കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ ഘടകമാണ് പ്രോട്ടീൻ. എന്നാൽ പലപ്പോഴും കുട്ടികൾക്ക് ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നുണ്ടോയെന്ന് തിരിച്ചറിയാൻ മാതാപിതാക്കൾക്ക് സാധിക്കാറില്ല. കുട്ടികളുടെ വളർച്ച, പേശികളുടെ വികസനം, പ്രതിരോധശേഷി, കോശങ്ങളുടെ പരിപാലനം, എന്നിവയ്ക്ക് പ്രോട്ടീൻ സഹായിക്കുന്നുണ്ട്. മതിയായ പ്രോട്ടീനും ഊർജവും ക്രമേണ ലഭിക്കാതെ വരുന്നത് കുട്ടികളിലെ വളർച്ചാമുരടിപ്പിനും രോഗ മുക്തി വൈകുന്നതിനും കാരണമായേക്കാം.
അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ 35.5% പേർക്ക് വളർച്ച മുരടിപ്പുണ്ടെന്ന് ഇന്ത്യയിലെ NFHS-5 അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ, കുട്ടികളുടെ ഭക്ഷണത്തിലെ പ്രോട്ടീൻ കുറവ് മാതാപിതാക്കൾക്ക് എങ്ങനെ തിരിച്ചറിയാമെന്ന് വ്യക്തമാക്കുകയാണ് ബെംഗളൂരുവിലെ ഈവൻ ഹെൽത്ത് കെയ ചീഫ് ഡയറ്റീഷ്യൻ കമർ അഫ്ഷൻ. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ നിർദേശം.
കുട്ടികൾക്ക് എത്രമാത്രം പ്രോട്ടീൻ ആവശ്യമാണ്?
ഡോ. അഫ്ഷന്റെ അഭിപ്രായത്തിൽ, ശരീരഭാരത്തെ അടിസ്ഥാനമാക്കി, ഓരോ കുട്ടിക്കും പ്രതിദിനം ആവശ്യമായി വരുന്ന പ്രോട്ടീൻ അളവ് ഇങ്ങനെ.
- 1–3 വയസ്സ്: 1.05 ഗ്രാം /ദിവസം
- 4–13 വയസ്സ്: 0.95 ഗ്രാം /ദിവസം
- 14–18 വയസ്സ്: 0.85 ഗ്രാം /ദിവസം
ഉദാഹരണത്തിന്, 20 കിലോഗ്രാം ഭാരമുള്ള അഞ്ച് വയസുള്ള ഒരു കുട്ടിക്ക് പ്രതിദിനം ഏകദേശം 19 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്.
ശ്രദ്ധിക്കേണ്ട 5 ദൈനംദിന ലക്ഷണങ്ങൾ:
1. ഇടയ്ക്കിടെ ഉണ്ടാകുന്ന വിശപ്പും ലഘുഭക്ഷണം കഴിക്കാനുള്ള പ്രവണതയും: കുട്ടികൾ ഇടയ്ക്കിടെ ബിസ്ക്കറ്റുകൾ ആവശ്യപ്പെടാറുണ്ടോ? ഇത് കുട്ടികൾ കഴിച്ചുകൊണ്ടിരിക്കുന്ന സമീകൃതമല്ലാത്ത ഭക്ഷണത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് ഡോ.അഫ്ഷാന്‍റെ അഭിപ്രായം. ഭക്ഷണത്തിൽ പരിപ്പ്, തൈര്, പനീർ, മുട്ട, കടല എന്നിവ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.
2. ഊർജക്കുറവ് അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള ക്ഷീണം: കളിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് തളർച്ച അനുഭവപ്പെടുകയാണെങ്കിൽ കുട്ടിയുടെ മൊത്തത്തിലുള്ള ഭക്ഷണക്രമം പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. സമീകൃത ആഹാരത്തോടൊപ്പം പാൽ, വറുത്ത കടല, മുട്ട അല്ലെങ്കിൽ പനീർ എന്നിവ നൽകുകയുമാകാം.
