മഹാരാഷ്ട്രയില്‍ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നുവീണു; 13 പേര്‍ക്ക് പരിക്ക്
പാലം തകർന്ന് ഇരുപത് അടി ഉയരത്തില്‍ നിന്നും ആളുകൾ റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു
Update: 2022-11-27 15:16 GMT
മഹാരാഷ്ട്ര ചന്ദ്രാപൂരിലെ ബലാർ ഷാ റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലം തകർന്നുവീണു. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമും നാലാം നമ്പര്‍ പ്ലാറ്റ് ഫോമും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഇന്ന് തകർന്നുവീണത്. വൈകിട്ട് 5.10ന് നടന്ന അപകടത്തിൽ പതിമൂന്നോളം പേര്‍ക്ക് പരിക്കേറ്റു.
പാലം തകർന്ന് ഇരുപത് അടി ഉയരത്തില്‍ നിന്നും ആളുകൾ റെയിൽവേ ട്രാക്കിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഈ സമയത്ത് പാളത്തിലൂടെ ട്രെയിനുകൾ ഒന്നും സഞ്ചരിക്കാത്തതിനാല്‍ വൻ ദുരന്തം ഒഴിവായി.
പരിക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസാര പരിക്ക് പറ്റിയവര്‍ക്ക് 50000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.