തിരക്കുകൾ മാറ്റിവെക്കൂ... മാനസികാരോഗ്യത്തിന് ശ്രദ്ധനൽകാൻ സമയമായി
കോവിഡിനു ശേഷം മാനസിക പ്രശ്നങ്ങൾക്കു വിധേയരാകുന്നവരുടെ എണ്ണത്തിൽ 25 ശതമാനത്തോളം വർധനവുണ്ടായി; ഈ പ്രശ്നത്തെ ശരിയായി നേരിടുന്നതിൽ ലോകം വിജയിച്ചോ?
21-ാം നൂറ്റാണ്ട്, വർഷം 2022! ലോകം അവിശ്വസനീയമായ വേഗത്തിലാണ് നീങ്ങുന്നത്, കൂടെ നമ്മളും! എല്ലാം മാറിക്കൊണ്ടിരിക്കുകയും അതിവേഗം മാറുകയും ചെയ്യുന്നുണ്ടെങ്കിലും 'മാനസികാരോഗ്യ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ആ വേഗവും താല്പര്യവും ഉണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
തിരക്കേറിയ ദിനചര്യകളും ഉയർച്ച തേടിയുള്ള ജീവിതത്തിൽ ചുമത്തപ്പെടുന്ന സമ്മർദവും നമ്മെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. എല്ലായ്പോഴും വലുതോ, മെച്ചപ്പെട്ടതോ, മികച്ചതോ ആയ എന്തെങ്കിലും നമ്മൾ തേടിക്കൊണ്ടേയിരിക്കുകയാണ്. നിർഭാഗ്യവശാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങൾ നമ്മുടെ ലോകവീക്ഷണത്തെയും ജീവിത കാഴ്ചപ്പാടുകളേയും അട്ടിമറിക്കുകയുണ്ടായി.
കോവിഡ്-19 മഹാമാരിയുടെ വിനാശകരമായ ആഘാതം ലോകത്തെ സ്തംഭിപ്പിക്കുന്നതായിരുന്നു. നമ്മൾ പഠിച്ചതും ആർജിച്ചെടുത്തതുമായ കാര്യങ്ങളെല്ലാം വ്യത്യസ്തമായ വഴിത്തിരിവിലെത്തി നിന്ന സാഹചര്യം നാം മുന്നിൽക്കണ്ടു. നമ്മളിൽ പലരും ജീവിതത്തിൽ വേഗത കുറയ്ക്കാനും, പരസ്പരം കേൾക്കാനും കരയാനും തുടങ്ങി. അന്ധകാരത്തിന്റെ മറവിയിൽ നിന്ന് പതിയെ ഉണർന്ന് സംസാരിക്കാനും ചിന്തിക്കാനും തുടങ്ങി. നമ്മൾ ഏറ്റവും നിസ്സഹായരും എന്നാൽ ചിലപ്പോഴൊക്കെ പ്രതീക്ഷയുള്ളവരുമായി തുടങ്ങി.
എല്ലാം മാറിത്തുടങ്ങിയതോടൊപ്പം ആഗോളതലത്തിൽ മാനസികാരോഗ്യ നിലയും മാസനിക രോഗങ്ങളും ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് നീങ്ങിയത്. 700 കോടിയിലേറെ ജനസംഖ്യയുള്ള ലോകത്ത് പത്തിൽ ഒരാൾ വീതം മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ ആണ്. വികസ്വര രാജ്യങ്ങളിൽ, മുക്കാൽപങ്ക് മനുഷ്യർക്കും ഇപ്പോഴും ഒരു തരത്തിലുമുള്ള മാനസികാരോഗ്യ സേവനങ്ങളും ചികിത്സകളും ലഭിക്കാതെ പോകുന്നു എന്നതാണ് വാസ്തവം. കോവിഡ് 19 നു ശേഷം വിഷാദരോഗം (ഡിപ്രെഷൻ), ഉത്കണ്ഠ (ആംക്സൈറ്റി) തുടങ്ങിയ രോഗാവസ്ഥ 25 ശതമാനത്തോളം വർധിച്ചതായാണ് കണക്കുകൾ പറയുന്നത്.
