മധുരവും വൈകിയുള്ള ഉറക്കവും രോഗികളാക്കും; ആഘോഷങ്ങളാകാം, നിങ്ങളുടെ കുട്ടിയെ മറക്കേണ്ട

ചോക്ലേറ്റ്, കേക്ക് തുടങ്ങിയ മധുരപലഹാരങ്ങളോട് നോ പറയാന്‍ പ്രയാസമാണ് അവധിക്കാലത്ത്. എന്നിരുന്നാലും, അമിതമായ മധുരം കുട്ടികളുടെ ആരോഗ്യത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഗബാധിതനാക്കാനുള്ള സാധ്യതയേറെയാണ്

Update: 2025-12-26 10:31 GMT

അവധിക്കാലവും പുതുവത്സരപ്പിറവിയെ വരവേല്‍ക്കുന്നതിന്റെ സന്തോഷവും കുട്ടികളിലുണ്ടാക്കുന്ന ആനന്ദവും ആവേശവും ചില്ലറയല്ല. നിരന്തരമായ പാര്‍ട്ടികള്‍, സമ്മാനങ്ങള്‍, മിഠായികള്‍, പതിവില്‍ കവിഞ്ഞ് സ്‌ക്രീന്‍ടൈം..എന്തുകൊണ്ടും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍.

എന്നാല്‍, കുടുംബബന്ധങ്ങളിലെ കെട്ടുറപ്പും സന്തോഷവും അരക്കെട്ടുറപ്പിക്കുന്നതിനോടൊപ്പം തന്നെ ഈ സമയങ്ങളില്‍ വളരെയധികം പരിഗണനയര്‍ഹിക്കുന്ന ഒന്നാണ് കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം. രാത്രി ഏറെ വൈകിയുള്ള ഉറക്കവും പതിവില്‍ കവിഞ്ഞുള്ള മധുരം കഴിക്കലും, ദീര്‍ഘനേരമുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും കുട്ടികളുടെ ആരോഗ്യത്തെ തകരാളിലാക്കുന്നത് ചില്ലറയൊന്നുമല്ല. ഇത് പതിയെ ഉറക്കമില്ലായ്മയിലേക്കും പ്രതിരോധശേഷി ദുര്‍ബലമാക്കുന്നതിലേക്കും കുഞ്ഞുങ്ങളെ കൊണ്ടെത്തിക്കും. കുട്ടികളുടെ പെരുമാറ്റരീതിയിലും വികാരങ്ങള്‍ പാകപ്പെടുത്തിയെടുക്കുന്ന പ്രക്രിയയിലും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ശിശുരോഗ വിദഗ്ദര്‍ വ്യക്തമാക്കുന്നുണ്ട്.

Advertising
Advertising

മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമായി, കുഞ്ഞുങ്ങളുടെ തലച്ചോറും ശരീരവും അനുനിമിഷം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ക്രമേണയായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇവരുടെ ജീവിതശൈലിയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ പ്രതികൂലഫലമാണുണ്ടാക്കുക. ഉറക്കത്തിലും ഭക്ഷണകാര്യങ്ങളിലുമായി കുട്ടികള്‍ പരിചയിച്ചുവരുന്ന ശീലങ്ങളിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും അവരുടെ ഏകാഗ്രത, വികാരങ്ങള്‍, പ്രതിരോധ ശേഷി തുടങ്ങിയവയെ കാര്യമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടികളുടെ പതിവ് ദിനചര്യ, പരിമിതമായ സ്‌ക്രീന്‍ടൈം എന്നിവ വളര്‍ച്ചയുടെ ഘട്ടത്തില്‍ നിര്‍ണായകമാണെന്ന് ലോകാരോഗ്യ സംഘടനയും യുണിസെഫും നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.

