കണ്ണ് തുടിക്കുന്നത് എന്തുകൊണ്ട്? നിസാരമല്ല, അവഗണിക്കരുത്...
കണ്ണ് തുടിക്കുന്നതിനെ പ്രിയപ്പെട്ടവരെ കാണാൻ പോകുന്നതിന്റെ സൂചനയാണെന്നും മറ്റുചിലർ ഭാഗ്യവുമായോ നിർഭാഗ്യവുമായോ ഒക്കെ ബന്ധിപ്പിക്കാറുണ്ടെങ്കിലും അതിലൊന്നും കാര്യമില്ല. വൈദ്യശാസ്ത്രപരമായി ഇതിന് കൃത്യമായ കാരണങ്ങളുണ്ട്
കണ്ണ് തുടിക്കുന്നത് മിക്കവാറും എല്ലാവർക്കും എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുള്ള ഒന്നാണ്. ചിലർ ഇതിനെ പ്രിയപ്പെട്ടവരെ കാണാൻ പോകുന്നതിന്റെ സൂചനയാണെന്നും മറ്റുചിലർ ഭാഗ്യവുമായോ നിർഭാഗ്യവുമായോ ഒക്കെ ബന്ധിപ്പിക്കാറുണ്ടെങ്കിലും അതിലൊന്നും കാര്യമില്ല. വൈദ്യശാസ്ത്രപരമായി ഇതിന് കൃത്യമായ കാരണങ്ങളുണ്ട്. 'മയോക്യമിയ' (Myokymia) എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ പേശികളുടെ അനിയന്ത്രിതമായ ചുരുങ്ങൽ മൂലമാണ് സംഭവിക്കുന്നത്. സാധാരണഗതിയിൽ ഇത് പേടിക്കാനൊന്നുമില്ലാത്ത കാര്യമാണെങ്കിലും, അപൂർവ്വം ചില സാഹചര്യങ്ങളിൽ ഇത് ശ്രദ്ധിക്കേണ്ട ഒന്നാണ്.
കണ്ണ് തുടിക്കുന്നതിന്റെ പ്രധാന കാരണങ്ങൾ ജീവിതശൈലിയുമായി ബന്ധപ്പെട്ടതാണ്. അമിതമായ മാനസിക സമ്മർദം, ഉറക്കമില്ലായ്മ, കണ്ണിനുണ്ടാകുന്ന ആയാസം എന്നിവയാണ് ഇതിൽ പ്രധാനം. ദീർഘനേരം കമ്പ്യൂട്ടറിലോ മൊബൈലിലോ നോക്കിയിരിക്കുന്നവർക്കും ശരിയായ ഉറക്കം ലഭിക്കാത്തവർക്കും കണ്ണ് തുടിക്കുന്നത് പതിവാണ്. കൂടാതെ, ശരീരത്തിൽ ജലാംശം കുറയുന്നതും കഫീൻ അടങ്ങിയ പാനീയങ്ങളുടെ (ചായ, കാപ്പി) അമിത ഉപയോഗവും പേശികളെ ഉത്തേജിപ്പിക്കുകയും കണ്ണിന് ചുറ്റുമുള്ള ചെറിയ പേശികൾ തുടിക്കാൻ കാരണമാവുകയും ചെയ്യുന്നു.
ചില സന്ദർഭങ്ങളിൽ പോഷകാഹാരക്കുറവും ഇതിന് പിന്നിലുണ്ടാകാം. പ്രത്യേകിച്ച് മഗ്‌നീഷ്യം, പൊട്ടാസ്യം അല്ലെങ്കിൽ കാൽസ്യം എന്നിവയുടെ കുറവ് പേശികളുടെ പ്രവർത്തനത്തെ ബാധിക്കാറുണ്ട്. കണ്ണിലെ വരൾച്ച മറ്റൊരു പ്രധാന കാരണമാണ്. പ്രായമായവരിലും ദീർഘനേരം എസി മുറികളിലിരുന്ന് ജോലി ചെയ്യുന്നവരിലും കണ്ണുനീരിന്റെ അളവ് കുറയുന്നത് മൂലം കണ്ണ് തുടിച്ചേക്കാം. കൂടാതെ, നേത്രപടലത്തിലെ അലർജി മൂലമുണ്ടാകുന്ന അസ്വസ്ഥതകളും ഇതിലേക്ക് നയിക്കാം.
തുടർച്ചയായ കണ്ണ് തുടിപ്പ് ചിലപ്പോൾ ഗൗരവകരമായ നാഡീസംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണമാകാം. മുഖത്തെ പേശികളെ നിയന്ത്രിക്കുന്ന നാഡികൾക്കുണ്ടാകുന്ന തകരാറുകൾ ഇതിന് കാരണമാകാം. കണ്ണ് തുടിപ്പിനൊപ്പം കൺപോളകൾ പൂർണ്ണമായി അടഞ്ഞുപോകുകയോ, മുഖത്തിന്റെ മറ്റ് ഭാഗങ്ങൾ കൂടി തുടിക്കുകയോ, കണ്ണിന് ചുവപ്പോ നീർവീക്കമോ അനുഭവപ്പെടുകയോ ചെയ്യുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. ഇത് സാധാരണ തുടിപ്പല്ലെന്നും ചികിത്സ ആവശ്യമാണെന്നും ഉള്ളതിന്റെ സൂചനകളാണിവ.
ചുരുക്കത്തിൽ, കണ്ണ് തുടിപ്പ് എന്നത് ഭൂരിഭാഗം പേർക്കും വിശ്രമം കുറയുന്നത് കൊണ്ടോ സമ്മർദം കൊണ്ടോ ഉണ്ടാകുന്ന താൽക്കാലികമായ ഒരു പ്രതിഭാസം മാത്രമാണ്. ശരിയായ ഉറക്കം, ആവശ്യത്തിന് വെള്ളം കുടിക്കുത, കഫീൻ ഉപയോഗം കുറയ്ക്കുക തുടങ്ങിയവയിലൂടെ ഇത് മാറ്റിയെടുക്കാവുന്നതാണ്. എന്നാൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന തുടിപ്പാണെങ്കിൽ ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.