യാസീൻ മാലികിനെ ശിക്ഷിച്ചതിനെതിരെ പ്രതിഷേധിച്ച 10 പേർ ശ്രീനഗറിൽ അറസ്റ്റിൽ

തീവ്രവാദ ഫണ്ടിങ് കേസിൽ ഡൽഹി എൻഐഎ കോടതിയാണ് ബുധനാഴ്ച യാസീൻ മാലികിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

Update: 2022-05-26 10:20 GMT
Advertising

ശ്രീനഗർ: വിഘടനവാദി നേതാവ് യാസീൻ മാലികിനെ ശിക്ഷിച്ചതിനെതിരെ മുദ്രാവാക്യം മുഴക്കിയും പൊലീസിന് നേരെ കല്ലെറിഞ്ഞും പ്രതിഷേധിച്ച 10 പേർ അറസ്റ്റിൽ. യുഎപിഎ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടുതൽ ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

കലാപമുണ്ടാക്കൽ, ദേശവിരുദ്ധവും വർഗീയവുമായ മുദ്രാവാക്യങ്ങൾ മുഴക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ പ്രതികൾ ഏർപ്പെട്ടതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച അർധരാത്രി വ്യതസ്ത സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്.

യുഎപിഎയിലെ സെക്ഷൻ 13, ഐപിസി സെക്ഷൻ 120ബി, 147, 148, 149, 336 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് രാകേഷ് ബലാവൽ പറഞ്ഞു. പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുത്ത് അവരെ ജമ്മു കശ്മീരിന് പുറത്തുള്ള ജയിലുകളിൽ പാർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ ഫണ്ടിങ് കേസിൽ ഡൽഹി എൻഐഎ കോടതിയാണ് ബുധനാഴ്ച യാസീൻ മാലികിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതിന് പിന്നാലെ മയ്‌സുമയിലുള്ള യാസീൻ മാലികിന്റെ വസതിക്ക് മുന്നിൽ സംഘടിച്ച സ്ത്രീകളടക്കമുള്ള സംഘം അദ്ദേഹത്തെ പിന്തുണച്ച് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇവർ കല്ലെറിഞ്ഞു. പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News