3. വളർച്ചാക്കുറവോ ഭാരം വർധിക്കാതിരിക്കുകയോ ചെയ്യുക: അപര്യാപ്തമായ പ്രോട്ടീനും കലോറിയും കുട്ടികളുടെ വളർച്ചയെ കാര്യമായി ബാധിക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു. വളർച്ച മന്ദഗതിയിലാണെങ്കിൽ ഉയരവും ഭാരവും പരിശോധിക്കുകയും ഒരു ശിശുരോഗവിദഗ്ധനെ സമീപിക്കുകയും ചെയ്യണം.
4. തുടർച്ചയായ അസുഖങ്ങളും രോഗമുക്തി വൈകലും: പ്രതിരോധശേഷിക്കും കോശങ്ങളുടെ പരിപാലനത്തിനും പ്രോട്ടീൻ സഹായിക്കും. ഇടയ്ക്കിടെ കുട്ടികൾക്ക് അസുഖങ്ങൾ വരുന്നുണ്ടെങ്കിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
5. പേശികളുടെ ബലക്ഷയം, മുറിവുകൾ ഉണങ്ങാൻ താമസം, മുടിയിലും ചർമത്തിലുമുള്ള മാറ്റങ്ങൾ: ശരീരഭാരം കുറയുന്നതിനോടൊപ്പമോ വളർച്ചാക്കുറവിനോടൊപ്പമോ ഇവ കാണപ്പെടുന്നത് പോഷകാഹാരക്കുറവിന്റെ ലക്ഷണമാകാം. വിദഗ്ദ്ധരുടെ ഉപദേശം തേടുന്നതാവും നല്ലത്.
ഭക്ഷണത്തിൽ പ്രോട്ടീൻ ചേർക്കാനുള്ള എളുപ്പവഴികൾ
പ്രഭാതഭക്ഷണം: മുട്ട ബുർജി, കടലമാവ് ദോശ, പനീർ പരാത്ത അല്ലെങ്കിൽ പാൽ.
ഉച്ചഭക്ഷണവും അത്താഴവും: പരിപ്പ്, ചുവന്ന പയർ, കടല, പനീർ, സോയാ പനീർ, ചിക്കൻ അല്ലെങ്കിൽ മീൻ.
ലഘുഭക്ഷണങ്ങൾ: വറുത്ത കടല മുളപ്പിച്ചത്, തൈര്, പുഴുങ്ങിയ മുട്ട അല്ലെങ്കിൽ കുട്ടികൾക്ക് കഴിക്കാൻ പാകത്തിലുള്ള നട്സ്. പരിപ്പും ധാന്യങ്ങളും ഒരുമിച്ച് ചേർത്തു കഴിക്കുന്നത് (ഉദാഹരണത്തിന് പരിപ്പ്-ചോറ് അല്ലെങ്കിൽ ഇഡ്ഡലി-സാമ്പാർ) സമീകൃത പോഷകാഹാരം ലഭിക്കാൻ സഹായിക്കും.
ഒരൊറ്റ ലക്ഷണത്തിലൂടെ മാത്രം പ്രോട്ടീൻ കുറവുണ്ടെന്ന് ഉറപ്പിക്കാനാകില്ല. കുട്ടിക്ക് നിരന്തരമായ ക്ഷീണമോ, ഭാരം വർധിക്കായ്കയോ, അല്ലെങ്കിൽ ഇടയ്ക്കിടെ അസുഖങ്ങൾ വരികയോ ചെയ്യുകയാണെങ്കിൽ ഒരു ശിശുരോഗ വിദഗ്ദ്ധനെ സമീപിക്കുക. വൈദ്യശാസ്ത്രപരമായി നിർദ്ദേശിക്കപ്പെട്ടിട്ടില്ലെങ്കിൽ പ്രോട്ടീൻ സപ്ലിമെന്റുകൾ നൽകുന്നത് ഒഴിവാക്കുക.