പാൽ മുതൽ സാലഡ് ഡ്രസ്സിംഗ് വരെ; ആരോഗ്യകരമെന്ന് കരുതുന്ന നിശബ്ദ വില്ലൻമാർ

പോഷകസമൃദ്ധമായ ഭക്ഷണങ്ങൾക്കായുള്ള അന്വേഷണത്തിനിടെ, പലരും പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന മാർക്കറ്റിംഗിന്റെ ഇരകൾ ആകാറുണ്ട്

Update: 2025-08-07 04:58 GMT

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് വലിയ പ്രാധാന്യമുള്ള കാലമാണിത്. എന്ത് കഴിക്കുന്നു എന്നതിലാണ് ഒരു വ്യക്തിയുടെ ആരോഗ്യം ആശ്രയിച്ചിരിക്കുന്നത്. എന്നാൽ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾക്കായുള്ള അന്വേഷണത്തിനിടെ, പലരും പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന മാർക്കറ്റിംഗിന്റെ ഇരകൾ ആകാറുണ്ട്.

'ആരോഗ്യകരം' എന്ന് പറഞ്ഞ് വിപണനം ചെയ്യപ്പെടുന്ന പല ഭക്ഷണങ്ങളും നിങ്ങളുടെ ക്ഷേമത്തിന്, പ്രത്യേകിച്ച് കുടലിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി ഇത്തരം 'ആരോഗ്യകരം' എന്ന് കരുതപ്പെടുന്നതും എന്നാൽ അങ്ങനെയല്ലാത്തതുമായ ചില ഭക്ഷണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 'ചില ഭക്ഷണങ്ങൾ നിരുപദ്രവകരമാണെന്ന് തോന്നിയേക്കാം, പക്ഷേ നിശബ്ദമായി നിങ്ങളുടെ കുടൽ മൈക്രോബയോമിനെ തടസ്സപ്പെടുത്തുന്നു,' എന്ന് അദ്ദേഹം പറയുന്നു.

Advertising
Advertising

പാൽ മുതൽ സാലഡ് ഡ്രസ്സിംഗുകൾ വരെ, കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ നിങ്ങൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ;

സ്‌നാക് ബാറുകൾ

പ്രോട്ടീൻ ബാറുകൾ ഉൾപ്പെടെയുള്ള ലഘുഭക്ഷണ ബാറുകൾ പലപ്പോഴും ആരോഗ്യകരമായ ഓപ്ഷനുകളായി അവതരിപ്പിക്കാറുണ്ട്. പക്ഷേ നമ്മൾ ശ്രദ്ധിക്കാത്ത ഒരു കാര്യം അവ അൾട്രാ-പ്രോസസ് ചെയ്തതും പഞ്ചസാരയും അഡിറ്റീവുകളും കൊണ്ട് നിറഞ്ഞതുമാണ് എന്നതാണ്. പലപ്പോഴും അവ 'ആരോഗ്യകരം എന്ന് തോന്നിപ്പിക്കുന്ന കാൻഡി ബാറുകൾ' മാത്രമാണെന്ന് ഡോ. സേഥി പറയുന്നു. ഈ ബാറുകളിൽ എമൽസിഫയറുകൾ, വ്യാജ നാരുകൾ, വിത്ത് എണ്ണകൾ എന്നിവ നിറഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു. അവ ആരോഗ്യകരമായ കുടൽ മൈക്രോബയോം ബാലൻസ് നശിപ്പിക്കുന്നു. കാലക്രമേണ, ഈ ചേരുവകൾ നിങ്ങളെ വീർക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

സംസ്‌കരിച്ച ബാറുകൾക്ക് പകരം നട്‌സ് അല്ലെങ്കിൽ പഴങ്ങൾ കഴിക്കാൻ ഡോ. സേഥി നിർദ്ദേശിക്കുന്നു. ഇവ നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, കുടലിന് ഗുണം ചെയ്യുന്ന പോഷകങ്ങൾ എന്നിവ നൽകുന്നു.

ഷുഗർ ഫ്രീ ഗം

ഷുഗർ ഫ്രീ ഡയറ്റ് ഒരു ട്രെൻഡ് ആണ് ഇപ്പോൾ. എന്നാൽ ബെറ്റർ ഓപ്ഷൻ എന്ന് കരുതി തെരഞ്ഞെടുക്കുന്ന ഷുഗർ ഫ്രീ ഓപ്ഷനുകൾ പലപ്പോഴും വില്ലനാകാറുണ്ട്. അതിലൊന്നാണ് ഷുഗർ ഫ്രീ ഗം അഥവാ പഞ്ചസാര രഹിത ഗം.

ഇത് സാധാരണ ഗമ്മുകളെ സാധാരണ ച്യൂയിങ് ഗമ്മുകളെ അപേക്ഷിച്ച് കൂടുതൽ ദോഷമാണ്, കാരണം അവയിൽ സോർബിറ്റോൾ പോലുള്ള കൃത്രിമ മധുരപലഹാരങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തിവെക്കും.

സോർബിറ്റോൾ പോലുള്ളവ അടങ്ങിയവ കഴിക്കുന്നത് ഗ്യാസ്, വയറിളക്കം എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോ. സേഥി വിശദീകരിക്കുന്നു.

