വലിച്ചുവാരി കഴിക്കേണ്ട; നോമ്പ് തുറക്കാൻ ഒരു പപ്പായ ആയാലോ..! ഗുണങ്ങൾ പലതുണ്ട്

കുറച്ച് വെള്ളം കുടിക്കുമ്പോൾ തന്നെ വയറ് പറയും മതിയെന്ന്.. ഒപ്പം ഏതെങ്കിലുമൊരു എണ്ണപ്പലഹാരം കൂടിയായാലോ, പൂർത്തിയായി. പിന്നീടൊന്നും കഴിക്കേണ്ടി വരില്ല.

Update: 2023-03-28 09:51 GMT
Editor : banuisahak | By : Web Desk
Advertising

റമദാൻ ആയില്ലേ.. പിന്നാലെ നവരാത്രിയും വരുന്നുണ്ട്. പകൽ മുഴുവൻ വ്രതമെടുക്കുമ്പോഴും വൈകുന്നേരം കഴിക്കേണ്ട ഭക്ഷണങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഓരോരുത്തരുടെയും കയ്യിലുണ്ടാകും. രുചികരമായ വിഭവങ്ങൾ കൊണ്ട് ടേബിൾ നിറഞ്ഞത് കണ്ട് മനസ് നിറയുമെങ്കിലും ആരോഗ്യകരമായ രീതിയിൽ വയറുനിറയാൻ കുറച്ച് ബുദ്ധിമുട്ടാണ്. കുറച്ച് വെള്ളം കുടിക്കുമ്പോൾ തന്നെ വയറ് പറയും മതിയെന്ന്.. ഒപ്പം ഏതെങ്കിലുമൊരു എണ്ണപ്പലഹാരം കൂടിയായാലോ, പൂർത്തിയായി. പിന്നീടൊന്നും കഴിക്കേണ്ടി വരില്ല. ഗ്യാസ് ട്രബിൾ ആണ് ഭൂരിഭാഗം ആളുകളുടെയും പ്രശ്നം. 

പന്ത്രണ്ട് മണിക്കൂറിലധികം നേരം വ്രതമെടുത്ത ശേഷം ഗ്യാസ് ട്രബിൾ ഉണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്. വളരെ പെട്ടെന്ന് തന്നെ ഇത് മാറ്റിയെടുക്കാനും നല്ല രീതിയിൽ ഭക്ഷണം കഴിക്കാനും സാധിക്കും. ശ്രദ്ധിക്കേണ്ടത് ഭക്ഷണരീതി തന്നെയാണ്. എന്ത് കഴിക്കണമെന്ന് നമ്മൾ തന്നെ തീരുമാനിക്കുന്നത് പോലെയിരിക്കും നമ്മുടെ ശരീരത്തിന്റെ പ്രതികരണം. വളരെ ലഘുവായി കഴിക്കുന്നത് തന്നെയാണ് നല്ലത്. നീണ്ട വ്രതത്തിന് ശേഷം ബിരിയാണിയും ചിക്കനും മട്ടനും ഒരു നിയന്ത്രണമില്ലാതെ വലിച്ചുവാരി കഴിക്കുന്നത് ദഹനത്തെ നേരിട്ട് തന്നെയാണ് ബാധിക്കുക. 

 അത്രയും നേരം ഭക്ഷണം എത്താതെ മടിപിടിച്ചിരിക്കുന്ന അവയവങ്ങൾക്ക് ഒറ്റയടിക്ക് കഠിനമായ പണികൾ ചെയ്യാൻ കൊടുത്താൽ അവ പ്രതികരിക്കുന്ന രീതി നമ്മുടെ ആരോഗ്യത്തെ തന്നെയാണ് ബാധിക്കുക. അതുകൊണ്ട് തന്നെ, നോമ്പ് തുറക്കാൻ നേരം വളരെ ശ്രദ്ധിക്കണം. എണ്ണപ്പലഹാരങ്ങൾ കുറച്ച് പഴങ്ങൾക്ക് കൂടുതൽ ഇടംകൊടുക്കാം. ദഹനത്തെ സഹായിക്കുന്ന ഒരുപാട് പഴങ്ങൾ ലഭ്യമാണ്. കഴിച്ചാൽ പല ഗുണങ്ങൾ ഒരുമിച്ച് കിട്ടുന്ന അത്തരത്തിലൊരു ഫ്രൂട്ടാണ് പപ്പായ. 

