ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്തെല്ലാം?

ട്യൂമറിന്റെ തരവും രോഗത്തിന്റെ ഘട്ടവും അനുസരിച്ച് ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടാകാം. ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ:

  •  വയറിന്റെ താഴെ വലതുഭാഗത്ത് തുടർച്ചയായ വേദനയോ അസ്വസ്ഥതയോ.
  •  ഇടയ്ക്കിടെ ഉണ്ടാകുന്നതോ ക്രമേണ വർധിക്കുന്നതോ ആയ വയറുവീക്കം.
  •  വയറിന്റെ വലുപ്പം അസാധാരണമായി വർധിക്കുക.
  •  അൽപം ഭക്ഷണം കഴിച്ചാലും വയറുനിറഞ്ഞതായി തോന്നുക.
  •  വ്യക്തമായ കാരണമില്ലാതെ ശരീരഭാരം കുറയുക.
  •  മലബന്ധമോ വയറിളക്കമോ തുടർച്ചയായി അനുഭവപ്പെടുക.
  •  വ്യക്തമായ കാരണമില്ലാതെ ഓക്കാനമോ ഛർദിയോ ഉണ്ടാകുക.
  •  വയറിൽ മുഴയോ അസാധാരണമായ വീക്കമോ അനുഭവപ്പെടുക.

എന്നാൽ ഈ ലക്ഷണങ്ങളിൽ ഒന്നോ അതിലധികമോ ഉണ്ടെന്നതുകൊണ്ട് ക്യാൻസറാണെന്ന് അർഥമില്ല. മിക്കപ്പോഴും ഇത്തരം ലക്ഷണങ്ങൾക്ക് പിന്നിൽ സാധാരണ ദഹനപ്രശ്നങ്ങളായിരിക്കും. രോഗനിർണയത്തിന് വൈദ്യപരിശോധന ആവശ്യമാണ്.

എന്തുകൊണ്ടാണ് അപ്പെൻഡിക്സ് ക്യാൻസർ വയറുവീക്കത്തിന് കാരണമാകുന്നത്?

ചിലതരം അപ്പെൻഡിക്സ് ട്യൂമറുകൾ വയറിനുള്ളിൽ മ്യൂക്കസ് അഥവാ കഫസദൃശമായ ദ്രാവകം അടിഞ്ഞുകൂടുന്നതിന് കാരണമാകാം. ഇതോടെ വയറിന്റെ വലുപ്പം ക്രമേണ വർധിക്കാം. തുടക്കത്തിൽ സാധാരണ വയറുവീക്കമായോ ശരീരഭാരം കൂടുന്നതായോ ഒരാൾക്ക് തോന്നാം.

എന്നാൽ വയറിന്റെ വലുപ്പം തുടർച്ചയായി വർധിക്കുകയോ അസാധാരണമായ വീക്കം അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ പരിശോധന നടത്തേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് മറ്റ് ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടെങ്കിൽ അവഗണിക്കരുത്.

എങ്ങനെ രോഗം തിരിച്ചറിയാം?

അപ്പെൻഡിക്സിൽ ട്യൂമറുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാർ വിവിധ പരിശോധനകൾ നിർദേശിക്കാം. സിടി സ്കാൻ (CT Scan), എംആർഐ (MRI) തുടങ്ങിയ ഇമേജിങ് പരിശോധനകൾ അപ്പെൻഡിക്സിന്റെയും വയറിനുള്ളിലെ മറ്റ് ഭാഗങ്ങളുടെയും അവസ്ഥ വിലയിരുത്താൻ സഹായിക്കും.

എന്നാൽ അസാധാരണമായ കോശങ്ങളുടെ സ്വഭാവം തിരിച്ചറിയുന്നതിൽ ടിഷ്യു പരിശോധനയ്ക്ക് പ്രധാന സ്ഥാനമുണ്ട്. ബയോപ്സി അല്ലെങ്കിൽ ഹിസ്റ്റോപാത്തോളജിക്കൽ പരിശോധനയിലൂടെ കോശങ്ങളിൽ അർബുദമാറ്റങ്ങളുണ്ടോയെന്നും ട്യൂമറിന്റെ സ്വഭാവം എന്താണെന്നും കണ്ടെത്താനാകും. ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത അപ്പെൻഡിക്സ് സൂക്ഷ്മദർശിനിയിലൂടെ പരിശോധിക്കുമ്പോൾ മാത്രമാണ് ചിലരിൽ ക്യാൻസർ കണ്ടെത്തുന്നതെന്നും ഡോക്ടർ വിശദീകരിക്കുന്നു.

എപ്പോൾ ഡോക്ടറെ കാണണം?

ഇടയ്ക്കിടെ ഉണ്ടാകുന്ന ഗ്യാസ്, വയറുവേദന, വയറുവീക്കം എന്നിവയെല്ലാം അപ്പെൻഡിക്സ് ക്യാൻസറിന്റെ ലക്ഷണങ്ങളല്ല. എന്നാൽ ചികിത്സിച്ചിട്ടും മാറാത്ത വയറിലെ അസ്വസ്ഥതകൾ, ആവർത്തിച്ചുണ്ടാകുന്ന ലക്ഷണങ്ങൾ, ക്രമേണ വർധിക്കുന്ന വയറുവീക്കം, വ്യക്തമായ കാരണമില്ലാത്ത ശരീരഭാരത്തിലെ മാറ്റങ്ങൾ എന്നിവയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കണം.

സാധാരണ ദഹനപ്രശ്നമാണോ അണുബാധയാണോ അപ്പെൻഡിസൈറ്റിസാണോ അതോ അപൂർവമായി അപ്പെൻഡിക്സ് ക്യാൻസറാണോ എന്നത് പരിശോധനകളിലൂടെ മാത്രമേ തിരിച്ചറിയാനാകൂ. സാധാരണ വയറുവീക്കം കണ്ട് പരിഭ്രാന്തരാകേണ്ടതില്ല. അതേസമയം, തുടർച്ചയായോ അസാധാരണമായോ അനുഭവപ്പെടുന്ന ലക്ഷണങ്ങളെ അവഗണിക്കുകയുമരുത്.

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - ഹെൽത്ത് ഡെസ്ക്

contributor

Similar News