ആപ്പിൾ തൊലി കളഞ്ഞതും കളയാത്തതും; ഏതാണ് ആരോഗ്യത്തിന് നല്ലത് ?

ആപ്പിളിന് കൂടുതൽ തിളക്കവും പുതുമയും ലഭിക്കാനായി വ്യാപാരികൾ കീടനാശികളോ,മെഴുകുകളോ പ്രയോഗിക്കാറുണ്ട്

Update: 2024-02-13 15:11 GMT
Editor : Lissy P | By : Web Desk
Advertising

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പഴമാണ് ആപ്പിൾ. ആപ്പിൾ തൊലി കളഞ്ഞും കളയാതെയും കഴിക്കുന്നവരുണ്ട്. അപ്പോൾ ഉയരുന്ന ചോദ്യം, തൊലി കളഞ്ഞ ആപ്പിളിനാണോ, തൊലി കളയാതെ കഴിക്കുന്ന ആപ്പിളിനാണോ കൂടുതൽ ആരോഗ്യ ഗുണം എന്നതാണ്... ശരിയായി കഴുകി, തൊലി കളയാത്ത ആപ്പിൾ കഴിക്കുന്നതാണ് കൂടുതൽ ഗുണകരമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

ആപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ സിയുടെ ഗണ്യമായ ഒരുഭാഗം തൊലിയുടെ അടിയിലാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ തൊലി നീക്കം ചെയ്യുന്നത് പോഷകമൂല്യം നഷ്ടപ്പെടാൻ ഇടയാക്കും. ഓക്സിഡേറ്റീവ് സ്‌ട്രെസിനെ ചെറുക്കുന്നതിനും വിട്ടുമാറാത്ത രോഗങ്ങൾ തടയുന്നതിനും സഹായിക്കുന്ന മറ്റ് നിരവധി പോഷകങ്ങളും ആന്റിഓക്സിഡന്റുകളും തൊലിയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ആപ്പിളിന് കൂടുതൽ തിളക്കവും പുതുമയും ലഭിക്കാനായി വ്യാപാരികൾ കീടനാശികളോ,മെഴുകുകളോ പ്രയോഗിക്കാറുണ്ട്. ഇത് ശരീരത്തിലെത്തുന്നത് ഗുരുതര രോഗങ്ങൾക്ക് കാരണമാകും.അതുകൊണ്ട് നന്നായി കഴുകിയ ശേഷം മാത്രമേ തൊലി കളയാതെ ആപ്പിൾ കഴിക്കാവൂവെന്ന് ന്യൂട്രീഷ്യനായ ഡോ. ഉഷാകിരൺ സിസോദിയ പറയുന്നു.

നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ നല്ല ഉറവിടമാണ് തൊലി കളയാത്ത ആപ്പിളെന്ന് പോഷകാഹാര വിദഗ്ധയായ ഡോ.നിരുപമ റാവുവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ''ഭൂരിഭാഗം നാരുകളും പോഷകങ്ങളും ആപ്പിളിന്റെ തൊലിയിലാണ് അടങ്ങിയിട്ടുള്ളത്. തൊലി കളയാത്ത ആപ്പിൾ ആരോഗ്യകരമായ ലഘുഭക്ഷണമായി കഴിക്കാമെന്നും ഡോക്ടർ വ്യക്തമാക്കുന്നു.

എന്നാൽ തൊലി കളഞ്ഞ ആപ്പിൾ കഴിച്ചെന്ന് വെച്ച് പോഷക ഗുണങ്ങൾ നഷ്ടമാകില്ല. തൊലി ഇഷ്ടമില്ലാത്തവർക്ക് തൊലി കളഞ്ഞ ആപ്പിൾ മിതമായ അളവിൽ കഴിക്കാം.. ഒന്നോ രണ്ടോ ആപ്പിൾ ദിവസവും കഴിക്കാമെന്നും വിദഗ്ധർ ശിപാർശ ചെയ്യുന്നു.എന്നാൽ ഇതിനോടൊപ്പം മറ്റ് പച്ചക്കറികളും പഴങ്ങളും കൂടി കഴിക്കണമെന്ന് മാത്രം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News