ഒരുദിവസം എത്ര കപ്പ് ചായ കുടിക്കാം...?;നൂട്രീഷ്യനിസ്റ്റ് പറയുന്നത് ഇങ്ങനെ
ചായക്കൊപ്പം എന്ത് കഴിക്കുന്നു എന്നതും പ്രധാനമാണ്
ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയങ്ങളിൽ ഒന്നാണ് ചായ. ചായ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ,ക്ഷീണം തോന്നുമ്പോൾ, അതെല്ലെങ്കിൽ ബോറടിക്കുമ്പോൾ,യാത്ര പോകുമ്പോൾ,വൈകുന്നേരങ്ങളിൽ...അങ്ങനെ ചായ കുടിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടാകും. എന്നാൽ വെള്ളം കുടിക്കുന്ന പോലെ ചായ കുടിക്കുന്നവരുമുണ്ട്. ഒരു ചായ അമിതമായി കുടിക്കുന്നത് ദോഷകരമാണ്. ഒരു ദിവസം എത്ര ചായകുടിക്കാമെന്നതിനെക്കുറിച്ച് സെലിബ്രിറ്റി നൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ പറയുന്നത് ഇങ്ങനെയാണ്.
ദിവസേന മൂന്നോ നാലോ കപ്പിലധികം ചായ കുടിക്കുന്നവർ തീർച്ചയായും ഒരു പുനർവിചിന്തനം നടത്തണമെന്ന് റുജുത ദിവേക്കർ പറയുന്നു. ഒരുദിവസം രണ്ടോ മൂന്നോ കപ്പോ ചായ കുടിക്കുന്നതാണ് എപ്പോഴും ഉത്തമം. .അതിൽ കൂടുതൽ അളവിൽ ചായ കുടിക്കുന്നത് നിങ്ങളുടെ ശരീത്തിന് ദോഷം ചെയ്യും. ഇതിന് പുറമെ വൈകിട്ട് നാലുമണിക്ക് ശേഷം ചായ കുടിക്കുന്നത് ഒഴിവാക്കണമെന്നും നൂട്രീഷ്യനിസ്റ്റ് പറയുന്നു. വൈകി ചായ കുടിക്കുന്നവരുടെ ഉറക്കം തടസ്സപ്പെടാൻ സാധ്യതയുണ്ട്.
ചായക്കൊപ്പം എന്ത് കഴിക്കുന്നു എന്നതും പ്രധാനമാണ്. പലരും ബിസ്‌കറ്റ്,റസ്‌കുമാണ് ചായക്കൊപ്പം കഴിക്കാറ്.ഇത് അമിതമാകുന്നതും ശരീരത്തിന് ദോഷമാണ്. എണ്ണയിൽ വറുത്തെടുത്ത ലഘു കടികൾ തുടങ്ങിയവാണ് ചായക്കൊപ്പം കഴിക്കാൻ തെരഞ്ഞെടുക്കാറുള്ളത്.എന്നാൽ ഇത്തരം ലഘുഭക്ഷണങ്ങളിൽ കൊളസ്‌ട്രോൾ കൂടുതലും പോഷകങ്ങൾ കുറവുമാണ്. ചായക്കൊപ്പം കടല വേവിച്ചത്,അവിൽ വിളയിച്ചത്,അരിയുണ്ട തുടങ്ങിയ നാടൻ പലഹാരങ്ങൾ കഴിക്കുന്നതാണ് നല്ലത്.
ചായ അമിതമായാൽ
ചായയിലടങ്ങിയ കഫീൻ നിർജലീകരണത്തിന് കാരണമാകും. കൂടാതെ നെഞ്ചെരിച്ചിലിന് കാരണമാകും.ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവുള്ളവരിൽ ചായ അമിതമായി കുടിക്കുന്ന അവസ്ഥ കൂടുതൽ വഷളാക്കിയേക്കാം. ഇതിന് പുറമെ അമിതമായ ചായ കുടിക്കുന്നത് ഉറക്കമില്ലായ്മക്കും തലവേദനക്കും കാരണമാകുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. എങ്കിലും ചായ കുടിക്കുന്നത് അമിതമാണെന്ന് തോന്നുകയാണെങ്കിൽ ഡോക്ടറെ സമീപിച്ച് ഉപദേശങ്ങൾ സ്വീകരിക്കുന്നതാണ് ഉത്തമം.