അയ്യേ, നോമ്പ് തുറന്ന് കഴിഞ്ഞ് പപ്പായ കഴിക്കാനോ എന്നാണ് ചോദ്യമെങ്കിൽ നല്ല പഴുത്ത പപ്പായ തരും അതിനുള്ള മറുപടി. മഞ്ഞയും ചുവപ്പും കലർന്ന നിറമുള്ള പപ്പായയുടെ രുചി അത്ര മോശമൊന്നുമല്ല. ഇഷ്ടപ്പെട്ട രീതിയിൽ ജ്യൂസ് ആക്കിയോ അല്ലെങ്കിൽ വെറുതേ മുറിച്ചോ പപ്പായ കഴിക്കാവുന്നതാണ്. 

 നിങ്ങളുടെ ദഹന പ്രക്രിയയെ ഉണർത്താൻ പപ്പായ നല്ലൊരു ഓപ്‌ഷനാണ്. 12 മണിക്കൂർ ഇടവേളക്ക് ശേഷം മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപ്പൈൻ എന്ന എൻസൈം ആണ് ഇതിന് സഹായിക്കുന്നത്. ഇത് ഭക്ഷണത്തെ വേഗത്തിൽ വിഘടിപ്പിക്കാൻ സഹായിക്കും. അതുവരെ ഭക്ഷണം ലഭിക്കാത്ത ശരീരത്തിന് പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാൻ ഇതിലൂടെ സാധിക്കും. ആന്റി ഓക്സിഡൻറുകളാൽ സമ്പുഷ്ടമായതിനാൽ ദഹന സംബന്ധിയായ അസ്വസ്ഥതകള്‍ക്ക് പപ്പായ ആശ്വാസം നൽകും. 

വളരെ കുറഞ്ഞ കലോറി മാത്രമാണ് പപ്പായയിൽ അടങ്ങിയിട്ടുള്ളത്. ധാരാളം നാരുകളുള്ള ഒരു ഫലം കൂടിയാണിത്. ദഹനത്തിന് മാത്രമല്ല വിശപ്പ് നിയന്ത്രിക്കുന്നതിനും ഇത് സഹായകമാണ്. പപ്പായയിൽ അടങ്ങിയ എന്‍സൈമിന് കട്ടിയുള്ള പ്രോട്ടീന്‍ നാരുകളെപ്പോലും തകര്‍ക്കാന്‍ കഴിവുള്ളതിനാല്‍ ദഹനപ്രക്രിയ എളുപ്പമാകും. വിറ്റാമിൻ സി, വിറ്റാമിൻ എ, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങി എണ്ണമറ്റ പോഷകങ്ങളാണ് പപ്പായയിൽ അടങ്ങിയിരിക്കുന്നത്. 

പപ്പായ കഴിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് വിശപ്പ് മാറുമെങ്കിലും വയറ് അമിതമായി നിറഞ്ഞത് പോലെ തോന്നില്ല. തുടർന്ന്, ഭക്ഷണം കഴിക്കുന്ന സമയത്ത് വലിച്ചുവാരി കഴിക്കുന്നതിൽ നിന്ന് തടയാൻ ഇതുമൂലം സാധിക്കും. ഉയർന്ന ജലാംശം അടങ്ങിയിട്ടുള്ളതിനാൽ ഇത് നിങ്ങളുടെ ദഹനനാളത്തെ പ്രവർത്തനക്ഷമമാക്കുകയും മലവിസർജ്ജനം സുഗമമാക്കുകയും ചെയ്യും. വെറുംവയറ്റിൽ പപ്പായ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾ, ഗ്യാസ്, വയറിളക്കം എന്നിവക്ക് പരിഹാരമാണ്. പപ്പായയിലെ ഫോളിക് ആസിഡും അയണും വിളർച്ചയും ക്ഷീണവും അകറ്റി നിർത്തും.

