മുഖത്തെ കൊഴുപ്പ് കുറയ്ക്കാൻ പ്രത്യേക വ്യായാമങ്ങൾ വേണ്ട; ഈ ശീലങ്ങൾ മാറ്റിയാൽ മതിയാകും

മുഖത്തിന്റെ ഘടന നിർണയിക്കുന്നതിൽ പാരമ്പര്യം, പ്രായം, ചർമത്തിന്റെ ഇലാസ്തികത എന്നിവയ്ക്ക് പങ്കുണ്ട്

Update: 2026-10-06 11:26 GMT

ശരീരഭാരം കുറയ്ക്കുമ്പോൾ നമ്മുടെ ശരീരത്തിൽ പല മാറ്റങ്ങളും പ്രകടമാകാറുണ്ട്. എന്നാൽ, മറ്റുള്ളവർ ഏറ്റവും വേഗത്തിൽ ശ്രദ്ധിക്കുന്നത് മുഖത്തുണ്ടാകുന്ന മാറ്റങ്ങളാണ്. അടുത്തിടെ മാനേജ്‌മെന്റ് കൺസൾട്ടന്റായ ആയുഷ് ജോഷി തന്റെ വെയിറ്റ് ലോസ് യാത്ര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് അദ്ദേഹത്തിന്റെ മുഖത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചായിരുന്നു. 30 കിലോ കുറച്ചപ്പോൾ ശരീരത്തിലുണ്ടായ മാറ്റങ്ങളെക്കാൾ മുഖത്തെ കൊഴുപ്പ് കുറയുകയും താടിയെല്ല് കൂടുതൽ വ്യക്തമാവുകയും ചെയ്തതാണ് എല്ലാവരും ശ്രദ്ധിച്ചത്.

Advertising
Advertising

"മുഖത്തെ മാറ്റങ്ങളെക്കുറിച്ചാണ് എല്ലാവരും സംസാരിച്ചത്. എന്നാൽ പുറമെ കാണുന്ന ഈ മാറ്റങ്ങൾക്കപ്പുറം ആത്മവിശ്വാസം, മികച്ച മാനസികാരോഗ്യം, എന്നോടുള്ള തന്നെ സ്നേഹം എന്നിവയും എനിക്ക് ലഭിച്ചു; അതെനിക്ക് മാത്രമേ മനസ്സിലാകൂ," അദ്ദേഹം കുറിച്ചു.

മുഖത്തെ കൊഴുപ്പും ഡബിൾ ചിന്നും കുറയ്ക്കുക എന്നത് പലരുടെയും ആഗ്രഹമാണ്. മുഖത്തിന്റെ ഘടന നിർണയിക്കുന്നതിൽ പാരമ്പര്യം, പ്രായം, ചർമത്തിന്റെ ഇലാസ്തികത എന്നിവയ്ക്ക് പങ്കുണ്ട്. എന്നാൽ ശരീരത്തിന്റെ ഒരു ഭാഗത്തെ മാത്രം കൊഴുപ്പ് കുറയ്ക്കുക എന്നത് അസാധ്യമാണ്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കുമ്പോൾ മുഖത്തെ കൊഴുപ്പും സ്വാഭാവികമായി കുറഞ്ഞോളും. ഇതിനായി ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ താഴെ പറയുന്നവയാണ്:

1. ശരീരഭാരം പടിപടിയായി കുറയ്ക്കുക

മുഖത്തെ കൊഴുപ്പും ഡബിൾ ചിന്നും കുറയ്ക്കാൻ ഏറ്റവും മികച്ച മാർ​ഗം ആരോഗ്യകരമായി ശരീരഭാരം മൊത്തത്തിൽ കുറയ്ക്കുക എന്നതാണ്. മുഖത്തെ മാത്രം കൊഴുപ്പ് കളയാൻ പ്രത്യേക വ്യായാമങ്ങളില്ല. പെട്ടെന്ന് വണ്ണം കുറയ്ക്കാനുള്ള ക്രാഷ് ഡയറ്റുകൾ ഒഴിവാക്കി, പടിപടിയായി മാത്രം ഭാരം കുറയ്ക്കാൻ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം അത് പേശികൾ നഷ്ടപ്പെടാനും പോഷകക്കുറവിനും കാരണമാകും.

