12,000 അപേക്ഷകൾ, ഷോർട്ട്‌ലിസ്റ്റ് ചെയ്തത് 2000, അഭിമുഖത്തിന് ക്ഷണിച്ചത് 450 പേരെ, ഒടുവിൽ ഒരാളെയും ജോലിക്കെടുത്തില്ല!...
രാജ്യത്തെ ഒരു ടെക് കമ്പനിയാണ് വർഷം 20 ലക്ഷം വരെ ശമ്പളം വാഗ്ദാനം ചെയ്യുന്ന പോസ്റ്റിനായി അപേക്ഷ ക്ഷണിച്ചത്
ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ(എഐ) ലോകത്താണ് ആളുകൾ. എന്തിനും ഏതിനും എഐയെ ആശ്രയിക്കുന്നവരാണ് പുതുതലമുറ. അതിനാൽ തന്നെ നേട്ടങ്ങളും കോട്ടങ്ങളും എഐക്കുണ്ട്.
യോഗ്യതയുണ്ടായിട്ടും മതിയായ വിവരങ്ങളില്ലാത്തതിനാല്‍ ഒരു ടെക് കമ്പനിക്ക് ജോലിക്ക് ആളെ കിട്ടാത്ത കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ജൂനിയർ ഫ്രണ്ട് എൻഡ്/ബാക്ക് എൻഡ് ഡെവലപ്പർമാരെ തേടിയാണ് ഇന്ത്യയിലെ ഒരു ടെക് കമ്പനി ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചത്. വര്‍ഷം 20 ലക്ഷം വരെയായിരുന്നു ശമ്പളം. ഏകദേശം 12,000 ആപ്ലിക്കേഷനുകളാണ് ഈ പോസ്റ്റിലേക്കായി വന്നത്.
സൂക്ഷ്മപരിശോധനയില്‍ തന്നെ 10,000 അപേക്ഷകള്‍ തള്ളി. 2000 പേരെയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അഭിമുഖത്തിനായി ക്ഷണിച്ചത്. അഭിമുഖത്തില്‍ കമ്പനി പ്രധാനമായും ചോദിച്ചത് കോര്‍ പ്രോഗ്രാമിങ്ങിനെക്കുറിച്ചും ഡാറ്റ സ്ട്രക്ച്ചര്‍ ആല്‍ഗോരിതങ്ങളെക്കുറിച്ചൊക്കെയുള്ള ബേസിക് കാര്യങ്ങളായിരുന്നു. പ്രശ്ന നിവാരണത്തിന് എഐ ടൂള്‍ ഉപയോഗിക്കാനും അനുമതി കൊടുത്തിരുന്നു.
എന്നാല്‍ ഇതിന്റെ കൂടൂതല്‍ വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ അഭിമുഖത്തിന് എത്തിയ എല്ലാവരും പെട്ടു. എഎ നല്‍കുന്ന വിവരങ്ങള്‍ക്കപ്പുറത്ത് ആര്‍ക്കും ഉത്തരം നല്‍കാനായില്ല. അതിനാല്‍ ഒരാളെ പോലും ജോലിക്കെടുത്തില്ല. അതേസമയം കമ്പനി ഇപ്പോള്‍ വിഷമത്തിലാണ്. തങ്ങളുടെ നിയമന പ്രക്രിയ കര്‍ശനമായതാണോ അതോ എഐ തരുന്ന വേഗത്തിലുള്ള ഉത്തരങ്ങള്‍ക്കപ്പുറം ജൂനിയർ ഡെവലപ്പർമാർ അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കുന്നതിലുള്ള പ്രശ്നമാണോ എന്നാണ് കമ്പനി ചോദിക്കുന്നത്.
അതേസമയം റെഡ്ഡിറ്റില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിനെതിരെ നിരവധി കമന്റുകളാണ് നിറയുന്നത്. ജോലി കൊടുക്കുന്നവർക്കും തേടുന്നവരും ഇക്കാര്യങ്ങളെ ഇനി ശ്രദ്ധിക്കണമെന്നാണ് പലരും പങ്കുവെക്കുന്നത്. എഐകാലത്ത് ഇനി ഇങ്ങനെയൊക്കെയാകും എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.