കോവിഡിന് ശേഷം ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടുന്നതായി പഠനം; ആരോഗ്യം നിലനിർത്താൻ എന്ത് ചെയ്യണം?
കോവിഡിന് ശേഷം 30-40 വയസുകാരിൽ ഹൃദയാഘാതം വർധിച്ചുകാണുന്നതായി വിവിധ പഠനങ്ങൾ തെളിയിക്കുന്നു.
മുൻകാലങ്ങളിലേതിനെ അപേക്ഷിച്ച് ഇപ്പോൾ ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നുണ്ട്. അത് കണ്ട് ആശങ്കപ്പെടാത്തവരും കുറവാണ്. എന്താണിതിന് കാരണമെന്ന ചോദ്യം എത്തിനിൽക്കുന്നത് ലോകമാകെ പടർന്നുപിടിക്കുകയും മനുഷ്യരുടെ ആരോഗ്യത്തെ മാത്രമല്ല സാമ്പത്തിക രംഗത്തെ പോലും തകിടംമറിച്ച ഒരു മഹാമാരിയിലേക്കാണ്- കോവിഡ് 19. വിവിധ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കുകയും ആളുകളുടെ ആരോഗ്യസ്ഥിതിയെ ഗുരുതരമായി ബാധിക്കുകയും ചെയ്ത കോവിഡ്, ഭേദമായാലും തുടർ പ്രശ്‌നങ്ങൾ പലതുമുണ്ടാകുമെന്ന് ഡോക്ടർമാർ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ്, മറ്റൊരു ഗുരുതര പ്രശ്‌നം കൂടി കോവിഡ് ബാധിച്ചവർക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന പഠനറിപ്പോർട്ടുകൾ പുറത്തുവരുന്നത്.
കോവിഡ് ബാധയ്ക്കു ശേഷം ചെറുപ്പക്കാരിൽ ഹൃദയാഘാതം വർധിച്ചിട്ടുണ്ടെന്നാണ് പഠനം സ്ഥിരീകരിക്കുന്നത്. കോവിഡിന് ശേഷം 30-40 വയസുകാരിൽ ഹൃദയാഘാതം വർധിച്ചുകാണുന്നതായി വിവിധ പഠനങ്ങൾ തെളിയിക്കുന്നു. ഇന്ത്യയിലെ ടെർഷിയറി ഹോസ്പിറ്റൽ ഡാറ്റ (റഫറൽ ആശുപത്രി) അനുസരിച്ച് 2021-23 കാലഘട്ടത്തിൽ കോവിഡിന് ശേഷം 40 വയസിന് താഴെയുള്ളവരിൽ ഹൃദയാഘാതം ശ്രദ്ധേയമായി ഉയർന്നുകാണുന്നുവെന്നാണ് റിപ്പോർട്ട്. കോവിഡിന് ശേഷമുള്ള കാലയളവിൽ യുവാക്കളിൽ ഹൃദയാഘാതം രണ്ടു മൂന്നു മടങ്ങ് ഉയർന്നതായി അമേരിക്കയിലെ ഡിസിസി (സെന്റർ ഫോർ ഡിസീസ് കൺട്രോൾ)യും കണ്ടെത്തി.
യുകെ ബയോബാങ്ക് സ്റ്റഡിയും കോവിഡ് ബാധയ്ക്ക് ശേഷം 12 മാസങ്ങൾക്കുള്ളിൽ ഹാർട്ട് അറ്റാക്കും സ്‌ട്രോക്കും 50 ശതമാനം വരെ കൂടിയതായി കണ്ടെത്തി. കോവിഡ് അണുബാധയുണ്ടായ 1,50,000ത്തിലധികം വ്യക്തികളിൽ നടത്തിയ മറ്റൊരു പഠനത്തിൽ, മുമ്പ് ഹൃദ്രോഗമില്ലാത്തവരിൽ പോലും മയോകാർഡിയൽ ഇൻഫ്രാക്ഷൻ, ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വർധിച്ചതായി കണ്ടെത്തി. അണുബാധയ്ക്ക് ശേഷം മൂന്ന് വർഷം വരെ ഈ ഉയർന്ന അപകടസാധ്യത നിലനിൽക്കുന്നതായും പഠനത്തിൽ കണ്ടെത്തലുണ്ട്.
