കുളിക്കാന്‍ മടിയാണോ? മാസങ്ങളായി കുളിക്കാറില്ലേ; നിങ്ങള്‍ക്ക് അബ്ലൂട്ടോഫോബിയ ആകാം

യൂറോപ്യൻ രാജ്യങ്ങളിലും യൂറോപ്യൻ വംശജരുള്ള മറ്റു രാജ്യങ്ങളിലും അബ്ലുട്ടോഫോബിയ സർവസാധാരണമായി കണ്ടുവരുന്നു

Update: 2022-11-01 06:54 GMT

വര്‍ഷങ്ങളായി കുളിക്കാതെയും വസ്ത്രം കഴുകാതെയും ജീവിച്ചിരുന്ന ഇറാന്‍ പൗരന്‍ അമൗ ഹാജി ഈയിടെയാണ് മരിച്ചത്. 94 വയസുകാരനായ ഹാജി കഴിഞ്ഞ 60 വര്‍ഷത്തിനിടെ കുളിച്ചിരുന്നില്ല. ചെറുപ്പത്തിലുണ്ടായ വൈകാരികമായ എന്തോ പ്രശ്നം കാരണമാണ് അദ്ദേഹം ഇത്രയും നാളും കുളിക്കാത്തതെന്ന് ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹത്തെ കുളിപ്പിക്കാനുള്ള പ്രദേശവാസികളുടെ ശ്രമവും പരാജയപ്പെട്ടിരുന്നു. കുളിച്ചാല്‍ രോഗം വരുമെന്നായിരുന്നു ഹാജിയുടെ വിശ്വാസം. യഥാര്‍ഥത്തില്‍ ഇതൊരു ഫോബിയ ആണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുളിക്കാനോ ശരീരം വൃത്തിയാക്കാനോ ഉള്ള അമിതമായ ഭയത്തെ അബ്ലൂട്ടോഫോബിയ എന്നാണ് വിളിക്കുന്നത്.

Advertising
Advertising

എന്താണ് അബ്ലൂട്ടോഫോബിയ

കുളിക്കുന്നതിനോടോ ശരീരം വൃത്തിയാക്കുന്നതിനോടോ തോന്നുന്ന അകാരണമായ ഭയത്തെ അബ്ലൂട്ടോഫോബിയ (Ablutophobia) എന്നുപറയുന്നു. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലും കുട്ടികളിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പക്ഷേ കുട്ടികളിലുണ്ടാകുന്ന ഭയം അവർ വളർന്നുവരുന്നതോടെ ഇല്ലാതാകുന്നു. യൂറോപ്യൻ രാജ്യങ്ങളിലും യൂറോപ്യൻ വംശജരുള്ള മറ്റു രാജ്യങ്ങളിലും അബ്ലുട്ടോഫോബിയ സർവസാധാരണമായി കണ്ടുവരുന്നു. ആധുനിക കാലത്തിന്‍റെ ആരംഭം വരെ യൂറോപ്പിലെ മിക്ക പ്രദേശങ്ങളിലും വസിച്ചിരുന്ന ആളുകൾക്കു ദിവസവും കുളിക്കുന്ന ശീലമില്ലായിരുന്നു. ഇക്കാരണത്താലാകാം അവിടങ്ങളിൽ ഈ മാനസികവൈകല്യം സർവ്വസാധാരണമായിത്തീർന്നത്.

പതിനാറാം നൂറ്റാണ്ടിൽ തന്നെ ഈ മാനസികാവസ്ഥയുടെ ലക്ഷണങ്ങൾ യൂറോപ്യന്മാർ പ്രദർശിപ്പിച്ചിരുന്നുവെന്ന് ശാസ്ത്രജ്ഞൻമാർ അഭിപ്രായപ്പെടുന്നു. അക്കാലത്ത് ഇംഗ്ലണ്ടിലെ ഏറ്റവും വൃത്തിയുള്ള ആളായിരുന്ന എലിസബത്ത് രാജ്ഞി പോലും മാസത്തിൽ ഒരു തവണ മാത്രമാണ് കുളിച്ചിരുന്നത്. കൂടുതൽ തവണ കുളിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പലരും വിശ്വസിച്ചിരുന്നു. അബ്ലൂട്ടോഫോബിയയുടെ ലക്ഷണങ്ങളിൽ നിന്നു രക്ഷ നേടുന്നതിനായി പലരും സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ സുഗന്ധദ്രവ്യ വ്യവസായം അഭിവൃദ്ധി നേടുകയും ചെയ്തു.

