പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യം; പാക് സാംസ്‌കാരിക മന്ത്രിക്ക് ഇന്ത്യയുടെ ക്ഷണം
ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് ക്ഷണം
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനും, മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കും ശേഷം ആദ്യമായി പാകിസ്താന്‍ മന്ത്രിക്ക് ഇന്ത്യയിലേക്ക് ക്ഷണം. പാക് സാംസ്‌കാരിക മന്ത്രി ഔറംഗസേബ് ഖാന്‍ ഖിച്ചിയെയാണ് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) സിവിലൈസേഷണല്‍ ഡയലോഗ് ഫോറത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ ക്ഷണിച്ചത്. നവംബര്‍ 20, 21 തീയതികളിലാണ് സമ്മേളനം.
2023ല്‍ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ച പാക് മന്ത്രി. അന്ന് ഗോവയില്‍ നടന്ന എസ്സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ഭൂട്ടോ എത്തിയത്.
നവംബറില്‍ നടക്കുന്ന സമ്മേളനത്തിലേക്ക് ഷാങ്ഹായ് സഹകരണ സംഘടനയിലെ പത്ത് അംഗരാജ്യങ്ങളിലെയും സാംസ്‌കാരിക മന്ത്രിമാര്‍ക്ക് ക്ഷണം നല്‍കിയിട്ടുണ്ട്. റഷ്യ, ചൈന, ഇറാന്‍, ബെലാറസ് തുടങ്ങിയ രാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പാകിസ്താന്‍ ക്ഷണം സ്വീകരിച്ചിട്ടുണ്ടോ, ആരായിരിക്കും രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
എസ്സിഒ അംഗരാജ്യങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക ബന്ധവും ആശയവിനിമയവും ശക്തിപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. പുരാതന നാഗരികതകളുടെ പൈതൃകം, കല, സാഹിത്യം, പാരമ്പര്യങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്നതിനും ചര്‍ച്ചകള്‍ക്കുമായി പരിപാടി വേദിയൊരുക്കും.