കോവിഡ് ബാധ മൂലം പലവിധ പ്രശ്നങ്ങളാണ് ഹൃദയത്തിനുണ്ടാകുന്നത്. ഹൃദയപേശികളുടെ സമൂലമായ വീക്കം മൂലം മയോകാർഡൈറ്റിസ്, ഹൃദയ അറകളുടെ സങ്കോചനക്ഷയവും ഹൃദയപരാജയവും, സ്പന്ദനത്തിലെ താളം തെറ്റൽ, ഹൃദയസഞ്ചിക്കുള്ളിൽ ദ്രാവകം നിറയുന്നു (പെരികാർഡിയൽ എഫ്യൂഷൻ) എന്നിവ കൂടാതെയാണ് ഹൃദയാഘാതത്തിനു കൂടി കോവിഡ് ബാധ കാരണമാകുന്നത്.
തുടക്കത്തിൽ ശ്വാസകോശ സംബന്ധമായ അസുഖമായാണ് കോവിഡിനെ കണ്ടതെങ്കിലും ഹൃദയ സംവിധാനത്തിൽ കാര്യമായ പ്രശ്നങ്ങളുണ്ടാക്കുന്നതാണ് അതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. കോവിഡ് വൈറസ് രക്തക്കുഴലുകളിൽ വീക്കം പ്രോത്സാഹിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് വർധിപ്പിക്കുകയും രക്തസമ്മർദം വർധിക്കാൻ കാരണമാവുകയും ചെയ്യും. പ്രത്യേകിച്ച് ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ, പൊണ്ണത്തടി, രക്താതിമർദം, പ്രമേഹം തുടങ്ങിയവ ഉള്ളതും എന്നാൽ പലപ്പോഴും രോഗനിർണയം ചെയ്യപ്പെടാത്തതുമായ അവസ്ഥകളുള്ള രോഗികളിൽ ഹൃദയാഘാത സാധ്യത കൂട്ടുന്ന പ്രശ്നങ്ങളാണിവ.
കോവിഡിന് ശേഷം ഹൃദയാരോഗ്യം സമഗ്രമായി നിലനിർത്താൻ എന്ത് ചെയ്യണം?
ശരീര സംരക്ഷണം
ദിവസവും കുറഞ്ഞത് 7-8 മണിക്കൂർ ഉറക്കം
സ്ഥിര വ്യായാമം: മിതമായ എയ്‌റോബിക് വ്യായാമ മുറകളാണ് നല്ലത്. കഠിനമായ വർക്കൗട്ടുകൾ ചെയ്യരുത്. ശരീരത്തിന് യോജിച്ചവ തിരഞ്ഞെടുക്കണം.
ഏറെ പഴങ്ങളും പച്ചക്കറികളുമടങ്ങുന്ന സമീകൃതാഹാരം കഴിക്കുക
ഫാസ്റ്റ് ഫുഡ്, എണ്ണ കൂടുതലായുള്ള വറുത്ത ഭക്ഷണ പദാർഥങ്ങൾ, പഞ്ചസാര എന്നിവ കഴിവതും ഒഴിവാക്കുക.
ഹൃദയസംരക്ഷണം
കോവിഡ് വന്നിട്ടുള്ളവർ നെഞ്ചുവേദന, കൂടിയ നെഞ്ചിടിപ്പ്, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടാൽ എത്രയും വേഗം വൈദ്യസഹായം തേടുക.
രക്തസമ്മർദം, കൊളസ്‌ട്രോൾ, രക്തത്തിലെ പഞ്ചസാര തുടങ്ങിയവ നിയന്ത്രണവിധേയമാക്കുക.
കൃത്യമായ കാലയളവിൽ കാർഡിയോളജി പരിശോധനകൾ (എക്കോ, ടിഎംടി) ചെയ്യുക.
ശ്വാസകോശാരോഗ്യം
തുടർച്ചയായ ചുമ, ശ്വാസംമുട്ടൽ എന്നിവയുണ്ടായാൽ പൾമണോളജിസ്റ്റിനെ കാണുക.
പുകവലിയുള്ളവരാണെങ്കിൽ അതൊഴിവാക്കുക.
മാനസികാരോഗ്യം
കോവിഡ് കഴിഞ്ഞ് പലർക്കും ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. മെഡിറ്റേഷനും യോഗയും സുഹൃത്തുക്കളുമായുള്ള ഇടപെടലും ഇത്തരം സാഹചര്യങ്ങൾ മെച്ചപ്പെടാൻ സഹായിക്കും.