സൗന്ദര്യം കൂട്ടുക മാത്രമല്ല, മിക്സിയിൽ കൈകുടുങ്ങിയാൽ പോലും ആവശ്യമായ പ്ലാസ്റ്റിക് സർജറി

ശരീരത്തിലെ എല്ലുകൾ ഒഴിച്ചുള്ള ഭാഗങ്ങളെ പുനർനിർമിക്കുന്നതിലാണ് പ്ലാസ്റ്റിക് സർജറിയുടെ പ്രാധാന്യം കൂടുതലായുള്ളത്

Update: 2025-10-18 12:41 GMT
Editor : geethu | Byline : Web Desk

ഇന്ത്യയിൽ ഓരോ വർഷവും റോഡിലെ അപകടങ്ങളിലൂടെയും, വ്യവസായ അപകടങ്ങളിലൂടെയും അനേകം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയോ, മരണം സംഭവിക്കുകയോ ചെയ്യാറുണ്ട്. പലപ്പോഴും അപകടം സംഭവിച്ച ഉടൻ ലഭിക്കുന്ന ആദ്യഘട്ട സഹായവും തൽക്ഷണ ചികിത്സയും നിർണായകമാണ്. കാരണം അപകടം കഴിഞ്ഞ ഉടൻ ലഭിക്കുന്ന ചികിത്സയാണ് ജീവൻ രക്ഷിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടത്.

ഏത് തരത്തിലുള്ള അപകടമാണെങ്കിലും അവയുടെ പ്രത്യാഘാതം ശരീരത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഗുരുതരമായ പരിക്കുകളാവാം. ചിലപ്പോൾ എല്ല് പൊട്ടൽ, മാംസ പേശികളിലെ മുറിവ്, രക്തക്കുഴലുകൾക്കും നാഡികൾക്കും കേടുപാട്, വിരലുകൾ അറ്റുപോകൽ, മുഖം അല്ലെങ്കിൽ ശരീര ഭാഗങ്ങളുടെ രൂപഭംഗി നഷ്ടപ്പെടൽ തുടങ്ങിയ പ്രശ്നങ്ങളാണ് കാണപ്പെടുന്നത്. ഇത്തരം അവസ്ഥകൾക്ക് ശേഷം മനുഷ്യജീവിതം തിരിച്ചുപിടിക്കാനായി ട്രോമാ കെയർ സംവിധാനങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. അതിൽ ഒരു പ്ലാസ്റ്റിക് സർജന്റെ പങ്ക് അത്യന്തം നിർണായകമാണ്.

Advertising
Advertising

അപകടങ്ങളിലൂടെ ഉണ്ടാകുന്ന മുറിവുകൾ പല തരത്തിലുള്ളവയാണ്. ചിലത് ചെറിയതും, മറ്റു ചിലത് ജീവൻ രക്ഷിക്കാനുള്ള അടിയന്തിര പരിചരണം ആവശ്യപ്പെടുന്നതുമായിരിക്കും. പ്രത്യേകിച്ച് സോഫ്റ്റ് ടിഷ്യു മുറിവുകൾ, കൈ, വിരൽ, മുഖം തുടങ്ങിയ ഭാഗങ്ങളെ ബാധിക്കുന്ന പരിക്കുകൾ എന്നിവയുടെ പുനരുദ്ധാരണത്തിൽ പ്ലാസ്റ്റിക് സർജറി പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിലെ എല്ലുകൾ ഒഴിച്ചുള്ള ഭാഗങ്ങളെ പുനർനിർമിക്കുന്നതിലാണ് പ്ലാസ്റ്റിക് സർജറിയുടെ പ്രാധാന്യം കൂടുതലായുള്ളത്.

തുന്നിച്ചേർക്കുന്ന മൈക്രോസർജറി

പ്ലാസ്റ്റിക് സർജറിയിൽ വിവിധതരം ചികിത്സാ മാർ​ഗങ്ങൾ ലഭ്യമാണ്, അതിൽ ഏറ്റവും പ്രധാനമായ ശാഖയാണ് മൈക്രോസർജറി. ഓപ്പറേറ്റീവ് മൈക്രോസ്കോപ്പ് അല്ലെങ്കിൽ “മാഗ്നിഫൈയിംഗ് ലൂപ്പ്” പോലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ, വളരെ ചെറുതായ സൂചിയും നൂലും ഉപയോഗിച്ച് രക്തക്കുഴലുകൾ, നാഡികൾ, പേശികൾ എന്നിവ ബന്ധിപ്പിക്കുന്നത് മൈക്രോസർജറിയിലൂടെ സാധ്യമാണ്.

