കൊല്‍ക്കത്തയില്‍ മെസ്സിയുടെ ചടങ്ങ് അലങ്കോലമായ സംഭവം: കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ബിജെപി
കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസ്സിയെ കാണികള്‍ക്ക് വ്യക്തമായി കാണാനായിരുന്നില്ല.
കൊല്‍ക്കത്ത: ലയണല്‍ മെസ്സി പങ്കെടുത്ത കൊല്‍ക്കത്തയിലെ ചടങ്ങ് അക്രമാസക്തമായതിനെച്ചൊല്ലി ബംഗാളില്‍ രാഷ്ട്രീയപ്പോര്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയ മെസ്സിയെ കാണികള്‍ക്ക് വ്യക്തമായി കാണാനായിരുന്നില്ല.
ഇത് സംഘര്‍ഷത്തിലേക്കാണ് നയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉന്നതതലസമിതിയെ നിയോഗിച്ചിരുന്നു. സമിതി, ഞായറാഴ്ച സ്റ്റേഡിയത്തിലെത്തി തെളിവെടുത്തു. അന്വേഷണംനടക്കുന്നുണ്ടെന്നും സമിതിയുടെ റിപ്പോര്‍ട്ടുകിട്ടിയാലേ മറ്റുകാര്യങ്ങള്‍ പറയാനാകൂ എന്നും തൃണമൂല്‍ എംപി സൗഗത റോയ് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി നിയമിച്ച സമിതിയുടെ അന്വേഷണം തൃപ്തികരമല്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ബിജെപി നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു. മന്ത്രിമാരായ അരൂപ് ബിശ്വാസ്, സുജിത് ബോസ് എന്നിവരെ അറസ്റ്റുചെയ്യണമെന്നും ബിജെപി ആവശ്യപ്പെടുന്നു. സംഭവം ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനിടെ കഴിഞ്ഞദിവസം അറസ്റ്റിലായ ചടങ്ങിന്റെ മുഖ്യസംഘാടകന്‍ ശതാദ്രു ദത്തയെ കോടതി 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശനിയാഴ്ച രാത്രി സ്റ്റേഡിയത്തിലെത്തിയപ്പോള്‍ പ്രവേശനം നിഷേധിച്ചതായി ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ആരോപിക്കുകയും ചെയ്തിരുന്നു. കാണികള്‍ക്ക് ടിക്കറ്റിന്റെ തുക ഉടന്‍ തിരിച്ചുനല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.