ഈ പശ്ചാത്തലത്തിൽ, മാനസികാരോഗ്യ സംരക്ഷണം എന്നത് വ്യക്തികളുടെ മാത്രം താൽപര്യമോ ബാധ്യതയോ ആവേണ്ടതല്ലെന്നും സർക്കാർ തലത്തിലുള്ള നയങ്ങളും മാറ്റങ്ങളും മുൻനിരയിൽ വരേണ്ടതാണെന്നുമുള്ള നിർദേശങ്ങളാണ് ഉയരുന്നത്. ഗുണനിലവാരമുള്ള മാനസികാരോഗ്യ സേവനങ്ങളും ചികിത്സാസൗകര്യങ്ങളും ഉറപ്പു വരുത്തുക, മാനസിക രോഗ സാധ്യത കുറയ്ക്കുന്ന പ്രതിരോധ നടപടികൾ എടുക്കുക, സാമൂഹിക ക്ഷേമ നയങ്ങൾ പ്രോത്സാഹിപ്പിക്കുക, മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന പൗരന്മാർക്കും കുടുംബങ്ങൾക്കും പിന്തുണ നൽകുക, സ്കൂൾ കോളേജ് തലത്തിൽ തന്നെ ബോധവൽക്കരണ പരിപാടികൾ നടത്തുക, മാനസികാരോഗ്യ സാക്ഷരതാ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള നടപടികൾ എടുക്കുക തുടങ്ങിയവയെല്ലാം അനിവാര്യമാണ്.
ഇതിനോടൊപ്പം ലൈഫ്‌സ്‌പൻ ഇന്റർവെൻഷൻസ് അഥവാ ജീവിതകാലയളവിലെ ഗർഭം, ജനനം, കുട്ടിക്കാലം, കൗമാരപ്രായം, പ്രായപൂർത്തിയായവർ, മുതിർന്നവർ തുടങ്ങി ഓരോ ഘട്ടത്തിലും നൽകേണ്ട മാനസിക - ശാരീരിക പിന്തുണകൾ ഒരു മുതൽക്കൂട്ടായി കണക്കാക്കാവുന്നതാണ്. മാനസിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്കെതിരെ വിവേചനവും ഒറ്റപ്പെടുത്തലും പരിഹരിക്കുക എന്നതും സാമൂഹിക ബാധ്യതയാണ്.
കോവിഡ് മഹാമാരി വന്നപ്പോൾ ഒറ്റക്കെട്ടായി ആരോഗ്യമേഖല നിലനിന്നത് തികച്ചും പ്രശംസനീയമായ കാര്യമാണ്. എന്നാൽ, മാനസിക പ്രതിസന്ധികളെയും രോഗങ്ങളെയും ശരിയായ രീതിയിൽ നേരിടാനോ അതിജീവിക്കാനോ ലോകരാജ്യങ്ങൾ, പ്രത്യേകിച്ചും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾ പൂർണാർത്ഥത്തിൽ ഇതുവരെ തയ്യാറായിട്ടില്ല എന്നത് സർക്കാരിന്റെയും ജനങ്ങളുടെയും പോരായ്മയിലേക്കുള്ള ചൂണ്ടുപലകയാണ്.
ഈ വർഷത്തെ മാനസികാരോഗ്യ ദിന പ്രമേയം 'എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുൻഗണനയാക്കുക' എന്നതാണ്. മാനസികാരോഗ്യം ശാരീരികാരോഗ്യം പോലെ തന്നെ ഏറ്റവുമധികം മുൻതൂക്കം കൊടുക്കേണ്ട ഒന്നാണ് എന്നാണ് ആ സന്ദേശത്തിൽ നിന്നു നാം മനസ്സിലാക്കേണ്ടത്. നിങ്ങളോ നിങ്ങക്കറിയാവുന്ന ആരെങ്കിലും മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അനുയോജ്യമായ മാനസികാരോഗ്യ ചികിത്സാ സഹായങ്ങളും സേവനങ്ങളും തേടേണ്ടതാണ്.
ഈ വർഷ മാനസികാരോഗ്യ ദിനത്തിൽ, നമുക്കെല്ലാവർക്കും ഒത്തുചേരാം, ശബ്ദം ഉയർത്താം, ലോകത്തിന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ...