തമിഴ്നാട്ടിൽ ആന്ധ്രാ സ്വദേശിനിയെ ബലാത്സംഗം ചെയ്ത് പൊലീസുകാർ; അറസ്റ്റ്, സസ്പെൻഷൻ
പഴക്കച്ചവടത്തിനായാണ് ആന്ധ്രാപ്രദേശിൽ നിന്ന് യുവതി അമ്മയോടൊപ്പം തിരുവണ്ണാമലൈയിൽ എത്തിയത്.
Photo| NDTV
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയിൽ ആന്ധ്രാപ്രദേശ് സ്വദേശിനിയെ രണ്ട് പൊലീസുകാർ ചേർന്ന് ബലാത്സംഗം ചെയ്തു. 25കാരിയായ യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്.
കോൺസ്റ്റബിൾമാരായ ഡി. സുരേഷ് രാജ്, പി. സുന്ദർ എന്നിവരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ അറസ്റ്റിലായ ഇരുവരെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
പഴക്കച്ചവടത്തിനായാണ് തിങ്കളാഴ്ച ആന്ധ്രാപ്രദേശിൽ നിന്ന് യുവതി അമ്മയോടൊപ്പം തിരുവണ്ണാമലൈയിൽ എത്തിയത്. രാത്രി റോഡരികിൽ വാഹനം നിർത്തി വിശ്രമിക്കവെ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ ഇവരുടെ സമീപത്തെത്തുകയായിരുന്നു.
പിന്നീട് സ്ത്രീകളെ ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ ശേഷം, 25കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇരുവരേയും സർവീസിൽ നിന്ന് പുറത്താക്കാനുള്ള നടപടികൾ ആരംഭിച്ചതായും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സംഭവം സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. സംഭവത്തെ അപലപിച്ച പ്രതിപക്ഷ നേതാവും എഐഎഡിഎംകെ മേധാവിയുമായ എടപ്പാടി കെ. പളനിസ്വാമി, സംസ്ഥാനത്തെ ക്രമസമാധാന നിലയിലെ കറുത്ത കറ ആണിതെന്ന് ആരോപിച്ചു.