വൃക്കയില്‍ നിന്ന് പുറത്തെടുത്തത് 156 കല്ലുകള്‍; രാജ്യത്ത് ആദ്യമായി അപൂര്‍വ ശസ്ത്രക്രിയ

മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍മാര്‍‌ കല്ലുകള്‍ പുറത്തെടുത്തത്

Update: 2021-12-17 15:15 GMT
Advertising

ഹൈദരാബാദില്‍ മധ്യവയസ്‌കനായ രോഗിയുടെ വൃക്കയിൽ നിന്ന് കണ്ടെടുത്തത് 156 കല്ലുകൾ. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ 50 വയസ്സുകാരനായ രോഗിയുടെ വൃക്കയില്‍ നിന്ന് കല്ലുകൾ പുറത്തെടുത്തത്. കർണാടകയിലെ ഹൂബ്ലി സ്വദേശിയായ സ്‌കൂൾ അധ്യാപകൻ ബസവരാജ് മടിവാളറുടെ വൃക്കയിൽ നിന്നാണ് നൂറിലധികം കല്ലുകൾ കണ്ടെടുത്തത്.

അസാധാരാണമാം വിധം വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച രോഗിയെ സ്‌കാനിങിന് വിധേയനാക്കിയപ്പോഴാണ് വൃക്കയിൽ കല്ലുകൾ കണ്ടെത്തിയത്. രണ്ടര വർഷത്തോളമായി വൃക്കയിൽ കല്ലുകളുണ്ടായിട്ടുണ്ടാവാം എന്നും എന്നാൽ രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാലാവാം രോഗി ചികിത്സിക്കാതിരുന്നത് എന്നും ആശുപത്രി അധികൃതർ പറഞ്ഞു.

കീഹോൾ ശസ്ത്രക്രിയയിലൂടെയാണ് കല്ലുകൾ പുറത്തെടുത്തത്. വൃക്കയിൽ നിന്ന് ഇത്രയധികം കല്ലുകൾ നീക്കം ചെയ്യുന്നത് ശ്രമകരമായിരുന്നു എന്നും ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു രോഗിയുടെ വൃക്കയിൽ നിന്ന് നൂറിലധികം കല്ലുകൾ കണ്ടെടുക്കുന്നത് എന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഹൈദരാബാദിലെ  പ്രീതി യൂറോളജി ആന്‍റ് കിഡ്‌നി ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടന്നത്.രോഗിയുടെ വൃക്കയുടെ സ്ഥാനം സാധാരണയിൽ നിന്ന് വ്യത്യസ്തമാണെന്നും എക്ടോപിക് കിഡ്‌നി എന്ന രോഗാവസ്ഥ രോഗിക്കുണ്ടായിരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News