62 വർഷത്തെ നിയമപോരാട്ടം; 80കാരന് ലഭിക്കുന്നത് ഏഴുകോടിയുടെ ഭൂമി,വാങ്ങിയത് തുച്ഛം വിലക്ക്
പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ ഏറ്റവും പഴക്കമുള്ള സ്വത്ത് തർക്കങ്ങളിലൊന്നിലാണ് അന്തിമ വിധി വന്നിരിക്കുന്നത്
ചണ്ഡീഗഢ്: നിയമത്തിന്‍റെ നൂലാമാലകള്‍ കുരുക്കഴിക്കാന്‍ പലപ്പോഴും വര്‍ഷങ്ങളെടുക്കാറുണ്ട്. കേസിന്‍റെ പിന്നാലെ പോയി സമയവും കൈയിലെ പണവും നഷ്ടമായവര്‍ നമുക്കിടയില്‍ ഏറെയുണ്ട്. ചിലരാകട്ടെ സത്യം ജയിക്കുന്നതുവരെ പിന്നോട്ടുപോകില്ലെന്ന് വാശിയോടെ മുന്നോട്ട് പോകുന്നവരുമുണ്ട്.അത്തരത്തിലുള്ള ഒരാളുടെ കഥയാണ് പഞ്ചാബില്‍ നിന്ന് വരുന്നത്. 62 വർഷങ്ങൾക്ക് മുമ്പ് നല്‍കിയ ഭൂമി ഇടപാടു കേസില്‍ അന്തിമ വിധി വന്നത് അടുത്തിടെയാണ്. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലെ ഏറ്റവും പഴക്കമുള്ള സ്വത്ത് തർക്കങ്ങളിലൊന്നിലാണ് അന്തിമ വിധി വന്നിരിക്കുന്നത്. 25ശതമാനം അധിക വിലയ്ക്ക് ഭൂമി കൈമാറാനാണ് കൈമാറാനാണ് കോടതി ഉത്തരവ്. ഭൂമിയുടെ ഇപ്പോഴത്തെ വിപണി മൂല്യം ഏഴ് കോടിയോളം വരും.
1963-ലാണ് ഫരീദാബാദ് ജില്ലയിൽ 14,000 രൂപയിൽ താഴെ വിലയ്ക്ക് വാങ്ങിയ 5,103 ചതുരശ്ര അടി ഭൂമിയുമായി ബന്ധപ്പെട്ടാണ് കേസ് നടന്നത്. ഇപ്പോള്‍ 80വയസുള്ള സി.കെ ആനന്ദ് എന്നയാളാണ് കേസ് നല്‍കിയത്. ഫരീദാബാദിലെ സൂരജ് കുണ്ടിന് സമീപം മെസ്സേഴ്സ് ആർസി സൂദ് & കമ്പനി ലിമിറ്റഡ് ഇറോസ് ഗാർഡൻസ് റെസിഡൻഷ്യൽ കോളനി ആരംഭിക്കുന്നതോടെയാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തര്‍ക്കം ആരംഭിക്കുന്നത്.
ആനന്ദിന്റെ അമ്മ നങ്കി ദേവി 350 ചതുരശ്ര യാർഡ് വിസ്തീർണ്ണമുള്ള പ്ലോട്ട് നമ്പർ 26-എ, 217 ചതുരശ്ര യാർഡ് വിസ്തീർണ്ണമുള്ള പ്ലോട്ട് നമ്പർ ബി-57 എന്നിവ യഥാക്രമം ചതുരശ്ര യാർഡിന് 24 രൂപയും 25 രൂപയും നിരക്കിൽ മുന്‍കൂര്‍ പണം നല്‍കി വാങ്ങുകയും ചെയ്തു. മൊത്തം വിൽപ്പന തുകയുടെ പകുതിയോളം നങ്കി ദേവി നൽക ബില്‍ഡര്‍മാര്‍ക്ക് നല്‍കുകയും ചെയ്തു.എന്നാല്‍ പ്ലോട്ടുകളുടെ കൈവശാവകാശം ഒരിക്കലും ഇവര്‍ക്ക് കൈമാറിയില്ല. ഇതിന് പിന്നാലെയാണ് 1963 ലെ പഞ്ചാബ് ഷെഡ്യൂൾഡ് റോഡ്സ് ആൻഡ് കൺട്രോൾഡ് ഏരിയാസ് ആക്റ്റ് പ്രാബല്യത്തിൽ വന്നത്, തുടർന്ന് 1975 ലെ ഹരിയാന ഡെവലപ്മെന്റ് ആൻഡ് റെഗുലേഷൻ ഓഫ് അർബൻ ഏരിയാസ് ആക്റ്റ് പ്രാബല്യത്തിൽ വന്നു. ഈ അവസരം മുതലെടുത്ത് ഡെവലപ്പര്‍മാര്‍ കൈവശാവകാശം നല്‍കുന്നത് താമസിപ്പിച്ചു.
1980-കളുടെ മധ്യത്തോടെ, പ്ലോട്ടുകൾ മൂന്നാം കക്ഷികൾക്ക് വിൽക്കാൻ സാധ്യതയുണ്ടെന്ന് ഭയന്ന്, പ്ലോട്ടുകള്‍ വാങ്ങിയവര്‍ ഇൻജക്ഷൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. എന്നാല്‍ അലോട്ട്‌മെന്റുകൾ സാധുവായി തുടരുമെന്നും ഡെവലപ്പർക്ക് കരാര്‍ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വിധിച്ചു.
2002-ൽ കേസ് വീണ്ടും കോടതികളിൽ എത്തിയതോടെയാണ് ഇപ്പോഴത്തെ കേസ് ആരംഭിച്ചത്. കീഴ്‌ക്കോടതികൾ കുടുംബത്തിന് അനുകൂലമായി വിധിച്ചെങ്കിലും, ബില്‍ഡര്‍മാര്‍ ആ ഉത്തരവുകളെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. ഭൂമിയുടെ വിലയിലെ കുത്തനെയുള്ള വർധനവ് കണക്കിലെടുക്കുമ്പോൾ ഇത്രയും പഴയ കരാർ നടപ്പിലാക്കുന്നത് അന്യായമാകുമെന്നും കമ്പനി വാദിച്ചു. എന്നാല്‍ ശനിയാഴ്ച പുറത്തിറങ്ങിയ 22 പേജുള്ള വിധിന്യായത്തിൽ ജസ്റ്റിസ് ഗുപ്ത ഈ വാദങ്ങൾ ഓരോന്നും നിരസിക്കുകയായിരുന്നു.