നിങ്ങളുടെ പ്രിയപ്പെട്ട ബിസ്‌കറ്റിലെ ക്രീം ശരിക്കും പാലിൽ നിന്നാണോ? ആ 'Cream' അല്ല ബിസ്‌കറ്റ് പാക്കറ്റുകളിൽ എഴുതിയ 'Creme'

ക്രീം നിറഞ്ഞ ബിസ്‌കറ്റുകളുടെ മധ്യഭാഗം ആദ്യം രുചിക്കുകയും ചായയിലും പാലിലും മുക്കി കഴിക്കുകയും ചെയ്യാത്തവർ കുറവായിരിക്കും. എന്നാൽ ആ മധുരമുള്ള ഫില്ലിങ് എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Update: 2025-10-24 15:04 GMT

കുട്ടിക്കാലത്ത് ഭൂരിഭാഗം ആളുകളുടെയും പ്രിയപ്പെട്ട പലഹാരമാണ് ക്രീം ബിസ്‌കറ്റുകൾ. രണ്ട് പാളികൾക്കിടയിൽ ക്രീം നിറഞ്ഞ ബിസ്‌കറ്റുകളുടെ മധ്യഭാഗം ആദ്യം രുചിക്കുകയും ചായയിലും പാലിലും മുക്കി കഴിക്കുകയും ചെയ്യാത്തവർ കുറവായിരിക്കും. എന്നാൽ ആ മധുരമുള്ള ഫില്ലിങ് എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പാലിൽ നിന്നാണ് ഈ ക്രീം നിർമിച്ചത് എന്ന് വിശ്വസിച്ചാണ് നമ്മിൽ പലരും വളർന്നത്. എന്നാൽ സത്യം നമ്മെ അമ്പരപ്പിച്ചേക്കാം.

എന്നാൽ ജനപ്രിയ ക്രീം ബിസ്‌കറ്റുകളിലെ ക്രീമുകൾക്ക് പാലുമായോ പാലുത്പന്നങ്ങളുമായോ ഒരു ബന്ധവുമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ബിസ്‌കറ്റ് കമ്പനികൾ അവരുടെ ഉത്പന്നത്തിന്റെ രുചിയുടെ രഹസ്യം പലപ്പോഴും വെളിപ്പെടുത്താറില്ല. എന്നാൽ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാധനങ്ങളുടെ പേരുകൾ പാക്കറ്റിൽ ചെറുതായി കൊടുക്കാറുണ്ട്. പഞ്ചസാര, പാമോയിൽ, സോയ ലെസിതിൻ, ഫ്രാക്ടോസ് കോൺ സിറപ്പ്, കൃത്രിമ ഫ്‌ളേവറുകൾ തുടങ്ങിയ ചേരുവകൾ അവിടെ കൊടുത്തിട്ടുണ്ടാവും.

Advertising
Advertising

പാൽ ക്രീമിന്റെ രുചിയും ഭാവവും ലഭിക്കാൻ ചതച്ച സസ്യ എണ്ണകളുടെയും പഞ്ചസാരയുടെയും മിശ്രിതമാണ് ഉപയോഗിക്കുന്നത്. ഇതിൽ യഥാർഥ പാലോ ക്രീമോ അടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ബിസ്‌കറ്റ് പാക്കറ്റുകളിൽ 'Creame' എന്നതിന് പകരം 'Creme' എന്നാണ് എഴുതുന്നത്.

Creame Vs Creme

ഈ രണ്ട് വാക്കുകൾ തമ്മിലുള്ള വ്യത്യാസം സ്‌റ്റൈലിൽ മാത്രമല്ല. യുഎസ് കോഡ് ഓഫ് ഫെഡറൽ റെഗുലേഷൻ പ്രകാരം Creame എന്നാൽ കുറഞ്ഞത് 18 ശതമാനമെങ്കിലും പാലിൽ നിന്ന് ലഭിക്കുന്ന ഉത്പന്നമായിരിക്കണം. എന്നാൽ മിക്ക ബിസ്‌കറ്റുകളുടെയും ഉള്ളിൽ അടങ്ങിയിരിക്കുന്നത് ആ നിർവചനത്തിന് യോഗ്യമല്ല. ഹൈഡ്രജനേറ്റഡ് സസ്യ എണ്ണകൾ, പഞ്ചസാര, ഫ്‌ളേവറുകൾ എന്നിവയുടെ മിശ്രിതമാണ് ബിസ്‌കറ്റുകളിൽ കാണുന്നത്. പാലുത്പന്നങ്ങൾ ഉപയോഗിക്കാതെ ക്രീമിന്റെ രുചി നൽകാനാണ് ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ഭൂരിഭാഗം കമ്പനികളും 'Creame- Filled' എന്നതിന് പകരം Creme- filled എന്ന് എഴുതിയിരിക്കുന്നത്. ഭൂരിഭാഗം ആളുകളും ശ്രദ്ധിക്കാത്ത കാര്യമാണിത്.

പഞ്ചസാരയും വിത്ത് എണ്ണയും ഈ ഫില്ലിങ്ങുകളിൽ ചേർക്കുന്നത് ആസക്തി വർധിപ്പിക്കാൻ കാരണമാകുമെന്ന് ആരോഗ്യവിദഗ്ധനായ ഡോ. പോസലാഡിനോ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. 2013ലെ ഒരു പഠനത്തിൽ ഈ ചേരുവകളുടെ മിശ്രിതം കൊക്കെയ്ൻ, മോർഫിൻ പോലുള്ള മരുന്നുകളോട് സാമ്യമുള്ളതും ചില സന്ദർഭങ്ങളിൽ അതിലും ശക്തവുമായ രീതിയിൽ എലികളുടെ തലച്ചോറിൽ സന്തോഷ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News