അപകടങ്ങളാൽ കൈകൾ അല്ലെങ്കിൽ വിരലുകൾ നഷ്ടപ്പെട്ട സാഹചര്യങ്ങളിൽ, മൈക്രോസർജറി ഉപയോഗിച്ച് അവ വീണ്ടും ചേർത്ത് ജീവനോടെ നിലനിർത്താം. ഉദാഹരണത്തിന്, മിക്‌സി, ഗ്രൈൻഡർ, മെഷീൻ അപകടങ്ങൾ മൂലം കൈകൾ അല്ലെങ്കിൽ വിരലുകൾ വേർപെട്ടാൽ, പ്ലാസ്റ്റിക് സർജന്റന്റെ സഹായത്തോടെ അവ തിരികെ തുന്നി പിടിപ്പിക്കാവുന്നതാണ്.

ചിലപ്പോൾ, അപകടങ്ങളിൽ പേശികളുടെ ചലനവാഹിനികൾ (tendons) മുറിഞ്ഞാൽ അവ പുനർസ്ഥാപിക്കേണ്ട ആവശ്യം ഉണ്ടാകും. ഇത് ശരിയായി പുനർസ്ഥാപിക്കാതെ പോകുന്നത് കൈകളുടെയും വിരലുകളുടെയും ചലനം നഷ്ടപ്പെടാൻ കാരണമാകും. അതുപോലെ, നാഡികൾ (nerves) തകരാറിലാകുമ്പോൾ അവ ശരിയായി ചേർക്കാതിരിക്കുക സ്പർശബോധവും പ്രവർത്തനശേഷിയും നഷ്ടപ്പെടുന്നതിന് ഇടയാക്കും. അതിനാൽ മൈക്രോ നർവ് റിപ്പയർ പോലുള്ള സൂക്ഷ്മ ചികിത്സാ മാർ​ഗങ്ങൾ അത്യന്തം പ്രധാനമാണ്.

ഗുരുതരമായ ട്രോമകൾ സംഭവിക്കുമ്പോൾ, പ്ലാസ്റ്റിക് സർജൻമാർക്ക് പുറമെ ട്രോമാ സർജൻമാരും ഓർത്തോപ്പീഡിക് സർജൻമാരും ന്യൂറോ സർജൻമാരും അടങ്ങിയ ടീമാണ് രോഗിയെ പരിചരിക്കുന്നത്.




 

പ്ലാസ്റ്റിക് സർജറി പലതരം

പരിക്കിന്റെ സ്വഭാവവും ഭാഗവും ആശ്രയിച്ച് സ്കിൻ ​ഗ്രാഫ്റ്റിങ് (skin grafting), ലോക്കൽ ഫ്ലാപ് സർജറി (local flap surgery), റീജ്യണൽ ഫ്ലാപ് സർജറി (regional flap surgery), ഫ്രീ ഫ്ലാപ് സർജറി (free flap surgery), മൈക്രോവാസ്കുലാർ സർജറി (microvascular surgery) തുടങ്ങിയ വിവിധ ശസ്ത്രക്രിയാ രീതികൾ പ്ലാസ്റ്റിക് സർജൻമാരുടെ ടീം ചേർന്നാണ് ചെയ്യുന്നത്.

ഉദാഹരണത്തിന്, എല്ല് പൊട്ടിയിട്ടുള്ള രോഗികളിൽ, ഓർത്തോ സർജൻ എല്ല് ഘടിപ്പിച്ചാലും ചെയ്താലും അതിന്റെ മീതെ മാംസപേശിയും ത്വക്കും (soft tissue cover) ഇല്ലെങ്കിൽ ഇമ്പ്ലാൻറ് പുറത്ത് കാണപ്പെടുകയും ഇൻഫെക്ഷൻ വരുകയും ചെയ്യാം. അത്തരം സാഹചര്യങ്ങളിൽ flap surgery അത്യന്തം നിർണായകമാണ്, കാരണം implant പുറത്ത് കാണപ്പെടുന്ന പ്രദേശങ്ങളെ മാംസപേശിയും ത്വക്കും കൊണ്ട് മൂടി സംരക്ഷിക്കാനാണ് ഈ ശസ്ത്രക്രിയയിലൂടെ ലക്ഷ്യമിടുന്നത്.