ലക്ഷണങ്ങൾ

  • അബ്ലൂട്ടോഫോബിയയ്ക്കു മറ്റു ഫോബിയകളുടെ അതേ ലക്ഷണങ്ങൾ തന്നെയാണുള്ളത്,
  • പെട്ടെന്നുണ്ടാകുന്ന അമിതഭീതി
  • ഭയം അതിന്‍റെ എല്ലാ സീമകളും ലംഘിക്കുന്നതായുള്ള തിരിച്ചറിവ്
  • ചിന്തകളെ മറികടന്നുകൊണ്ട് അനിയന്ത്രിതവും സ്വയംപ്രേരിതവുമായ പെരുമാറ്റം
  • അമിതമായ ഹൃദയമിടിപ്പ്, ശ്വാസതടസ്സം, ശരീരം വിറയ്ക്കൽ, ഭയത്തിനു കാരണമായ സാഹചര്യം മറികടക്കുവാനുള്ള അതിയായ ആഗ്രഹം എന്നിങ്ങനെ അകാരണഭീതിയുടെ എല്ലാ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു. 
  • ഭയത്തിനു കാരണമായ വസ്തുക്കളോ സാഹചര്യമോ ഇല്ലാതാക്കുവാനായി അപകടമാർഗ്ഗങ്ങൾ പോലും സ്വീകരിക്കാവുന്ന മാനസികാവസ്ഥ എന്നിവയാണ് ലക്ഷണങ്ങൾ.
  • അബ്ലൂട്ടോഫോബിയ ഉള്ളവർ കുളിക്കാതിരിക്കുമ്പോൾ അപമാനഭയം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വൃത്തിക്കു പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹത്തിൽ നിന്ന് അപമാനമോ പരിഹാസമോ ഇക്കൂട്ടർക്കു നേരിടേണ്ടി വന്നേക്കാം. പലരും അപമാനഭീതി ഭയന്ന് ചികിത്സ തേടാതിരിക്കുന്നത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കും.

 ചികിത്സ

മനഃശാസ്ത്രപരമായ ചികിത്സാരീതികളിലൂടെ ഈ മാനസികവൈകല്യം പരിഹരിക്കുവാൻ സാധിക്കും. വിട്ടുമാറാത്ത വയറിളക്കവും പേനും ഉൾപ്പെടെയുള്ള രോഗങ്ങളും അവസ്ഥകളും പടരാതിരിക്കാനുള്ള മികച്ച മാർഗമാണ് ശരീരവും മുടിയും മുഖവും പതിവായി കഴുകുന്നത് എന്ന് സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു. ഈ ഫോബിയ ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനത്തെയും ബാധിക്കും. കാരണം ഇത് അവരുടെ പ്രൊഫഷണൽ ജീവിതത്തിൽ പ്രശ്‌നമുണ്ടാക്കുകയും ഒറ്റപ്പെടലിലേക്കും വിഷാദത്തിലേക്കും നയിക്കുകയും ചെയ്യും.

കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) മാനസിക വൈകല്യങ്ങൾ ചികിത്സിക്കുന്നതിനുള്ള ഒരു ചികിത്സാ സമീപനമാണ്.ഒരു വ്യക്തിയെ അവരുടെ വികാരങ്ങളും ചിന്താ പ്രക്രിയകളും നിരീക്ഷിച്ച് ചുറ്റുമുള്ള ലോകത്തെ നോക്കുന്ന രീതി മാറ്റാൻ ഇത് സഹായിക്കുന്നു. രോഗനിര്‍ണയത്തിനു ശേഷം ഡോക്ടര്‍ക്ക് ഉത്കണ്ഠ ഒഴിവാക്കുന്നതിനുളള മരുന്നുകള്‍ നല്‍കാവുന്നതാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News