1.08 കോടി വോട്ടർമാർ പുറത്ത്! കർണാടകയിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ കണക്കുകൾ പ്രകാരം, പരിശോധനയ്ക്കിടെ 1,08,76,625 പേരുടെ എൻയുമറേഷൻ ഫോമുകൾ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയില്ല.

Update: 2026-10-27 17:12 GMT

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് പിന്നാലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പരിഷ്കരണത്തിനു മുമ്പുണ്ടായിരുന്ന 5.54 കോടി വോട്ടർമാരിൽ നിന്ന് ഒരു കോടിയിലധികം പേരുകൾ ഒഴിവായതോടെ ആകെ വോട്ടർമാരുടെ എണ്ണം 4.54 കോടിയായി കുറഞ്ഞു. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ 4,54,55,689 വോട്ടർമാരാണുള്ളത്.

കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസിന്റെ കണക്കുകൾ പ്രകാരം, പരിശോധനയ്ക്കിടെ 1,08,76,625 പേരുടെ എൻയുമറേഷൻ ഫോമുകൾ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. നോട്ടീസും ഹിയറിങ്ങും ഉൾപ്പെടെയുള്ള നടപടികൾക്കുശേഷം 61,867 പേരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അയോഗ്യരായും കണ്ടെത്തി.

Advertising
Advertising

അന്തിമ പട്ടികയിൽ 2,25,40,493 പുരുഷ വോട്ടർമാരും 2,29,12,355 വനിതാ വോട്ടർമാരുമുണ്ട്. മൂന്നാം ലിംഗ വിഭാഗത്തിൽ 2,841 വോട്ടർമാരും പട്ടികയിൽ ഇടംപിടിച്ചു. 18–19 പ്രായപരിധിയിലുള്ള 6.83 ലക്ഷത്തിലധികം യുവ വോട്ടർമാരും കർണാടകയിലുണ്ട്.

ജൂൺ 30ന് കർണാടകയിൽ ആരംഭിച്ച പരിശോധനയിൽ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി എൻയുമറേഷൻ ഫോമുകൾ ശേഖരിക്കുകയും വോട്ടർമാരുടെ വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു. 2002നുശേഷം സംസ്ഥാനത്ത് നടന്ന ആദ്യത്തെ വിപുലമായ പരിശോധനയായിരുന്നു ഇത്.

പരിഷ്കരണത്തിനു മുമ്പ് സംസ്ഥാനത്ത് 5,54,32,314 വോട്ടർമാരുണ്ടായിരുന്നു. ഇവർക്കായി തയ്യാറാക്കിയ ഫോമുകളിൽ 4,46,35,975 എണ്ണം പൂരിപ്പിച്ച് സമർപ്പിച്ചു. തുടർന്ന് ഓഗസ്റ്റ് 24ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഇവരെ ഉൾപ്പെടുത്തി.

കരട് പട്ടിക തയ്യാറാക്കിയപ്പോൾ 1,07,96,339 പേരുടെ വിവരങ്ങൾ ഉൾപ്പെടുത്താനായില്ല. സ്ഥിരമായി താമസം മാറിയവർ, പരിശോധനയ്ക്കിടെ കണ്ടെത്താനാകാത്തവർ, മരിച്ചവർ, ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തവർ തുടങ്ങിയ വിഭാഗങ്ങളിലാണ് ഇവരെ ഉൾപ്പെടുത്തിയിരുന്നത്.

ഇതിൽ ഏറ്റവും വലിയ വിഭാഗം സ്ഥിരമായി താമസം മാറിയവരുടേതാണ്. ആകെ 65,45,679 പേരെയാണ് ഈ വിഭാഗത്തിൽ രേഖപ്പെടുത്തിയത്. കൂടാതെ 19,00,926 പേരെ ഹാജരാകാത്തവരായും 16,39,864 പേരെ മരിച്ചവരായും രേഖപ്പെടുത്തി. മറ്റിടങ്ങളിൽ ഇതിനകം വോട്ടറായി രജിസ്റ്റർ ചെയ്തവരും ഇരട്ട എൻട്രികളുള്ളവരുമായ 7,09,870 പേരും കരട് പട്ടികയിൽ ഉൾപ്പെട്ടില്ല.

വോട്ടർമാരുടെ വിവരങ്ങളിൽ പരിശോധന ആവശ്യമായ 43,82,824 കേസുകളിൽ നോട്ടീസ് നൽകുകയും ഹിയറിങ് നടത്തുകയും ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ നടപടികൾ ഒക്ടോബർ 22ന് പൂർത്തിയായി.

തുടർന്നാണ് 61,867 പേരെ അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ അയോഗ്യരായി കണ്ടെത്തിയത്. പരിശോധനയ്ക്കിടെ ഫോമുകൾ ഉൾപ്പെടാതിരുന്നവരുടെ എണ്ണവും ഹിയറിങ്ങിനുശേഷം അയോഗ്യരായി കണ്ടെത്തിയവരുടെ എണ്ണവും വ്യത്യസ്ത കണക്കുകളാണെന്നതും ശ്രദ്ധേയമാണ്.

കരട് പട്ടിക പ്രസിദ്ധീകരിച്ച ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ 10,08,038 പേരെ വോട്ടർ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തി. 1,88,324 പേരുകൾ നീക്കം ചെയ്യുകയും 8,96,519 എൻട്രികളിൽ തിരുത്തലുകൾ വരുത്തുകയും ചെയ്തു. അപേക്ഷകളുടെ പരിശോധനയും തീർപ്പാക്കലും ഒക്ടോബർ 22 വരെ തുടർന്നു.പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനായി ഉപയോഗിക്കുന്ന ഫോം 6 വഴി 8,77,104 പേരെ പട്ടികയിൽ ഉൾപ്പെടുത്തി. ഫോം 6A വഴി 2,312 പേരെയും ഫോം 8 വഴി 1,28,622 പേരെയും ചേർത്തു.

Tags:    

Writer - ഹഫീസ പി.കെ

contributor

Editor - ഹഫീസ പി.കെ

contributor

By - Web Desk

contributor

Similar News