എങ്കിലും, കുട്ടികളോട് നാം കാണിച്ചുവരുന്ന കരുതലും ശ്രദ്ധയും ക്രിസ്മസ് കാലയളവില്‍ കൈമോശം വന്നുപോകാനുള്ള സാധ്യതയേറെയാണ്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ക്ക് പകരം മധുരപലഹാരങ്ങള്‍, ഓടിച്ചാടിയുള്ള കളികള്‍ക്ക് പകരം ടാബ് ലറ്റ് ഗെയിംസ്, കാലംതെറ്റിയ ഉറക്കം എന്നിങ്ങനെ നീണ്ടുകിടക്കുന്നു അവധിക്കാലത്തെ കുട്ടികളുടെ ശീലങ്ങള്‍. വല്ലപ്പോഴും ഇതൊക്കെ അനുഭവിക്കുന്നതും ആസ്വദിക്കുന്നതുമൊന്നും അത്ര ദോഷകരമല്ലെന്നാലും ദിവസങ്ങളും ആഴ്ചകളുമായി ഈ ശീലങ്ങള്‍ വരിഞ്ഞുമുറുക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. കാരണമില്ലാതെയുള്ള ക്ഷീണം, അസ്വസ്ഥത തുടങ്ങിയ രോഗലക്ഷണങ്ങള്‍ ജീവിതത്തില്‍ വിടാതെ പിടികൂടും. ഉത്സവങ്ങളും ആരവങ്ങളും ജീവിതത്തില്‍ നിരന്തരമായി കടന്നുവെന്നാലും കുട്ടികളുടെ നല്ല ശീലങ്ങളെ നിലനിര്‍ത്താന്‍ കഴിയുകയാണെങ്കില്‍ ആരോഗ്യകരമായ അവധിക്കാലങ്ങൾ ആഘോഷിക്കാമെന്ന് ചുരുക്കം.

ഉറക്കം വില്ലനാകുന്നതെങ്ങനെ?

കുട്ടികളുടെ ആരോഗ്യത്തിന്റെ അടിത്തറയാണ് ഉറക്കം. കുട്ടികള്‍ ദിവസത്തില്‍ 9 മുതല്‍ 13 വര്‍ഷം വരെ ഉറങ്ങണമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹെല്‍ത്ത് അമേരിക്കയുടെ പഠനങ്ങള്‍ പറയുന്നത്. വിരുന്നുകാരുമൊത്ത് കളിച്ചുല്ലസിക്കുന്ന അവധിദിനങ്ങളില്‍ പലപ്പോഴും ഇത് സാധ്യമാകാറില്ലെന്നതാണ് മിക്കവരുടെയും ജീവിതത്തിലെ വസ്തുത. ഉറക്കമിളക്കുന്നത് മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുക. ഉറക്കത്തിന്റെ സമയം കുറയുന്നതിലൂടെ ഓര്‍മക്കുറവ്, വൈകാരിക പ്രക്ഷുബ്ധത, പ്രതിരോധ ശേഷിക്കുറവ് എന്നിങ്ങനെയുള്ള അവസ്ഥയിലേക്ക് കുട്ടികളെ കൊണ്ടെത്തിക്കും.

അമിതമായ മധുരപലഹാരങ്ങള്‍

ചോക്ലേറ്റ്, കേക്ക് തുടങ്ങിയ മധുരപലഹാരങ്ങളോട് നോ പറയാന്‍ പ്രയാസമാണ് അവധിക്കാലത്ത്. എന്നിരുന്നാലും, അമിതമായ മധുരം കുട്ടികളുടെ ആരോഗ്യത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഗബാധിതനാക്കാനുള്ള സാധ്യതയേറെയാണ്.

മധുരം അമിതമായി കഴിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് ലെവല്‍ താളംതെറ്റല്‍, മൂഡ് സ്വിങ്, അമിതമായ വിശപ്പ് അനുഭവപ്പെടല്‍ എന്നിവയിലേക്ക് നയിക്കും. കൂടാതെ, ചെറുപ്രായത്തിലേ പൊണ്ണത്തടി, ദന്തക്ഷയം എന്നിവയിലേക്ക് കൊണ്ടെത്തിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ നടത്തിയ പഠനം പറയുന്നു.