വലിയ പരിക്കുകൾ മൂലം പേശികൾ അല്ലെങ്കിൽ അസ്ഥി ഭാഗങ്ങൾ നഷ്ടപ്പെടാറുണ്ട്. ഇത്തരം സമയങ്ങളിൽ tendon reconstruction, tendon grafting, bone defect repair തുടങ്ങിയ ശസ്ത്രക്രിയകൾ വഴി ശരീരഭാഗങ്ങൾ പുനർനിർമിക്കാവുന്നതാണ്.

മാറ്റിവെക്കാം കൈകാലുകൾ

ആധുനിക മെഡിക്കൽ ശാസ്ത്രം കിഡ്നിയുടെയോ ഹാർട്ടിന്റെയോ മാറ്റിവെക്കലിൽ ഒതുങ്ങുന്നില്ല; കൈ, കാലുകൾ പോലുള്ള അവയവങ്ങളും മാറ്റിവെക്കാൻ കഴിയുന്ന രീതിയിലേക്ക് മുന്നേറിക്കഴിഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്, അറ്റുപോയ രോഗികളിൽ toe-transfer surgery മുഖേന കാൽവിരലുകൾ കൈയിലേക്ക് മാറ്റി വിരലുകളുടെ പ്രവർത്തനം വീണ്ടെടുക്കാനും സാധിക്കുന്നു. പ്രത്യേകിച്ച് തള്ളവിരലും ചൂണ്ടുവിരലും പുനഃസ്ഥാപിക്കാൻ ഈ ശസ്ത്രക്രിയ ഏറ്റവും ഫലപ്രദമാണ്.

പ്ലാസ്റ്റിക് സർജറിയുടെ തുടക്കം രണ്ടാം ലോകമഹായുദ്ധകാലത്താണ് ഉണ്ടായത്. യുദ്ധത്തിൽ പരിക്കേറ്റ സൈനികരുടെ മുഖവും ശരീരഭാഗങ്ങളും പുനർനിർമിക്കുന്നതിനുവേണ്ടിയായിരുന്നു ഇതിന്റെ ആരംഭം. ഇന്ന്, അത് ട്രോമാ ചികിത്സയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. പരിക്കേറ്റ ഒരാളുടെ ശരീരരൂപം മാത്രമല്ല, അവരുടെ ആത്മവിശ്വാസവും ജീവിതത്തിലെ പ്രതീക്ഷയും തിരിച്ചുനൽകുന്നതിലാണ് ഇതിന്റെ മഹത്വം.

അപകടങ്ങൾ കഴിഞ്ഞ ശേഷം ചികിത്സ ലഭ്യമാക്കുന്നത് അത്യന്തം പ്രധാനമാണെങ്കിലും, അതിനേക്കാൾ പ്രധാനപ്പെട്ടത് അപകടങ്ങൾ ഒഴിവാക്കലാണ്. വാഹനമോടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, ഫോൺ ഉപയോഗിക്കാതിരിക്കുക, മദ്യപിച്ച് വാഹനമോടിക്കാതിരിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണം. ജോലി സ്ഥലങ്ങളിലും വീടുകളിലും സുരക്ഷാനിർദേശങ്ങൾ കൃത്യമായി പാലിക്കുകയും, ഇലക്ട്രിക്കൽ ഉപകരണങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്യുകയും വേണം.

സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിലൂടെ നമുക്ക് അനവധി അപകടങ്ങൾ ഒഴിവാക്കാനാകും. ട്രോമകൾ ഒഴിവാക്കാനായാൽ അനവധി കുടുംബങ്ങൾ വേദനയും ബുദ്ധിമുട്ടും ഇല്ലാതെ സുരക്ഷിതമായി ജീവിക്കാനാകും.



തയ്യാറാക്കിയത്: 

Dr. Sebin V Thomas

Head & Senior Consultant - Plastic Surgery

Aster MIMS Hospital Kozhikode

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News