"എന്റെ വയർ സ്വയം ഭക്ഷിക്കുകയാണ്"; അപൂർവ രോഗം സ്ഥിരീകരിച്ച് ടെക് സംരംഭകനായ ബ്രയാൻ ജോൺസൺ
ലോകത്ത് അഞ്ച് ശതമാനം ആളുകളെ മാത്രം ബാധിക്കുന്ന അപൂർവ രോഗമാണിത്
പ്രായം കുറയ്ക്കാനുള്ള പരീക്ഷണങ്ങൾക്കായി പ്രതിവർഷം ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിലൂടെ പ്രശസ്തനായ ടെക് സംരംഭകനായ ബ്രയാൻ ജോൺസൺ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. താൻ ഗുരുതരമായ ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ് രോഗബാധിതനാണെന്നും "എന്റെ വയർ സ്വയം ഭക്ഷിക്കുകയാണ്" എന്നുമായിരുന്നു 48കാരനായ ബ്രയാന്റെ കുറിപ്പ്. ലോകത്ത് രണ്ട് മുതൽ അഞ്ച് ശതമാനം ആളുകളെ മാത്രം ബാധിക്കുന്ന രോഗമാണിത്. പ്രാരംഭഘട്ടത്തിൽ തിരിച്ചറിയാൻ സാധിക്കില്ല. ശരീരത്തിലെ പ്രതിരോധ സംവിധാനം വയറിന്റെ ഭിത്തിയെ തന്നെ ആക്രമിക്കുന്ന അപൂർവമായ ഒരു സ്വയംപ്രതിരോധ രോഗമാണിത്.
ശരീരത്തിൽ ഹീമോഗ്ലോബിനും ഹെമറ്റോക്രിറ്റും സാധാരണനിലയിലായിട്ടും ഫെറിറ്റിൻ അളവ് കുറഞ്ഞുതന്നെ കാണപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ ആമാശയത്തിലെ ആസിഡ് ഉത്പാദിപ്പിക്കുന്ന പാളികൾക്ക് നാശം വന്നതായി കണ്ടെത്തുകയായിരുന്നു. ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടും അയൺ സപ്ലിമെന്റുകൾ കഴിച്ചിട്ടും ഫെറിറ്റിന്റെ അളവ് വർഷങ്ങളായി കുറഞ്ഞുതന്നെയായതിനെ തുടർന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് ഒടുവിൽ ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ് രോഗനിർണ്ണയം സ്ഥിരീകരിച്ചത്. ഭാഗ്യത്തിന് ആമാശയത്തിന്റെ മറ്റു ഭാഗങ്ങളിൽ രോഗം സ്ഥിരീകരിച്ചില്ലെന്ന് തിരിച്ചറിയുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കുട്ടിക്കാലത്ത് താൻ പിന്തുടർന്നിരുന്ന ജീവിതശൈലി ശരിയായിരുന്നില്ലെന്നും ഫാസ്റ്റ് ഫുഡും മധുരപാനീയങ്ങളും കഴിച്ച് വളർന്നതും ശരീരഭാരം കൂടിയതും, വിട്ടുമാറാത്ത വിഷാദരോഗവും ഈ രോഗത്തിലേക്ക് നയിച്ചതായും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. നിലവിൽ ഈ രോഗത്തിന് കൃത്യമായ ചികിത്സയില്ലെങ്കിലും, മെഡിക്കൽ പരീക്ഷണാടിസ്ഥാനത്തിലുള്ള തെറാപ്പികളിലൂടെ പരിഹാരം കാണാൻ താൻ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണെന്നും ബ്രയാൻ പറയുന്നു.
എന്താണ് ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ്
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം വയറിന്റെ ഭിത്തിയിലുള്ള ആരോഗ്യകരമായ കോശങ്ങളെ ആക്രമിക്കുന്ന വിട്ടുമാറാത്ത അവസ്ഥയാണ് ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ്. കാലക്രമേണ ഈ രോഗം വയറിന് കേടുപാടുകൾ വരുത്തുകയും, വയറ്റിൽ ആസിഡ് ഉത്പാദിപ്പിക്കാനുള്ള ശേഷി കുറയ്ക്കുകയും, ഇരുമ്പ്, വിറ്റാമിൻ ബി12 തുടങ്ങിയ അവശ്യ പോഷകങ്ങളെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കുകയും ചെയ്യും.