 പ്രമേഹരോഗികൾക്ക് ധൈര്യമായി കഴിക്കാം

ഭക്ഷണക്രമം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കേണ്ട ഒരു വിഭാഗക്കാരാണ് പ്രമേഹരോഗികൾ. പ്രത്യേകിച്ച് നോമ്പ്കാലത്ത്. എന്നാൽ, കഴിക്കുന്നത് പപ്പായ ആണെങ്കിൽ മറ്റൊന്നും ചിന്തിക്കേണ്ടതില്ല. പപ്പായയിൽ മിതമായ ഗ്ലൈസെമിക് സൂചികയും ഉയർന്ന ഫൈബർ ഉള്ളടക്കവുമുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദീഭവിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് 'ജേണൽ ഓഫ് മെഡിസിനൽ ഫുഡ്' പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ടിൽ പറയുന്നു. 

 ഹൃദയത്തിനും നല്ലതാണ് 

പപ്പായയിലെ ഫോളേറ്റ് രക്തപ്രവാഹത്തിലെ ഹോമോസിസ്റ്റീന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഹോമോസിസ്റ്റീന്റെ ഉയർന്ന അളവ് രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. പപ്പായയിലെ ഉയർന്ന ഫൈബർ രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നതിനെ തടയുന്നു. കൂടാതെ രക്തയോട്ടം സുഗമമാക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.

 എങ്ങനെ കഴിക്കാം?

ജ്യൂസ് ആക്കിയോ രുചികരമായ സ്മൂത്തി ആക്കിയോ നിങ്ങളുടെ ഇഷ്ടം പോലെ പപ്പായ കഴിക്കാവുന്നതാണ്. പാലും തേനും ചേർത്ത് ടേസ്റ്റി സ്മൂത്തി ഉണ്ടാക്കാനാകും. പപ്പായ മുറിച്ച് ചാട്ട് മസാലയും നാരങ്ങാനീരും ചേർത്ത് രുചികരമായ ലഘുഭക്ഷണം ഉണ്ടാക്കാനും സാധിക്കും. 

 ഇക്കൂട്ടർ കഴിക്കരുത്..

ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിലും പപ്പായ എല്ലാവർക്കും ഒരുപോലെ ഗുണംചെയ്യില്ല. പപ്പായ ഒഴിവാക്കേണ്ട ചിലരുണ്ട്. പഴത്തിൽ നാരുകൾ ധാരാളമായതിനാൽ, ദഹനപ്രശ്നങ്ങളായ ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) അല്ലെങ്കിൽ ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (ഐബിഡി) ഉള്ളവർ ഇത് ഒഴിവാക്കണം. കാരണം ഇത് വയറിളക്കത്തിന്റെ ലക്ഷണങ്ങൾ വർധിപ്പിക്കും. പപ്പൈൻ ഗർഭാശയ സങ്കോചത്തിന് കാരണമാവുകയും നേരത്തെയുള്ള പ്രസവത്തിനോ ഗർഭം അലസലിനോ കാരണമാകുമെന്നതിനാൽ ഗർഭിണികളും പപ്പായ ഒഴിവാക്കണം. 

 പപ്പായക്ക് പകരം?

ഇനി പപ്പായ കഴിക്കാൻ ഇഷ്ടമല്ലെങ്കിൽ തണ്ണിമത്തൻ എടുത്തോളൂ. ശരീരത്തിൽ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ സഹായിക്കും. രോഗപ്രതിരോധ പ്രവർത്തനത്തെ സഹായിക്കുന്ന വിറ്റാമിൻ സി പോലുള്ള അവശ്യ പോഷകങ്ങളും ധാതുക്കളും ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്ന പൊട്ടാസ്യവും തണ്ണിമത്തനിലുണ്ട്. പുതിന നാരങ്ങ അല്ലെങ്കിൽ മാമ്പഴം എന്നിവയും ഗുണംചെയ്യും. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News