ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ്; പുതിയ വേദി പ്രഖ്യാപിച്ച് ഇന്‍ഡ്യ മുന്നണി

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് പരിപാടി നടത്തും

Update: 2026-10-28 04:02 GMT

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റിന് പുതിയ വേദി പ്രഖ്യാപിച്ച് ഇന്‍ഡ്യ മുന്നണി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് പരിപാടി നടത്തും. ഗ്യാനേഷ് കുമാറിനെതിരായ പരസ്യ വിചാരണ ഡല്‍ഹി അശോക ഹോട്ടലില്‍ നടത്താനായിരുന്നു ഇന്‍ഡ്യ സഖ്യത്തിന്റെ തീരുമാനം.

എന്നാല്‍ രാംലീല മൈതാനം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് പുതിയ നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. രാജാജി മാര്‍ഗിലുള്ള ഖര്‍ഗെയുടെ വസതിയിലെ ഗാര്‍ഡനില്‍ സജ്ജീകരിക്കുന്ന വേദിയില്‍ ഒരു പാര്‍ലമെന്റ് സെഷന്റെ മാതൃകയിലായിരിക്കും പരിപാടി നടക്കുക. പ്രതിപക്ഷ നേതാക്കള്‍ക്ക് പുറമെ മുന്‍ ജഡ്ജിമാരെയും നിയമവിദഗ്ധരെയും പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണി.

Advertising
Advertising

നിലവില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ മുന്നണി സംഘടിപ്പിക്കുന്ന മഹാറാലിക്കൊരുങ്ങുകയാണ് രാംലീല മൈതാനം. 'വോട്ട് സംരക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം.

രാംലീല മൈതാനിയില്‍ റാലിക്കായുള്ള പന്തല്‍ നിര്‍മാണമുള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ സ്ഥലത്തെത്തി നിര്‍മാണ പ്രവൃത്തികൾ വിലയിരുത്തുന്നുണ്ട്. പത്ത് ലക്ഷത്തോളം പേരെ പ്രതിഷേധത്തില്‍ അണിനിരക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തകരെ ഡല്‍ഹിയില്‍ എത്തിക്കും. മുഴുവന്‍ പ്രതിപക്ഷ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും. റാലിയിലെ ക്രമസമാധാന പാലനത്തിനായി 3,500-ലധികം പൊലീസ് ഉദ്യോഗസ്ഥരെയും 10 കമ്പനി റിസര്‍വ് ഫോഴ്‌സിനെയും സര്‍ക്കാര്‍ വിന്യസിക്കും.

മൈതാനത്തെ 14 സോണുകളായി തിരിച്ച് ഓരോ എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം അഞ്ച് മണിക്ക് തന്നെ അവസാനിപ്പിക്കണമെന്നും റാലിക്ക് ശേഷം ആരെയും മൈതാനത്ത് രാത്രി തങ്ങാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

ഗ്യാനേഷ് കുമാര്‍ രാജിവെക്കുകയോ അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യുന്നത് വരെ പ്രതിപക്ഷത്തിന്റെ പോരാട്ടം തുടരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

ദരിദ്രരെ മനഃപൂര്‍വം വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് ആരോപിച്ച രാഹുല്‍, ഒരു പിടി ശതകോടീശ്വരന്‍മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു രാജ്യം സൃഷ്ടിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും ചൂണ്ടിക്കാട്ടി. തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് ഗ്യാനേഷ് കുമാര്‍ ഒളിച്ചോടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം പ്രതിപക്ഷ പ്രക്ഷോഭങ്ങള്‍ക്ക് മറുപടിയായി പ്രഖ്യാപിച്ച ബിജെപിയുടെ രാജ്യവ്യാപക പദയാത്രക്ക് ഇന്ന് തുടക്കം കുറിക്കും. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News