ഉത്സവകാലത്തെ മധുരപ്രേമം അധികമായാല്‍

  • പെട്ടെന്ന് ക്ഷീണിതനാകുന്നു
  • പോഷകാഹാരങ്ങളോട് താല്‍പ്പര്യം കുറയുന്നു
  • ദന്തക്ഷയത്തിന് കാരണമാകും
  • രക്തസമ്മര്‍ദം ക്രമരഹിതമാകുന്നതോടെ ഉറക്കമില്ലായ്മ

ചില മധുരപലഹാരങ്ങള്‍ക്ക് പകരമായി ഫ്രൂട്ട്സ് അടങ്ങിയ പലഹാരങ്ങള്‍ പരിഗണിക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാം.

അവധിക്കാലത്തില്‍ രസംകൊല്ലിയാകുന്ന സ്‌ക്രീന്‍ടൈം

മുന്‍പെങ്ങുമില്ലാത്തത്രയും സ്‌ക്രീന്‍ടൈം വര്‍ധിക്കുന്ന സമയമാണ് അവധിക്കാലത്തെ ദിനരാത്രങ്ങള്‍. ടെലിവിഷന്‍, സ്മാര്‍ട്ട്ഫോണ്‍, ഗെയിമിങ് തുടങ്ങിയവയില്‍ കൂടുതല്‍ സമയം തളച്ചിടുന്നവരാണ് മിക്കവാറും കുട്ടികളും. എന്നാല്‍, അനിയന്ത്രിതമായ സ്‌ക്രീന്‍ടൈം കുട്ടികളുടെ ആരോഗ്യത്തെയും മാനസികനിലയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

എന്‍ഐഎച്ച് പ്രസിദ്ധീകരിച്ച പഠനം പ്രകാരം സ്‌ക്രീന്‍ടൈം വരുത്തിവെക്കുന്ന പ്രശ്നങ്ങള്‍

  • ഉറക്കമില്ലായ്മ
  • ഉത്കണ്ഠയും അസ്വസ്ഥതയും
  • ശാരീരിക പ്രവര്‍ത്തനങ്ങളോട് താല്‍പ്പര്യക്കുറവ്
  • ആശയവിനിമയത്തിലുള്ള വെല്ലുവിളികള്‍

ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഫോണ്‍ വാങ്ങിവെക്കുന്നതുപോലുള്ള ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ ഇത് പരിഹരിക്കാനാകും.

ഉറക്കവും സ്‌ക്രീന്‍ടൈമും പ്രതിരോധശേഷിയെ എങ്ങനെ ബാധിക്കുന്നു?

ഉത്സവസീസണില്‍ കുട്ടികളില്‍ കയറിക്കൂടുന്ന പുതിയ ശീലങ്ങളില്‍ പലതും അവധിക്കാലം കഴിഞ്ഞാലും അവസാനിപ്പിക്കാന്‍ പ്രയാസമുള്ളതായിരിക്കും. മധുരം കൂടുതലായി കഴിക്കുന്നത് വെളുത്ത രക്താണുക്കളുടെ പ്രവര്‍ത്തനങ്ങളെ താല്‍ക്കാലികമായി നിശ്ചലമാക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനകളുടെ പുതിയ റിപ്പോര്‍ട്ടുകള്‍.

അവധിദിനങ്ങളില്‍ കുട്ടികളുടെ ആരോഗ്യത്തിനായി രക്ഷിതാക്കള്‍ക്ക് ചെയ്യാനാകുന്നത്

  • ഉറങ്ങാനും ഉണരാനും സാധാരണയില്‍ നിന്ന് ഒരു മണിക്കൂര്‍ കൂടുതലെടുക്കുക
  • മധുരത്തിന്റെ തീവ്രത കുറയ്ക്കുന്നതിനായി ഇടയ്ക്കിടെ വെള്ളം കുടിക്കുക
  • ദിവസത്തില്‍ ഒരു നേരമെങ്കിലും ഭക്ഷണം പതിവാക്കുക
  • ഉറങ്ങുന്നതിന് മുന്‍പ് സ്‌ക്രീന്‍ടൈം കുറയ്ക്കുക
  • വീട്ടിന് പുറത്തിറങ്ങിയുള്ള കളികളെയും വ്യായാമങ്ങളെയും പ്രോത്സാഹിപ്പിക്കുക
Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News