ചർമ്മം ആരോഗ്യത്തോടെ നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...

ഇന്ന് ലോക ചർമ്മ ആരോഗ്യ ദിനം, ലോകത്ത് 180 കോടിയിലധികം ആളുകളും ഏതെങ്കിലും തരത്തിലുള്ള ചർമ്മരോഗങ്ങളാൽ ബുദ്ധിമുട്ട് നേരിടുന്നവരാണ്

Update: 2026-07-08 06:26 GMT

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണെന്ന് അറിയാമോ? സംശയിക്കേണ്ട, അത് ചർമ്മമാണ്. പുറത്തെ അണുബാധയിൽ നിന്നും പൊടിപടലങ്ങളിൽ നിന്നുമെല്ലാം നമ്മെ സംരക്ഷിച്ച് നിർത്തുന്നതും ഈ ചർമ്മം തന്നെയാണ്. ഇന്ന് ജൂലൈ 8, 'ലോക ചർമ്മ ആരോഗ്യ ദിനം'. ചർമ്മരോഗങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും, എല്ലാവർക്കും ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ ദിനം ആഘോഷിക്കുന്നത്. 'മികച്ച ചർമ്മ ആരോഗ്യത്തിനായി മികച്ച അറിവ്' എന്നതാണ് ഈ വർഷത്തെ തീം. ആഗോളതലത്തിൽ മൂവായിരത്തിലധികം ചർമ്മരോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ഈ ദിനം സഹായിക്കുന്നുവെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ഐഎൽഡിഎസിന്റെയും ഐഎസ്‌ഡിയുടെയും നേതൃത്വത്തിലാണ് ഈ ദിനം ആഘോഷിക്കുന്നത്.

Advertising
Advertising

ചർമ്മ പ്രശ്നങ്ങൾ കേവലം സൗന്ദര്യ പ്രശ്നമല്ല

ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ നമ്മൾ 'സൗന്ദര്യ പ്രശ്നം' മാത്രമായിട്ടാണ് പലപ്പോഴും കാണാറുള്ളത്. ക്രീമുകളും മറ്റും തേച്ച് അത് മാറ്റാനാണ് കൂടുതലും ശ്രമിക്കാറുമുള്ളത്. എന്നാൽ അത് തെറ്റാണ്. ചർമ്മത്തിലെ ചില മാറ്റങ്ങൾ പലപ്പോഴും ശരീരത്തിനകത്തെ മറ്റ് രോഗങ്ങളുടെ ലക്ഷണമാകാം. ലോകത്ത് 180 കോടിയിലധികം ആളുകളും ഏതെങ്കിലും തരത്തിലുള്ള ചർമ്മരോഗങ്ങളാൽ ബുദ്ധിമുട്ട് നേരിടുന്നവരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ത്വക്ക് അർബുദം, അലർജികളും ഇൻഫെക്ഷനുകളും, സോറിയാസിസ്, എക്സിമ തുടങ്ങി അനവധി ചർമ്മ രോ​ഗങ്ങളാൽ നമ്മൾ ഓരോ ദിവസവും ബുദ്ധിമുട്ടാറുണ്ട്. ഇവയ്ക്കൊക്കെ എതിരെയുള്ള പ്രതിരോധം ലക്ഷ്യം വെച്ച് തന്നെയാണ് ഈ ദിനം ആചരിക്കുന്നതും.

