പെൺസുഹൃത്തിനെ കാണാൻ രാത്രി വീടിന്റെ മതിൽ ചാടിക്കടന്ന 18കാരൻ ഷോക്കേറ്റ് മരിച്ചു

മരണത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ രം​ഗത്തെത്തി.

Update: 2025-10-01 08:37 GMT

Photo| Special Arrangement

ഭുവനേശ്വർ: പെൺസുഹൃത്തിനെ കാണാൻ വീടിന്റെ മതിൽ ചാടിക്കടന്ന യുവാവിന് വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് ​ദാരുണാന്ത്യം. ഒഡിഷയിലെ ധെങ്കനൽ ജില്ലയിലെ ​ഗ്രാമത്തിലാണ് സംഭവം. 18കാരനായ ബിശ്വജിത് ബെഹേരയാണ് മരിച്ചത്.

ഞായറാഴ്ചയാണ് സംഭവം. രാത്രി പെൺകുട്ടിയെ കാണാൻ വീടിന് മുന്നിലെത്തിയ യുവാവ് മതിൽ ചാടിക്കടന്നതോടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

എന്നാൽ, മരണത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കൾ രം​ഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ കേസെടുത്തതായി സ്ഥിരീകരിച്ച പൊലീസ് സൂപ്രണ്ട് അഭിനവ് സോങ്കർ, അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അറിയിച്ചു.

Advertising
Advertising

'പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇത് വൈദ്യുതാഘാതമാണെന്ന് തോന്നുന്നു. എന്തായാലും കൂടുതൽ അന്വേഷണത്തിലേ യഥാർഥ മരണകാരണം വ്യക്തമാകൂ. സെപ്തംബർ 28ന് രാത്രിയാണ് സംഭവം. യുവാവിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിട്ടുണ്ട്'- അദ്ദേഹം വിശദമാക്കി.

രണ്ട് മാസം മുമ്പ് തമിഴ്നാട്ടിലും സമാനരീതിയിൽ യുവാവ് മരിച്ചിരുന്നു. ആ​ഗസ്റ്റ് അ‍ഞ്ചിന് പല്ലാവാരത്തായിരുന്നു സംഭവം. തിരുസുലം ലക്ഷ്മൺ ന​​ഗർ സ്വദേശിയായ 23കാരൻ പി. ധനശേഖരനാണ് മരിച്ചത്.

അയൽവാസി കൂടിയായ പെൺസുഹൃത്തിന്റെ വീട്ടിൽ യുവാവ് ഇടയ്ക്കിടയ്ക്ക് പോവാറുണ്ടായിരുന്നു. സംഭവദിവസം രാത്രി മതിൽ ചാടിക്കടക്കുന്നതിനിടെ ഷോക്കേറ്റ് താഴെ വീണ ധനശേഖരന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News