എന്നാൽ പലർക്കും ഭക്ഷണ ശേഷം ഗം കഴിക്കുക എന്നത് ഒരു ശീലമാണ്. ഇതിന് ബദലായി ഭക്ഷണത്തിനുശേഷം പെരുംജീരകം പോലുള്ള പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിക്കുന്നത് പരിഗണിക്കുക. 'ഞാൻ അവ ദിവസവും കഴിക്കാറുണ്ട്,' ഡോക്ടർ പറഞ്ഞു. പെരുംജീരകം ദഹനത്തെയും സഹായിച്ചേക്കാം.

സാലഡ് ഡ്രസ്സിംഗുകൾ

നിങ്ങൾ കടകളിൽ നിന്ന് സാലഡ് ഡ്രസ്സിംഗുകൾ വാങ്ങാറുണ്ടോ? എങ്കിൽ നിങ്ങളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ട സമയമാണിത്. കടകളിൽ നിന്ന് വാങ്ങുന്ന സാലഡ് ഡ്രസ്സിംഗുകൾ ഉപയോഗിക്കാൻ സൗകര്യപ്രദമായിരിക്കാം. കൂടാതെ പലപ്പോഴും 'ആരോഗ്യകരം' അല്ലെങ്കിൽ 'ട്രാൻസ് ഫാറ്റ് ഇല്ല' തുടങ്ങിയ ധീരമായ അവകാശവാദങ്ങളുമായി വരാറുണ്ട്.

പക്ഷേ അവയിൽ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് ഹാനികരമായ അഡിറ്റീവുകൾ നിറഞ്ഞിരിക്കുന്നു. ''ആരോഗ്യകരം' ആയവയിൽ പോലും പലപ്പോഴും വീക്കം ഉണ്ടാക്കുന്ന എണ്ണകളും ആഡഡ് ഷുഗറും നിറഞ്ഞിരിക്കുമെന്നാണ് ഡോ. സേഥി പറയുന്നത്.

വീട്ടിൽ തന്നെ നിങ്ങളുടെ സാലഡ് ഡ്രസ്സിംഗ് ഉണ്ടാക്കുക എന്നതാണ് ഒരു പരിഹാരം. ഒലിവ് ഓയിൽ, നാരങ്ങ നീര്, കടുക് എന്നിവ പോലുള്ള ചേരുവകൾ ചേർത്ത് നിങ്ങളുടെ സാലഡിന് പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഡ്രസ്സിംഗ് ആസ്വദിക്കൂ. കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ലാഭകരവുമാണിത്.

യോഗർട്ട്

യോഗേർട്ട്‌സ് പലരുടെയും ഇഷ്ടവിഭവമാണ്. ആരോഗ്യകരമാണെന്നത് കൊണ്ടുകൂടി പലപ്പോഴും പലരും യോഗർട്ടുകൾ തെരഞ്ഞെടുക്കുന്നു. പ്രോബയോട്ടിക് ഉള്ളടക്കം കാരണം യോഗർട്ട് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.

എന്നിരുന്നാലും, ഫ്‌ളേവറുകൾ ചേർത്ത യോഗർട്ട് കഴിക്കാൻ ശ്രമിച്ചാൽ, അത് മിക്ക ഗുണങ്ങളും ഇല്ലാതാക്കുന്നു. ഈ ഫ്‌ളേവറുകളുള്ള യോഗർട്ടുകളിൽ ഭൂരിഭാഗവും ആരോഗ്യകരമാണെന്ന രീതിയിൽ വിപണനം ചെയ്യപ്പെടുന്നു. പക്ഷേ ഇവ പലപ്പോഴും പഞ്ചസാരയും കൃത്രിമ രുചികളും ചേർത്തവയാണ്' എന്ന് ഡോ. സേഥി ഊന്നിപ്പറയുന്നു. രുചിയുള്ള ഇനങ്ങൾക്ക് പകരം, നല്ല പഴയ പ്ലെയിൻ ഗ്രീക്ക് യോഗർട്ട് തെരഞ്ഞെടുത്ത് കൂടുതൽ രുചികരവും പോഷകപ്രദവുമാക്കാൻ ബെറികൾ, കറുവപ്പട്ട, ചിയ വിത്തുകൾ എന്നിവ ചേർക്കുക.

പാൽ ചേർത്ത കാപ്പി

ചിലർക്ക് കാപ്പിയിൽ പാൽ ചേർക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ലാക്ടോസ് സെൻസിറ്റീവ് ആയ കുടലുകളെ അലോസരപ്പെടുത്തുകയും വയറു വീർക്കുന്നതിനോ അസ്വസ്ഥത ഉണ്ടാക്കുന്നതിനോ കാരണമാകും. പകരം, കട്ടൻ കാപ്പി കഴിക്കുക. കാപ്പിയിൽ പാൽ ചേർത്ത് മാത്രം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ ബദാം മിൽക്ക് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. മധുരം വർധിപ്പിക്കുന്നതിന് കുറച്ച് കറുവപ്പട്ട പൊടി ചേർക്കുന്നതും നല്ലതാണ്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News