ന്യൂഡല്‍ഹി: ഡൽഹിയിലെ ദ്വാരകയിൽ ഈ മാസം മൂന്നിനാണ് എസ്‌യുവി കാറിടിച്ച് 23കാരന്‍ ദാരുണമായി മരിച്ചത്. അപകടമുണ്ടാക്കിയ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. സംഭവത്തില്‍ മകന്‍റെ ഭാഗത്ത് പിഴവുണ്ടായെന്നും മരിച്ച യുവാവിന്‍റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രതിയുടെ പിതാവ് പറഞ്ഞു.
17കാരന്‍ ഓടിച്ച കാര്‍ മറ്റൊരു കാറിലും ബൈക്കിലും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സാഹിൽ ധനേശ്ര റോഡിലേക്ക് വീഴുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ സാഹിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മോട്ടോർ വാഹന നിയമപ്രകാരം പ്രതിയുടെ പിതാവിനെതിരെയും ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കൗമാരക്കാരൻ ലൈസൻസ് ഇല്ലാതെയാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തി. അപകടത്തില്‍ മറ്റൊരു കാറിലെ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടത്തിന് പിന്നാലെ ഡല്‍ഹി പൊലീസ് പിതാവിനെ ചോദ്യം ചെയ്തിരുന്നു. സംഭവം നടക്കുമ്പോൾ താൻ നഗരത്തിൽ ഉണ്ടായിരുന്നില്ലെന്നും ഭാര്യയാണ് അപകടത്തെക്കുറിച്ച് തന്നോട് പറഞ്ഞതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. 'എന്റെ മകൻ വാഹനമോടിക്കുന്നതിനെക്കുറിച്ച് അറിയില്ലായിരുന്നു. മകൻ മകളെ എവിടെയെങ്കിലും കൊണ്ടുവിടാന്‍ പോകുകയായിരിക്കാം. അപകടം സംഭവിച്ചതിൽ ഖേദമുണ്ട്. മരിച്ച യുവാവിന്‍റെ കുടുംബം എത്രമാത്രം വേദന അനുഭവിക്കുന്നുണ്ടെന്ന് എനിക്ക് ഊഹിക്കാൻ കഴിയും." പിതാവ് പറഞ്ഞു.
പൊലീസ് അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “എന്റെ മകനും മകളും കാറിലുണ്ടായിരുന്നു. ഞാൻ ഒരു വാഹന ബിസിനസ്സ് നടത്തുന്നയാളാണ്. ഡ്രൈവര്‍മാരാണ് ഈ വാഹനം സ്ഥിരമായി ഓടിക്കുന്നത്. അമിത വേഗതക്ക് മോട്ടോര്‍വാഹനവകുപ്പിന്‍റെ ചലാനുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഡ്രൈവർമാർ കാരണമാണ്. എന്റെ മകൻ കാരണമല്ല.' അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
അപകടത്തിന് ശേഷം തന്‍റെ മകന്‍ വളരെ അസ്വസ്ഥനാണ്. പൊലീസിനോട് സഹകരിക്കുമെന്നും എല്ലാ രേഖകളും കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റഗ്രാം റീലെടുക്കാനാണ് കാര്‍ അമിതവേഗതയില്‍ ഓടിച്ചതെന്നതിനെക്കുറിച്ച് അറിയില്ലെന്നും, അത് റീലല്ലായിരുന്നുവെന്നും ചെറിയ വിഡിയോ ആയിരുന്നുവെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. .
അതേസമയം, റീൽസ് നിർമ്മിക്കാൻ വേണ്ടിയാണ് പത്താംക്ലാസുകാരന്‍ എസ്‍യുവിയുമെടുത്ത് റോഡിൽ സ്റ്റണ്ട് നടത്തുകയും അമിത വേഗതയില്‍ വാഹനം ഓടിച്ചതെന്നും മരിച്ച സാഹിൽ ധനേശ്രയുടെ അമ്മ പറയുന്നു. ചിലർ കരുതുന്നത് മാതാപിതാക്കൾ സമ്പന്നരായതിനാൽ റോഡിൽ എന്തും ചെയ്യാൻ കഴിയുമെന്നാണ്, ഇതൊരു ക്രിമിനൽ മാനസികാവസ്ഥയാണ്. ഇത് വെറുമൊരു അപകടമല്ല. അവരുടെ തമാശ കാരണം എന്റെ മകൻ മരിച്ചെന്നും അമ്മ ഇന്ന മാക്കൻ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അപകടമുണ്ടായി പത്ത് മിനിറ്റോളം തന്‍റെ മകന്‍ സഹായത്തിന് വേണ്ടി കരഞ്ഞെന്നും ആരും തിരിഞ്ഞുനോക്കിയിലെന്നും അമ്മ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 'അപകടത്തെക്കുറിച്ച് ഉച്ചക്ക് ഒരുമണിക്ക് ശേഷമാണ് ഫോണ്‍ കോള്‍ വന്നത്. അപകടം നടന്ന സ്ഥലത്തേക്ക് ഓടിയെത്തിയപ്പോള്‍ അവന്‍ റോഡില്‍ കിടക്കുന്നുണ്ടായിരുന്നു. അവന്‍റെ അവസ്ഥ വളരെ മോശമായിരുന്നു. പത്തുമിനിറ്റായി നിലവിളിക്കുകയാണെന്നും എനിക്ക് മനസിലായി.ആംബുലന്‍സും അവിടെയുണ്ടായിരുന്നു. പക്ഷേ ആരും അവനെ ആശുപത്രിയില്‍ എത്തിച്ചില്ല.,..'അമ്മ പറഞ്ഞു.
അതേസമയം, കടുത്ത രക്തസ്രാവം മൂലമാണ് സാഹിൽ ധനേശ്ര മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. തലയോട്ടിക്ക് താഴെ രക്തം കട്ടപിടിച്ചതായും തലയുടെ ഇടതുവശത്ത് തലയോട്ടിക്ക് ഒടിവുണ്ടായതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആന്തരിക ക്ഷതം ഗുരുതരമായിരുന്നുവെന്നും ശ്വാസകോശത്തിന് കേടുപാടുകൾ സംഭവിച്ചതായും തലച്ചോറില്‍ വീക്കം സംഭവിച്ചതായും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. തലയിലും നെഞ്ചിലും ഒന്നിലധികം മാരകമായ പരിക്കുകൾ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.