കുളിക്കാനുപയോഗിക്കുന്ന ടവ്വലുകൾ,അല്ലെങ്കിൽ തോർത്തുകൾ നിങ്ങൾ എത്ര ദിവസം കൂടുമ്പോഴാണ് അലക്കാറുള്ളത്..?വൃത്തിയുള്ള ചർമ്മത്തിൽ ഉപയോഗിക്കുന്നതിനാൽ ഇടക്കിടക്ക് അലക്കേണ്ടതില്ലെന്ന് പലരും കരുതുന്നു. എന്നാൽ ഈ ധാരണ തെറ്റാണ്.ചിലർ ദിവസവും കുളിച്ച് കഴിഞ്ഞാല്‍ തോർത്ത് അലക്കാറുണ്ട്. ചിലരാകട്ടെ ആഴ്ചയിലൊരിക്കലും,മറ്റു ചിലർ മാസത്തിലൊരിക്കലുമാണ് അലക്കുക.
മൊത്തത്തിലുള്ള ആരോഗ്യത്തിന് ദൈനംദിന ശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ കുളിക്കാനുപയോഗിച്ച തോർത്തിന്റെ ശുചിത്വം പലപ്പോഴും അവഗണിക്കപ്പെടാറുണ്ട്.ജേണൽ ഓഫ് ക്ലിനിക്കൽ മൈക്രോബയോളജിയിലെ ഒരു പഠനത്തിൽ പറയുന്നത് നനഞ്ഞ ടവലുകളിലെ ബാക്ടീരിയകൾ വെറും 20 മിനിറ്റിനുള്ളിൽ ഇരട്ടിയാകുമെന്നാണ്. വൃത്തിഹീനമായ സാഹചര്യങ്ങൾ ബാക്ടീരിയകള്‍ പെരുകുന്നതിന്‍റെ വ്യാപ്തി കൂടുമെന്നും പഠനം പറയുന്നു.
ടവലുകളിൽ നമ്മുടെ ചർമ്മകോശങ്ങൾ, എണ്ണകൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ അടിഞ്ഞിരിക്കും. എന്നാൽ ശരിക്കും തോർത്ത് എത്രദിവസം കൂടിയാണ് അലക്കേണ്ടത് എന്നതിനെക്കുറിച്ച് ആരോഗ്യവിദഗ്ധർ പറയുന്നത് ഇങ്ങനെയാണ്...
തോർത്തുകൾ സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രങ്ങളാണ്.ഓരോ ഉപയോഗശേഷവും അവയിൽ മൃതകോശങ്ങൾ,എണ്ണ,ലോഷനുകൾ,ക്രീമുകൾ എന്നിവയെല്ലാം അടിഞ്ഞുകൂടും.ഇവ ബാക്ടീരിയ,ഫംഗസ് എന്നിവയുടെ വളർച്ചക്ക് അനുയോജ്യമായ അന്തരീക്ഷമുണ്ടാക്കാം. രണ്ടോ മൂന്നോ തവണ ഉപയോഗിച്ചതിന് ശേഷം ടവലുകളിൽ ദോഷകരമായ ബാക്ടീരിയകൾ വളരുമെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ മൈക്രോബയോളജിസ്റ്റും പ്രൊഫസറുമായ ഫിലിപ്പ് ടിയേർണോ പറയുന്നു. മാസങ്ങളോളം തോർത്ത് അലക്കാതിരിക്കുകയും ഇവ വീണ്ടും വീണ്ടും ഉപയോഗിക്കുകയും ചെയ്യുന്നത് ചർമ്മത്തിൽ തിണർപ്പ്,അലർജി,ചൊറിച്ചിൽ,അണുബാധ എന്നിവക്ക് കാരണമാകും. സെൻസിറ്റീവ് ചർമ്മം, മുഖക്കുരു അല്ലെങ്കിൽ അലർജികൾ ഉള്ള ആളുകൾ കൂടുതലായി ശ്രദ്ധിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എത്രതവണ അലക്കണം.?
മൂന്ന് നാല് തവണ ഉപയോഗിച്ച ശേഷം ബാത് ടവലുകൾ കഴുകണം. കൈ തുടക്കാൻ ഉപയോഗിക്കുന്ന ടവലുകൾ ഒന്നോ രണ്ടോ ദിവസം കൂടുമ്പോഴും ഫേസ് ടവലുകൾ ദിവസേനയും അലക്കണം. ജിമ്മിൽ പോകുന്നവർ അവർ ഉപയോഗിക്കുന്ന ടവലുകൾ ഓരോ ഉപയോഗത്തിന് ശേഷവും അലക്കണം. ഈർപ്പം നിറഞ്ഞ ഇടങ്ങളിലാണ് ബാക്ടീരിയകളും ഫംഗസുകളും വേഗത്തിൽ വളരുന്നത്. അതുകൊണ്ട് ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണ്.
ടവലുകൾ ഇടക്കിടക്ക് അലക്കിയാൽ മാത്രം പോര..ഇക്കാര്യങ്ങളും ശ്രദ്ധിക്കണം...
നന്നായി ഉണക്കുക
ഉപയോഗം കഴിഞ്ഞ ശേഷം ടവലുകൾ നന്നായി ഉണക്കുക. വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ ടവലുകൾ തൂക്കിയിടുക.കുളിമുറിയിൽ ഈർപ്പം കൂടുതലാണെങ്കിൽ പുറത്ത് വായു സഞ്ചാരമുള്ള സ്ഥലത്ത് ഉണക്കാനായി ശ്രമിക്കാം...
തിളച്ച വെള്ളത്തില്‍ അലക്കാം
തോർത്തുകൾ തിളച്ച വെള്ളത്തിൽ അലക്കുന്നത് അതിൽ അടിഞ്ഞുകൂടിയ ബാക്ടീരിയകളെയും ഫംഗസുകളെയും വൈറസുകളെയും ഇല്ലാതാക്കാൻ സഹായിക്കും..
ഇടക്കിടക്ക് മാറ്റാം
ശരിയായി അലക്കി,ഉണക്കി വൃത്തിയാക്കി കൊണ്ടുനടന്നാലും കാലക്രമേണ അതിന്റെ ഗുണനിലവാരം നഷ്ടമാകും. അതുകൊണ്ട് ടവലുകൾ ഇടക്ക് മാറ്റുന്നത് നല്ലതാണ്.
മറ്റൊരാളുമായി പങ്കുവെക്കരുത്
ടവലുകൾ മറ്റൊരാളുമായി പങ്കുവെക്കുന്നത് അണുബാധക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഓരോരുത്തർക്കും,അത് കുട്ടികൾക്കും മുതിർന്നവർക്കും സ്വന്തമായി ടവലുകൾ ഉണ്ടായിരിക്കണം.
ടവല്‍ വൃത്തിയായി സൂക്ഷിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുക മാത്രമല്ല, വ്യക്തികൾക്കും കുടുംബങ്ങൾക്കും വൃത്തിയുള്ളതും സുരക്ഷിതവുമായ ജീവിത അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സഹായിക്കും.