'വനിതാ സംവരണമുള്ള തദ്ദേശ സ്ഥാപനങ്ങളിലെ പിൻസീറ്റ് ഭരണം'; കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് സമൻസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ഡിസംബർ 30ന് രാവിലെ 11ന് തദ്ദേശ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ആവശ്യമായ നടപടി സ്വീകരിച്ച റിപ്പോർട്ടുമായി കമ്മീഷനു മുന്നിൽ ഹാജരാകണമെന്നാണ് സമൻസിൽ പറയുന്നത്
ന്യൂഡൽഹി: വനിതാ സംവരണമുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഭർത്താക്കൻമാരോ മറ്റു പുരുഷൻമാരോ പിൻസീറ്റ് ഭരണം നടത്തുന്നതിൽ സുപ്രധാന ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. വിഷയത്തിൽ 24 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും പഞ്ചായത്ത്, നഗരസഭാ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് കമ്മീഷൻ സമൻസ് അയച്ചു. തദ്ദേശസ്ഥാപനങ്ങളിൽ പിൻസീറ്റ് ഭരണം നടത്തുന്നത് സംബന്ധിച്ച് നേരത്തെ നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനെ തുടർന്നാണ് സമൻസ്. ഹരിയാന സംസ്ഥാന ബാലാവകാശ കമ്മീഷൻ മുൻ അംഗം സുശീൽ കുമാർ വർമയാണ് കമ്മീഷന് പരാതി നൽകിയത്.
മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കാനൂങ്കോയുടെ ബെഞ്ച് 2025 സെപ്റ്റംബർ ഒമ്പതിന് നടത്തിയ സിറ്റിങ്ങിൽ 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമം സെക്ഷൻ 12 പ്രകാരം വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. പിൻസീറ്റ് ഭരണം സംബന്ധിച്ച പരാതിയിൽ മറുപടി നൽകുന്നതിനായി നഗരസഭകളുടെയും പഞ്ചായത്തുകളുടെയും ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് നോട്ടീസ് നൽകാൻ കമ്മീഷൻ നിർദേശം നൽകിയിരുന്നു. ആന്ധ്രാപ്രദേശ്, ബിഹാർ, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ മറുപടി നൽകിയെങ്കിലും ശേഷിക്കുന്ന 32 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മറുപടി നൽകിയിരുന്നില്ല. ഭരണഘടനാപരമായ സംരക്ഷണവും പല കോടതി ഉത്തരവുകളും ഉണ്ടായിട്ടും തിരഞ്ഞെടുക്കപ്പെട്ട വനിതാ ജനപ്രതിനിധികൾ പലപ്പോഴും പേരിന് മാത്രമുള്ള തലവൻമാരായി ഒതുക്കപ്പെടുകയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഭരണപരമായ തീരുമാനങ്ങളെടുക്കുന്നത് അവരുടെ ഭർത്താക്കൻമാരോ പുരുഷ ബന്ധുക്കളോ ആണെന്നും കമ്മീഷൻ പറഞ്ഞു.
പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലും (പിആർഐ) നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും (യുഎൽബി) തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളുടെ ബന്ധുക്കളെ പാർലമെന്റ് അംഗങ്ങളും (എംപി) നിയമസഭാ അംഗങ്ങളും (എംഎൽഎ) സ്വന്തം ലെയ്സൺ പേഴ്‌സൺമാരായോ പ്രതിനിധികളായോ അനൗപചാരികമായി നിയമിക്കുന്നതിനെക്കുറിച്ചും പരാതിയുണ്ട്. ഇത് ഭരണഘടനാപരമായി നിർബന്ധിതമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ അനാവശ്യമായ ഇടപെടലുകൾക്ക് കാരണമായെന്നും ആരോപിക്കപ്പെടുന്നുണ്ട്. ഈ ഭരണഘടനാ വിരുദ്ധമായ നടപടികൾ നിയന്ത്രിക്കുന്നതിന് അവശ്യ വ്യവസ്ഥകൾ ആവശ്യമാണെന്നും, അത്തരം വ്യവസ്ഥകൾ നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് (യുഎൽബി) ബാധകമാക്കുന്നത് വിപുലീകരിക്കണമെന്നും, വനിതാ പ്രതിനിധികളുടെ പുരുഷ ബന്ധുക്കളെ ലെയ്സൺ പേഴ്‌സൺമാരായോ പ്രതിനിധികളായോ നിയമിക്കുന്നത് നിരോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ സെക്ഷൻ 13 പ്രകാരം അരുണാചൽ പ്രദേശ്, അസം, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, പഞ്ചാബ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ചണ്ഡീഗഢ്, ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു, ഡൽഹി (ദേശീയ തലസ്ഥാന പ്രദേശം), ജമ്മു കശ്മീർ, ലഡാക്ക്, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കും പഞ്ചായത്തിരാജ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും സോപാധിക സമൻസ് അയയ്ക്കാൻ കമ്മീഷൻ രജിസ്ട്രിയോട് നിർദേശിച്ചു.
ഇവർ ഡിസംബർ 30ന് രാവിലെ 11ന് ആവശ്യമായ നടപടി സ്വീകരിച്ച റിപ്പോർട്ടുമായി കമ്മീഷനു മുന്നിൽ ഹാജരാകണമെന്നാണ് സമൻസിൽ പറയുന്നത്. ഇതിന്റെ ഒരാഴ്ച മുമ്പ് ആവശ്യമായ റിപ്പോർട്ടുകൾ കമ്മീഷനിൽ ലഭിച്ചിട്ടുണ്ടെങ്കിൽ ഇവർ നേരിട്ട് ഹാജരാകേണ്ടതില്ല. കമ്മീഷന്റെ ഉത്തരവ് പാലിക്കുന്നതിൽ മേൽപ്പറഞ്ഞ അധികാരികൾ പരാജയപ്പെട്ടാൽ വാറണ്ട് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.