പ്ലേറ്റ്‌ലെറ്റിന് പകരം മുസംബി ജ്യൂസ് കയറ്റിയ രോഗി മരിച്ച സംഭവം: ഉത്തർപ്രദേശിൽ 10 പേർ പിടിയിൽ

മുസംബി ജ്യൂസ് കാഴ്ചയിൽ പ്ലാസ്മ പോലെ ഇരുന്നതിനാൽ തിരിച്ചറിയാനായില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം

Update: 2022-10-22 02:09 GMT
Editor : ലിസി. പി | By : Web Desk

ലഖ്‌നൗ: ഉത്തർപ്രദേശിൽ വ്യാജ പ്ലേറ്റ്‌ലെറ്റ് വിൽപ്പന നടത്തിയ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലഡ്ബാങ്കിൽ നിന്നും പ്ലാസ്മ വാങ്ങി വിൽപ്പന നടത്തുന്ന സംഘമാണ് അറസ്റ്റിലായത്. പ്ലേറ്റ്‌ലെറ്റ് എന്ന പേരിൽ ഡെങ്കിപ്പനി രോഗികൾക്കാണ് സംഘം പ്ലാസ്മ വിൽപ്പന നടത്തിയിരുന്നത്. പ്ലേറ്റ്‌ലെറ്റിന് പകരം ജ്യൂസ് നൽകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വ്യാജ പ്ലാസ്മ വിതരണം ചെയ്തുവെന്ന ആരോപണത്തിൽ ഉത്തർപ്രദേശ് സർക്കാർ അന്വേഷണത്തിന് നിർദേശം നൽകിയിരുന്നു.

Advertising
Advertising

ഉത്തർപ്രദേശ് പ്രയാഗ് രാജിലെ ഗ്ലോബൽ ഹോസ്പിറ്റൽ ആൻഡ് ട്രോമ സെന്ററിലാണ് പ്ലാസ്മയ്ക്കു പകരം മുസംബി ജ്യൂസ് നൽകിയതിനെ തുടർന്ന് ഡെങ്കിപ്പനി ബാധിതൻ മരിച്ചത്. തുടർന്ന് ആശുപത്രി ജില്ലാ ഭരണകൂടം അടച്ചുപൂട്ടി സീൽ ചെയ്തിരുന്നു. പ്ലാസ്മയ്ക്കു പകരം മുസംബി ജ്യൂസ് ഡ്രിപ്പായി നൽകിയതിനെ തുടർന്ന് 32കാരനാണ് മരിച്ചത്. തുടർന്ന് ആശുപത്രിക്കെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ശേഷമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. രോഗിയുടെ മരണത്തിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുടുംബം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

രോഗിയുടെ നില വഷളായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയപ്പോഴാണ് പ്ലാസ്മ ബാഗിൽ നിറച്ചിരിക്കുന്നത് മുസംബി ജ്യൂസാണെന്ന് വ്യക്തമായത്. മുസംബി ജ്യൂസ് കാഴ്ചയിൽ പ്ലാസ്മ പോലെ ഇരുന്നതിനാൽ തിരിച്ചറിയാനായില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. മുംസബി ജ്യൂസ് നിറച്ച ബ്ലഡ് പായ്ക്ക് ഉയർത്തിക്കാട്ടിയുള്ള ബന്ധുക്കളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഡെങ്കിപ്പനി ബാധിതന് പ്ലാസ്മയ്ക്കു പകരം മുസംബി ജ്യൂസ് നൽകിയ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തന്റെ നിർദേശ പ്രകാരം ആശുപത്രി സീൽ ചെയ്ത് പായ്ക്കറ്റുകൾ പരിശോധനയ്ക്ക് അയച്ചതായി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ട്വീറ്റ് ചെയ്തു. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ ആശുപത്രിക്കെതിരെ കർശന നടപടിയെടുക്കുമെന്നും പഥക് പറഞ്ഞു. അതേസമയം, രോഗിയുടെ ബന്ധുക്കളെ കൊണ്ട് സർക്കാരിന്റെ രക്തബാങ്കിൽ നിന്നാണ് അഞ്ച് ബാഗ് പ്ലാസ്മ വാങ്ങിപ്പിച്ചതെന്നും ഇതിൽ മൂന്നെണ്ണം കൊടുത്തപ്പോൾ തന്നെ രോഗിയുടെ നില മെച്ചപ്പെട്ടതിനാൽ പ്ലാസ്മ നൽകുന്നത് അവസാനിപ്പിച്ചിരുന്നുവെന്നുമാണ് ആശുപത്രി ഉടമയുടെ വാദം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News