ദഹനം മുതൽ ഹൃദയാരോഗ്യം വരെ; കറിവേപ്പില വെള്ളം വെറും വയറ്റിൽ കുടിച്ചാൽ ഗുണങ്ങൾ പലതാണേ...
വിറ്റാമിനുകൾ, മിനറൽസ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില
ഏത് ഭക്ഷ്യ വിഭവങ്ങൾ അയിക്കോട്ടെ കറിവേപ്പില ഇട്ടില്ലെങ്കിൽ വിഭവം പൂർണമാകില്ലെന്ന് ചിന്തിക്കുന്നവരാണ് നമ്മൾ മലയാളികൾ. കറിവേപ്പില ഇല്ലാത്തൊരു അടുക്കളയും നമ്മൾക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. എന്നാൽ, ഭക്ഷണത്തിൽ രുചി കൂട്ടുന്ന ഒന്നായി മാത്രം കറിവേപ്പിലയെ കാണരുത്. മറിച്ച് വിറ്റാമിനുകൾ, മിനറലുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമൃദ്ധമായ പോഷകഗുണങ്ങളുടെ കലവറ കൂടിയാണ് കറിവേപ്പില. ദിവസവും രാവിലെ വെറും വയറ്റിൽ കരിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗങ്ങളെ ചെറുത്ത് ആരോഗ്യത്തോടെ ഇരിക്കാൻ നമ്മെ സഹായിക്കും.
കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം
ദഹനം മെച്ചപ്പെടുത്തും
കരിവേപ്പില ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ഇതുവഴി നിങ്ങൾക്ക് മലബന്ധം, നെഞ്ചെരിച്ചിൽ, ഗ്യാസ് പ്രോബ്ലം എന്നിവയിൽ നിന്നും മുക്തി നേടാം. കറിവേപ്പിലയിലടങ്ങിയിരിക്കുന്ന കാർമിനേറ്റീവ് ഗുണങ്ങളാണ് ഇതിനായി സഹായിക്കുന്നത്.
പ്രമേഹം നിയന്ത്രിക്കും
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കാൻ കറിവേപ്പില വെള്ളത്തിന് ശക്തിയുണ്ട്. നിങ്ങൾ പ്രമേഹ രോഗിയാണെങ്കിൽ ദിവസവും കറിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചു നോക്കൂ, ഫലം നിങ്ങളെ അത്ഭുതപ്പെടുത്തും.
ഹൃദയാരോഗ്യം സംരക്ഷിക്കും
ശരീരത്തിലെ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ രക്തക്കുഴലുകളിൽ അടിയുന്നത് തടയാൻ കറിവേപ്പില സഹായിക്കും. കരിവേപ്പിലയിലെ കാർബസോൾ ആൽക്കലോയിഡുകളും ആന്റിഓക്‌സിഡന്റുകളുമാണ് ഇതിന് സഹായിക്കുന്നത്. ഇതുവഴി ഹൃദയത്തിന്റെ പ്രവർത്തനം സുഗമമാകും.
ശരീരഭാരം കുറയ്ക്കും
ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കാനും കൊഴുപ്പ് അടിയുന്നത് തടയാനും കരിവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ഓപ്ഷനാണിത്.
മുടിയുടെ വളർച്ചയ്ക്ക്
വിറ്റാമിൻ A, B, C, E, ഇരുമ്പ്, കാത്സ്യം എന്നിവ അടങ്ങിയ കരിവേപ്പില, തലയോട്ടിയിലെ രക്തയോട്ടം കൂട്ടുകയും താരം, മുടി കൊഴിച്ചിൽ എന്നിവ കുറയ്ക്കുകയും ചെയ്യും. കരിവേപ്പില ഹെയർ പാക്കുകൾ ഉപയോഗിക്കുന്നത് മുടിക്ക് തിളക്കവും കരുത്തും നൽകാൻ സഹായിക്കും.
ചർമ്മം സംരക്ഷിക്കും
വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയ കറിവേപ്പില, ചർമ്മത്തിലെ കറുത്ത പാടുകൾ, വലിവും വരൾച്ചയും, ചുവന്നുതടിക്കൽ എന്നിവ മാറ്റി ചർമ്മത്തിന് തിളക്കവും നിറവും വർധിപ്പിക്കാൻ സഹായിക്കും.