പ്രിയങ്ക ഗാന്ധി- പ്രശാന്ത് കിഷോർ കൂടിക്കാഴ്ച; നിഷേധിച്ച് പികെ, കൃത്യമായ മറുപടി പറയാതെ പ്രിയങ്ക
ബിഹാർ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള കൂടിക്കാഴ്ച പല രീതിയിലുള്ള അഭ്യൂഹങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്
ന്യുഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധിയും ജൻസുരാജ് പാർട്ടി തലവൻ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിവരം. സോണിയഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ വെച്ചു നടന്ന കൂടിക്കാഴ്ച മണിക്കൂറുകൾ നീണ്ടുനിന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, കൂടിക്കാഴ്ച സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രിയങ്കഗാന്ധി കൃത്യമായ മറുപടി നൽകിയില്ല. പ്രശാന്ത് കിഷോർ വാർത്തകൾ നിഷേധിച്ചു.
'ഞാൻ ആരെ കണ്ടു, കണ്ടില്ല എന്നതിലൊന്നും ആർക്കും താൽപര്യത്തിന്റെ കാര്യമില്ലെന്നായിരുന്നു' പ്രിയങ്കഗാന്ധിയുടെ മറുപടി. പ്രശാന്ത് കിഷോർ കൂടിക്കാഴ്ച വാർത്ത പൂർണമായും തള്ളി. എൻഡിഎ സഖ്യം ബിഹാറിൽ മഹാസഖ്യത്തെ പരാജയപ്പെടുത്തി ആഴ്ചകൾക്കുള്ളിലാണ് ജൻസുരാജ് പാർട്ടി തലവനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനനുമായ പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയത്. ബിഹാർ തെരഞ്ഞെടുപ്പിൽ ജൻസുരാജ് പാർട്ടിയും മത്സരിച്ചിരുന്നെങ്കിലും നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല.
238 സീറ്റിൽ മത്സരിച്ച ജൻസുരാജ് പാർട്ടിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. ആറ് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറും കോൺഗ്രസും മുമ്പ് ചില സംസ്ഥാനങ്ങളിൽ സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. ബിഹാർ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെയുള്ള കൂടിക്കാഴ്ച പല രീതിയിലുള്ള അഭ്യൂഹങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.