Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ഇന്ത്യയിൽ ആഴ്ചയിൽ നാല് ദിവസം ജോലി എന്ന ആശയം വീണ്ടും പൊതുജനശ്രദ്ധ പിടിച്ചുപറ്റുകയാണ്. തൊഴിൽ മന്ത്രാലയം അടുത്തിടെ X-ൽ പങ്കുവെച്ച പോസ്റ്റിൽ ആഴ്ചയിൽ നാല് ദിവസം പ്രവൃത്തി ദിനമാകുന്നതിന്റെ സാധ്യതകൾ എടുത്തുകാണിച്ചിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും ഈ വിഷയം ചർച്ചയാവുന്നത്. ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ ഒരാഴ്‍ചത്തെ മുഴുവൻ ശമ്പളവും ലഭിക്കുമോ എന്ന ആശങ്കയും ആൾക്കാർക്കുണ്ട്.
The Labour Codes allow flexibility of 12 hours for 4 workdays only, with the remaining 3 days as paid holidays.
— Ministry of Labour & Employment, GoI (@LabourMinistry) December 12, 2025
Weekly work hours remain fixed at 48 hours and overtime beyond daily hours must be paid at double the wage rate.#ShramevJayate pic.twitter.com/5udPMqRXbg
പുതുക്കിയ തൊഴിൽ നിയമങ്ങൾ അനുസരിച്ച് 12 മണിക്കൂർ വീതമുള്ള നാല് പ്രവൃത്തി ദിവസങ്ങളും ശേഷിക്കുന്ന മൂന്ന് ദിവസങ്ങൾ ശമ്പളത്തോടെ അവധി ദിവസങ്ങളാണെന്നും തൊഴിൽ മന്ത്രാലയം പറയുന്നു. അതായത് ഒരു ജീവനക്കാരന് ഒരു ദിവസം 12 മണിക്കൂർ വരെ നാല് ദിവസം ജോലി ചെയ്യാനും മൂന്ന് ദിവസം ശമ്പളത്തോടെ അവധി എടുക്കാനും കഴിയും. അതേസമയം, ഒരു ആഴ്ചയിലെ ആകെ ജോലി സമയം 48 മണിക്കൂർ കവിയാൻ പാടില്ല. ഒരു ജീവനക്കാരൻ ഒരു ദിവസം 12 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ, അധിക സമയം ഓവർടൈമായി കണക്കാക്കുകയും സാധാരണ വേതനത്തിന്റെ ഇരട്ടി നൽകുകയും വേണം.
മന്ത്രാലയം പരാമർശിച്ചിരിക്കുന്ന 12 മണിക്കൂർ പ്രവൃത്തി ദിവസം ഒരു ജീവനക്കാരൻ 12 മണിക്കൂർ തുടർച്ചയായി ജോലി ചെയ്യണമെന്ന് അർഥമാക്കുന്നില്ല. ഈ കാലയളവിൽ ഇടവേളകളും വ്യത്യസ്‌ത പ്രവൃത്തി സമയങ്ങളും ഉൾപ്പെടുന്നുവെന്നും മന്ത്രാലയം വിശദീകരിച്ചു. ജോലിയുടെ സ്വഭാവമനുസരിച്ച് ഇതിൽ ഉച്ചഭക്ഷണ ഇടവേളകൾ, വിശ്രമ സമയം അല്ലെങ്കിൽ ഷിഫ്റ്റുകൾക്കിടയിലുള്ള ഇടവേളകൾ എന്നിവയും ഉൾപ്പെടുന്നു.
എന്നാൽ ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവൃത്തി ദിവസമാക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർബന്ധമാക്കുന്നില്ല. കമ്പനികൾക്കും തൊഴിലാളികൾക്കും അംഗീകരിക്കാൻ കഴിയുന്ന ഒരു ഓപ്ഷൻ മാത്രമാണിത്. സ്ഥാപനങ്ങൾക്ക് അഞ്ചോ ആറോ പ്രവൃത്തി ദിവസങ്ങൾ തുടരാം. കമ്പനി നയങ്ങൾ, സംസ്ഥാനതല നിയമങ്ങൾ, ഉൾപ്പെട്ടിരിക്കുന്ന ജോലിയുടെ തരം എന്നിവയെ ആശ്രയിച്ചിരിക്കും അന്തിമ തീരുമാനം. എല്ലാ ജോലികളും 12 മണിക്കൂർ പ്രവൃത്തിദിന മാതൃകയിൽ എളുപ്പത്തിൽ ക്രമീകരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് 24 മണിക്കൂറും ജീവനക്കാരെ നിയമിക്കേണ്ട മേഖലകളിൽ.