2. പോഷകസമൃദ്ധമായ ഭക്ഷണക്രമം

ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ഡയറ്റ് വളരെ പ്രധാനമാണ്. പച്ചക്കറികൾ, പഴങ്ങൾ, മുഴുവൻ ധാന്യങ്ങൾ, മുട്ട, മത്സ്യം തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഡയറ്റിൽ ഉൾപ്പെടുത്തുക. ഫൈബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ പെട്ടെന്ന് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ, ഉയർന്ന കാലറിയുള്ള സ്നാക്സുകൾ എന്നിവ പൂർണമായും ഒഴിവാക്കുക.

3. പതിവായുള്ള വ്യായാമം

ശരീരത്തിലെ അധിക കാലറി എരിച്ചുകളയാൻ വ്യായാമം അത്യാവശ്യമാണ്. വേഗത്തിലുള്ള നടത്തം, സൈക്ലിങ്, നീന്തൽ, നൃത്തം തുടങ്ങിയ കാർഡിയോ വ്യായാമങ്ങൾ ശീലമാക്കുക. മുതിർന്ന ഒരാൾ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും ഇത്തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യണമെന്നാണ് വിദഗ്ധർ നിർദേശിക്കുന്നത്.

4. സ്ട്രെങ്ത് ട്രെയിനിങ്

ശരീരഭാരം കുറയ്ക്കുമ്പോൾ പേശികൾ നഷ്ടപ്പെടാതിരിക്കാൻ സ്ട്രെങ്ത് ട്രെയിനിങ് സഹായിക്കും. സ്ക്വാട്സ്, പുഷ്-അപ്പുകൾ തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നത് ശരീരത്തിന് കരുത്ത് നൽകും. വണ്ണം കുറയ്ക്കുമ്പോൾ പേശികളുടെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്.

5. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക

അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിൽ വെള്ളം കെട്ടിനിൽക്കാൻ കാരണമാകും. ഇത് മുഖത്ത് നീര് വരാനും മുഖം വീർത്തിരിക്കാനും ഇടയാക്കും. പലപ്പോഴും മുഖത്തെ കൊഴുപ്പാണെന്ന് നമ്മൾ തെറ്റിദ്ധരിക്കുന്നത് ഈ നീരിനെയാണ്. ഉപ്പിലിട്ടവ, പാക്കറ്റ് സ്നാക്സുകൾ, പ്രോസസ് ചെയ്ത ഇറച്ചി, ഇൻസ്റ്റന്റ് നൂഡിൽസ് തുടങ്ങിയവ ഒഴിവാക്കുക.

6. ധാരാളം വെള്ളം കുടിക്കുക

ശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമാക്കാൻ വെള്ളം അത്യാവശ്യമാണ്. നിർജലീകരണം കാരണമുണ്ടാകുന്ന മുഖത്തെ നീർവീക്കം തടയാൻ ഇത് സഹായിക്കും. അമിതമായി കാലറി അടങ്ങിയ മധുരപാനീയങ്ങൾക്ക് പകരം എപ്പോഴും വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. എന്നാൽ അമിതമായി വെള്ളം കുടിച്ചത് കൊണ്ട് മാത്രം മുഖത്തെ കൊഴുപ്പ് ഇല്ലാതാകില്ലെന്നും ഓർക്കുക.

7. കൃത്യമായ ഉറക്കം

ഉറക്കക്കുറവ് വിശപ്പ് വർധിപ്പിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യും. മാത്രമല്ല, ഉറക്കം ശരിയായില്ലെങ്കിൽ മുഖത്ത് അനാവശ്യമായ നീര് വരാനും സാധ്യതയുണ്ട്. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ സുഖകരമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതും ഒഴിവാക്കുക.

(ഈ ലേഖനം പൊതുവായ വിവരങ്ങൾ നൽകാൻ മാത്രമുള്ളതാണ്. പുതിയ ഡയറ്റുകളോ വ്യായാമങ്ങളോ ആരംഭിക്കുന്നതിന് മുമ്പ് എപ്പോഴും ഒരു ഡോക്ടറുടെയോ ഫിറ്റ്നസ് വിദഗ്ധന്റെയോ ഉപദേശം തേടുക)

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - ഹെൽത്ത് ഡെസ്ക്

contributor

Similar News