ന്യൂഡൽഹി: എത്രയൊക്കെ ജിമ്മിൽ പോയിട്ടും സാലഡുകൾ മാത്രം കഴിച്ചിട്ടും ശരീരഭാരം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവർക്ക് സന്തോഷ വാർത്ത. ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ക്രിക്കറ്റ് താരം വിരാട് കോലിയുടെ ന്യൂട്രീഷനിസ്റ്റ് റയാൻ ഫെർണാണ്ടോ മനസു തുറന്നിരിക്കുകയാണ്. പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു റയാൻ.
ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഒരു ഡയറി എടുത്ത് ഒരു ദിവസം കഴിക്കുന്ന ഭക്ഷണം എഴുതിവെക്കലാണെന്ന് അദ്ദേഹം പറയുന്നു. 30 ദിവസത്തെ ഭക്ഷണം ഇതുപോലെ രേഖപ്പെടുത്തണം. ഒരു മാസത്തിന് ശേഷം ഡയറി പരിശോധിച്ചാൽ സംഭവിച്ച പിഴവുകൾ നമുക്ക് തന്നെ കണ്ടെത്താനാവും. ഇതിനായി നിങ്ങൾ ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ഡോക്ടറുടെയോ സഹായം പോലും തേടേണ്ടതില്ല എന്നും അദ്ദേഹം പറയുന്നു. കഴിക്കുന്ന ഭക്ഷണം രേഖപ്പെടുത്തതിനൊപ്പം ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കുന്നതും പ്രധാനമാണെന്ന് അദ്ദേഹം പറയുന്നുണ്ട്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റ് പ്രധാന മാർഗ്ഗങ്ങൾ
- നാരുകൾ അടങ്ങിയ ഭക്ഷണം ശീലമാക്കുക
ഓട്‌സ്, പയർവർഗങ്ങൾ തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ വയറിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കും. ദഹനത്തിന് സഹായിക്കും. മെറ്റബോളിസം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം ഡയറ്റിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം പറയുന്നുണ്ട്യ
- പ്രോട്ടീൻ കൂടുതൽ ഉൾപ്പെടുത്തുക
ഭക്ഷണത്തിൽ കാർബ്സ്, ഫാറ്റ് എന്നിവ കുറച്ച് പ്രോട്ടീൻ വർധിപ്പിക്കുന്നത് വെയിറ്റ് ലോസ് യാത്രയിൽ വളരെ പ്രധാനമാണെന്ന് റയാൻ പറയുന്നു. ഭക്ഷണത്തിൽ പ്രോട്ടീൻ കൂടുതൽ ഉൾപ്പെടുത്തുന്നതോടെ വിശപ്പ് കുറയും. മുട്ട, പരിപ്പ് വർഗ്ഗങ്ങൾ, ചിക്കൻ, മത്സ്യം, പാലുൽപ്പന്നങ്ങൾ എന്നിവ പ്രോട്ടീന്റെ മികച്ച സ്രോതസ്സുകളാണ്. പ്രോട്ടീൻ ദഹിപ്പിക്കാൻ ശരീരം കൂടുതൽ കലോറി ഉപയോഗിക്കും. പ്രോട്ടീൻ്റെ അളവ് വർധിപ്പിക്കുന്നത് ശരീരഭാരം കുറക്കുന്നതിൻ്റെ വേഗത വർധിപ്പിക്കും.
ലിഫ്റ്റിന് പകരം പടികൾ ഉപയോഗിക്കുക, പരമാവധി നടക്കാൻ ശ്രമിക്കുക എന്നിവ ശീലമാക്കുക. ആഴ്ചയിൽ ചുരുങ്ങിയത് 150 മിനിറ്റ് എങ്കിലും മിതമായ രീതിയിലുള്ള വ്യായാമം അത്യാവശ്യമാണ്.
മസിൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വ്യായാമങ്ങൾ (ഉദാഹരണത്തിന് വെയ്റ്റ് ലിഫ്റ്റിംഗ്) ചെയ്യുന്നത് ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കും. മസിലുകൾ കൂടുന്തോറും കൂടുതൽ കലോറി ഉപയോഗിക്കാൻ ശരീരത്തിന് സാധിക്കും.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ സമ്മർദങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നാണ് ഇദ്ദേഹം പറയുന്നത്. മാനസിക സമ്മർദം വർധിക്കുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്നത് കൂടും എന്നാണ് പറയുന്നത്. ഇങ്ങനെ ഭക്ഷണം കഴിക്കുന്നതിനെ 'ഇമോഷണൽ ഈറ്റിംഗ്' എന്നാണ് പറയുക. ഇമോഷണൽ ഈറ്റിംഗിലൂടെ ഭാരം കൂടും. അതുകൊണ്ട് മനസ്സിനെ ശാന്തമാക്കുന്ന വ്യായാമങ്ങൾ ശീലമാക്കുക.
((( ശരീരഭാരം കുറക്കാൻ സഹായിക്കുന്ന മറ്റ് പ്രധാന മാർഗങ്ങൾ എന്ന ഭാഗം ഇന്ത്യൻ എക്സ്പ്രസ് പ്രതിനിധി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിലെ റിതിക സമദ്ദാറിനോട് സംസാരിച്ച് തയ്യാറാക്കിയിട്ടുള്ളതാണ് )))