''രാജ്യസുരക്ഷയെ കുറിച്ച് ക്ലാസെടുക്കുന്നു; അരുണാചലിലെ ചൈനീസ് കയ്യേറ്റത്തെ കുറിച്ച് മിണ്ടുന്നില്ല'' മോദി സർക്കാറിനെതിരെ കോൺഗ്രസ്

അരുണാചൽ പ്രദേശിലെ ഷിയോമി ജില്ലയിൽ ചൈന കെയേറ്റം നടത്തി 60 കെട്ടിടങ്ങൾ നിർമിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു

Update: 2021-11-21 15:53 GMT
Advertising

രാജ്യസുരക്ഷയെ കുറിച്ച് ജനങ്ങൾക്ക് ക്ലാസെടുക്കുന്ന ബിജെപിയും അവരുടെ കേന്ദ്രസർക്കാറും അരുണാചൽ പ്രദേശിൽ രണ്ടാമതൊരു സ്ഥലത്ത് കൂടി ചൈന കയ്യേറ്റം നടത്തി കെട്ടിടം നിർമിക്കുമ്പോൾ മിണ്ടാത്തതെന്തെന്ന് കോൺഗ്രസ്. രാജ്യസുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന ചൈനീസ് അധിനിവേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാത്തതും സംഭവത്തിൽ എന്ത് നടപടിയെടുത്തെന്ന് രാജ്യത്തെ അറിയിക്കാത്തതും കോൺഗ്രസ് ചോദ്യം ചെയ്തു. ഈ മൗനം കുറ്റകരവും നിഷേധാത്മകവുമാണെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി കുറ്റപ്പെടുത്തി.

ഇന്ത്യൻ അതിർത്തിയുടെ ആറേഴ് കിലോമീറ്ററിനുള്ളിൽ ചൈന പണിത രണ്ടാം ഗ്രാമത്തിന്റെ സാറ്റലൈറ്റ് ചിത്രവും അദ്ദേഹം കാണിച്ചു. 60 കെട്ടിടങ്ങളാണ് ചിത്രത്തിലുള്ളത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ചൈനീസ് പ്രസിഡൻറ് ഈ സ്ഥലത്തിന്റെ അടുത്തുവരെ വന്നതായും അദ്ദേഹം ആരോപിച്ചു. ''രാജ്യസുരക്ഷയുടെ ഈ നിർവചനം ഞങ്ങൾക്ക് മനസ്സിലാകുന്നില്ല. ജനങ്ങളെയല്ലാം രാജ്യസുരക്ഷയെ കുറിച്ച് ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ശകാരിക്കുകയും ചെയ്യുന്ന നിങ്ങൾ ഇത്തരം കാര്യങ്ങളിൽ മിണ്ടാതിരിക്കുന്നു'' സിംഗ്‌വി പറഞ്ഞു. ഇന്ത്യയുടെ അഖണ്ഡതയെ ബാധിക്കുന്ന ഈ വിഷയം വഴിതിരിച്ചുവിടുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ രൺദീപ് സിംഗ് സുർജേവാലയും ഇക്കാര്യത്തിൽ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. അരുണാചൽ പ്രദേശിലെ ചൈനയുടെ അധിനിവേശം അസ്വീകാര്യമാണെന്ന് ഈയടുത്ത് വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. ഇതായിരുന്നു കേന്ദ്രസർക്കാറിന്റെ ആദ്യ ഔദ്യോഗിക പ്രതികരണം. ''അരുണാചൽ പ്രദേശിലെ അതിർത്തികളിൽ കുറച്ചു വർഷങ്ങളായി ചൈന അധിനിവേശം നടത്തുകയും നിർമാണപ്രവൃത്തികളിലേർപ്പെടുകയും ചെയ്യുന്നുണ്ട്. അത്തരം പ്രവൃത്തികളും ചൈനീസ് വാദങ്ങളും നാം സ്വീകരിക്കുന്നില്ല'' വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചു.

അരുണാചൽ പ്രദേശിലെ ഷിയോമി ജില്ലയിൽ ചൈന കെയേറ്റം നടത്തി 60 കെട്ടിടങ്ങൾ നിർമിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എൻഡിടിവിയാണ് മാക്സർ ടെക്നോളജീസ്, പ്ലാനറ്റ് ലാബ് എന്നീ സ്ഥാപനങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങൾ അടിസ്ഥാനമാക്കി റിപ്പോർട്ട് ചെയ്തിരുന്നത്. പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം 2019 ൽ ഈ കെട്ടിടങ്ങളുണ്ടായിരുന്നില്ല. ഒരു വർഷം കൊണ്ടാണ് കെട്ടിടങ്ങൾ നിലവിൽ വന്നത്. നരത്തെ അരുണാചൽപ്രദേശിൽ തന്നെ ചൈന ഭൂമി കൈയേറി ഒരു ഗ്രാമം നിർമിച്ചിരുന്നു. ഇതിൽ നിന്ന് 93 കിലോമീറ്റർ കിഴക്കായാണ് പുതിയ കൈയേറ്റം. ചൈനയുടെ കൈയേറ്റം അമേരിക്കൻ ഏജൻസിയായ പെന്റഗൺ സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിർത്തിക്കും ഇടയിൽ ഇന്ത്യ അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് ചൈനയുടെ പുതിയ നിർമാണം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News