'ട്രെയിന്‍ യാത്രക്കിടെ പാന്‍ട്രി കാറിലേക്ക് പോയി'; പ്രശാന്ത് കിഷോറിന്റെ സഹപ്രവര്‍ത്തകന്‍ വനത്തില്‍ മരിച്ച നിലയില്‍

ജന്‍ സുരാജ് പാര്‍ട്ടിയുടെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മാനേജറായ ദേവ്പാലിക് ഗുപ്ത(31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2026-10-27 12:53 GMT

റാഞ്ചി: പ്രശാന്ത് കിഷോര്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ജന്‍ സുരാജ് പാര്‍ട്ടിയുടെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മാനേജറായ ദേവ്പാലിക് ഗുപ്ത(31)യെ മരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിന്‍ യാത്രക്കിടെ കാണാതായ ദേവ്പാലിക്കിനെ ജാര്‍ഖണ്ഡിലെ കാട്ടില്‍ നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

റാഞ്ചിയില്‍ നിന്ന് ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കിടെയായിരുന്നു ദേവ്പാലിക്കിനെ കാണാതായത്. ഇന്നലെ റാഞ്ചിയില്‍ നിന്ന് പട്‌നയിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം.

യാത്ര ആരംഭിച്ച് ഏകദേശം 10 മിനിറ്റിന് ശേഷം, ഗുപ്ത തന്നോട് പാന്‍ട്രി കാറിലേക്ക് പോവുകയാണെന്ന് പറഞ്ഞതായി ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗൗതം കുമാര്‍ പ്രതികരിച്ചു. എന്നാല്‍ പിന്നീട് അദ്ദേഹം സീറ്റിലേക്ക് തിരികെ എത്തിയില്ല. തുടര്‍ന്ന് ട്രെയിന്‍ മുഴുവനായും പരിശോധിച്ചെങ്കിലും ദേവ്പാലിക്കിനെ കണ്ടെത്താനായില്ല.

Advertising
Advertising

പിന്നാലെ ലോക്കല്‍ പൊലീസും റെയില്‍വേ അധികൃതര്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെയാണ് റാഞ്ചിക്ക് സമീപമുള്ള വനമേഖലയില്‍ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണം നടക്കുമ്പോള്‍ ഗുപ്തയുടെ ഫോണ്‍ സ്വിച്ച് ഓഫുമായിരുന്നു.

റാഞ്ചി കഴിഞ്ഞാല്‍ മുരിയാണ് അടുത്ത സ്റ്റോപ്പ്. എന്നാല്‍ സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ ഗുപ്ത മുരിയില്‍ ഇറങ്ങിയതായി കണ്ടെത്താനായില്ല. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഗുപ്ത ട്രെയിനില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്ന് മുരി ജങ്ഷനിലെ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ഗുപ്ത ട്രെയിനില്‍ നിന്ന് കാല്‍ തെന്നി താഴെ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഗുപ്തയുടെ മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ജന്‍ സുരാജ് ദേശീയ വക്താവ് കുമാര്‍ സൗരഭ് സിങ് ആവശ്യപ്പെട്ടു.

നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനോട് ആവശ്യപ്പെടുകയും ചെയ്തു.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News