സ്കിൻ ഹെൽത്തിയാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

നമ്മുക്ക് വരുന്ന പ്രധാന ചർമ്മ പ്രശ്നങ്ങൾക്ക് പിന്നിലെ ലക്ഷണങ്ങൾ പരിശോധിക്കാം. വേദന, ചൊറിച്ചിൽ, ചുണങ്ങ്, കാലുകളിലെ ചുണങ്ങ്, കൈകളിലെ ചുണങ്ങ്, കഴുത്തിലെ ചുണങ്ങ്, മുഖത്തെ ചുണങ്ങ്, വെളുത്തതോ ചുവന്നതോ ആയ ചർമ്മത്തിൽ ഉയർത്തിയ മുഴകൾ, ചർമ്മത്തിൽ ചുവന്ന പാടുകൾ, പുറംതൊലി, ചെതുമ്പൽ, പരുക്കൻ, വിള്ളൽ അല്ലെങ്കിൽ വരണ്ട ചർമ്മം, ചർമ്മത്തിന്റെ നിറം മാറിയ പാടുകൾ, തുറന്ന വ്രണങ്ങൾ അല്ലെങ്കിൽ മുറിവുകൾ, ചർമ്മത്തിൽ അൾസർ, അരിമ്പാറ, ചർമ്മത്തിന്റെ പിഗ്മെന്റ് നഷ്ടം എന്നിവയെല്ലാം നമ്മളിൽ പലർക്കും ഇടയ്ക്കൊക്കെ വരുന്ന ചർമ്മ പ്രശ്നങ്ങളാണ്.

എന്നാൽ ഈ ചർമ്മരോ​ഗ്യ ദിനത്തിൽ നമ്മുക്ക് സ്കിൻ ഹെൽത്തിയായിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാലോ? സൺസ്‌ക്രീൻ നിർബന്ധമാക്കുക, ശരീരത്തിൽ ജലാംശം നിലനിർത്തുക, സ്വയംചികിത്സ ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, കെമിക്കലുകളുടെ അമിത ഉപയോഗം കുറയ്ക്കുക, പുകവലി ഒഴിവാക്കുക, വീര്യം കൂടിയ സോപ്പുകൾ ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയവ ചർമ്മത്തെ സംരക്ഷിക്കാൻ നമ്മൾ ശീലമാക്കേണ്ടതുണ്ട്.

പുറത്ത് മാത്രം പോര സംരക്ഷണം

പുറത്തെ സംരക്ഷണം മാത്രം പോര, നല്ല പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങൾ കൂടി കഴിച്ച് വേണം ചർമ്മത്തെ സംരക്ഷിക്കാൻ. വിറ്റാമിൻ എ,സി,ഇ എന്നിവ ചർമ്മത്തിന് ആവശ്യമായ പോഷകങ്ങളാണ്. വിറ്റാമിൻ എ ചർമ്മകോശങ്ങളെ സംരക്ഷിച്ച് മിനുസമുള്ളതാക്കാനും വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ കൂട്ടി ചർമ്മത്തിന് കേടുവരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാനും വിറ്റാമിൻ ഇ പൊടിപടലങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കും. ചർമ്മത്തിന്റെ സ്വാഭാവികത നിലനിർത്താൻ പോഷകങ്ങളടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം പിന്തുടരേണ്ടത് അത്യാവശ്യമാണ്. അവക്കാഡോ, സാൽമൺ, മുട്ട, മഞ്ഞൾ, ഒലീവ് ഓയിൽ, വാൽനെട്ട്, ബദാം ഡാർക്ക് ചോക്ലേറ്റ് തുടങ്ങിയവ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും.

ശ്രദ്ധിക്കുക, നമ്മുക്ക് സുന്ദരമായ ചർമ്മമല്ല വേണ്ടത്, അതിലുപരി ആരോ​ഗ്യകരമായ ചർമ്മമാണ് വേണ്ടത്. വിപണിയിലെ വ്യാജ പരസ്യങ്ങളിൽ വീണ് സ്കിൻ വൈറ്റനിങ് പ്രൊഡക്റ്റുകൾക്ക് പുറകെ പോകരുത്. ചർമ്മ പ്രശ്നങ്ങളുണ്ടെങ്കിൽ രജിസ്റ്റേർഡ് ഡെർമറ്റോളജിസ്റ്റിനെ കണ്ട് മാത്രം പരിഹാരം കാണണം.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - അഭിരാമി ഒതയോത്ത്

contributor

Similar News