'9000 രൂപയുടെ സ്മാർട്ട് ഫോൺ വാങ്ങണം'; രക്തം വിൽക്കാൻ ശ്രമിച്ച് 16 കാരി

സഹോദരന്റെ ചികിത്സക്ക് പണം കണ്ടെത്താനാണ് രക്തം വിൽക്കുന്നതെന്നാണ് ആദ്യം പെൺകുട്ടി പറഞ്ഞത്

Update: 2022-10-19 03:17 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത: സ്മാർട്ട് ഫോൺ വാങ്ങാനുള്ള പണം കണ്ടെത്താൻ 16 കാരി രക്തം വിൽക്കാൻ ശ്രമിച്ചു. പശ്ചിമ ബംഗാളിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ അംഗമായ പെൺകുട്ടിയാണ് രക്തം വിൽക്കാൻ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിനെ സമീപിച്ചത്.

ട്യൂഷനു പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നും സൈക്കിളെടുത്ത് പുറത്തിറങ്ങിയത്. എന്നാൽ സൈക്കിൾ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് ബസിൽ കയറിയാണ് പെൺകുട്ടി ജില്ലാആശുപത്രിയിലെത്തിയത്. പ്രായപൂർത്തിയാകാത്തതിനാൽ രക്തം സ്വീകരിക്കാൻ സാധിക്കില്ലെന്ന് ആശുപത്രി അധികൃതർ പെൺകുട്ടിയെ അറിയിച്ചെങ്കിലും അവൾ കേൾക്കാൻ തയ്യാറായില്ല. തുടർന്ന് വിശദമായി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് മൊബൈൽ ഫോൺ വാങ്ങാനുള്ള ആഗ്രഹത്തെ കുറിച്ച് പെൺകുട്ടി തുറന്ന് പറഞ്ഞത്.

സഹോദരന്റെ ചികിത്സക്ക് പണം കണ്ടെത്താനാണ് രക്തം വിൽക്കുന്നതെന്നാണ് ആദ്യം പെൺകുട്ടി പറഞ്ഞത്. എന്നാൽ പിന്നീടാണ് ഒരു ഓൺലൈൻ ഷോപ്പിംഗ് ആപ്പ് വഴി 9,000 രൂപ വിലയുള്ള മൊബൈൽ ഫോൺ ഓർഡർ ചെയ്തതെന്നും അതിന് പണം അത്യാവശ്യമാണെന്നും പെൺകുട്ടി തുറന്ന് പറഞ്ഞത്. പിന്നീട് രക്തബാങ്ക് അധികൃതർ ചൈൽഡ് ലൈൻ ഇന്ത്യയെ അറിയിക്കുകയും പെൺകുട്ടിയെ ജില്ലാ ശിശുക്ഷേമ സമിതിയുടെ സഹായത്തോടെ കൗൺസിലിംഗ് ചെയ്യുകയും മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി തന്റെ രക്തം വിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞു. മകൾ ഇങ്ങനെയൊരു സാഹസത്തിന് മുതിരുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് മാതാപിതാക്കളും പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News