ഏഴ് മാസം പ്രായമായ ആൺകുട്ടിയുടെ വയറ്റിൽ രണ്ട് കിലോയുള്ള ഭ്രൂണം; അപൂർവങ്ങളിൽ അപൂർവം

ആറുമാസം പ്രായമായ ഭ്രൂണത്തിന് കൈകാലുകളും തലമുടിയും വയറും വളർന്നു തുടങ്ങിയിരുന്നെന്ന് ഡോക്ടര്‍മാര്‍

Update: 2023-07-31 05:38 GMT
Editor : Lissy P | By : Web Desk
Advertising

പ്രയാഗ് രാജ്: ഏഴുമാസം പ്രായമായ ആൺകുട്ടിയുടെ വയറ്റിൽ നിന്ന് രണ്ടുകിലോയോളം തൂക്കം വരുന്ന ഭ്രൂണം നീക്കം ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. കുഞ്ഞിന്റെ ആമാശയത്തിലാണ് ഭ്രൂണം വികസിച്ചിരുന്നത്. ശസ്ത്രക്രിയയിലൂടെ ഇത് വിജയകരമായി നീക്കം ചെയ്തതായി സരോജിനി നായിഡു ചിൽഡ്രൻ ഹോസ്പിറ്റലിലെ ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ വയർ അസാധാരണമായി വലിപ്പം വെക്കുകയും  സ്ഥിരമായി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് മാതാപിതാക്കൾ ചികിത്സ തേടിയത്.

വിദഗ്ധ പരിശോധനക്ക് ശേഷമാണ് കുഞ്ഞിന്റെ ഉള്ളിൽ മറ്റൊരു ഭ്രൂണം വളർന്നുകൊണ്ടിരിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തിയത്.ആറുമാസം പ്രായമായ ഭ്രൂണത്തിന് കൈകാലുകളും തലമുടിയും വയറും വളർന്നു തുടങ്ങിയിരുന്നു. കുട്ടിയുടെ ജീവന് ഭീഷണിയായതിനാൽ ഭ്രൂണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കുട്ടി ഇപ്പോൾ ആരോഗ്യവനാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോ.ഡി കുമാർ അറിയിച്ചു. ഇത് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണെന്നും ഡോക്ടര്മാർ പറയുന്നു.

ഫീറ്റസ് -ഇൻ-ഫീറ്റോ അഥവാ എഫ്.ഐ.എഫ് എന്ന അപൂർവ അവസ്ഥയാണ് കുഞ്ഞിനെ ബാധിച്ചത്. ഇരക്കുട്ടികൾ ജനിക്കുന്നത് സമാനമായ അവസ്ഥയാണ് ഇതിന്റെ ആദ്യ ഘട്ടം. ബീജസങ്കലനത്തിന് ശേഷം അണ്ഡങ്ങളിലൊന്ന് അമ്മയുടെ ഗർഭപാത്രത്തിൽ വികസിക്കുമ്പോൾ മറ്റൊന്ന് കുഞ്ഞിന്റെയുള്ളിൽ പറ്റിച്ചേർന്ന് വികസിക്കാൻ തുടങ്ങും. ലോകത്താകെ 200ൽ താഴെ കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

1990കളുടെ അവസാനത്തിൽ, മഹാരാഷ്ട്രയിലെ നാഗ്പൂരിലും ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. സഞ്ജു എന്നൊരാൾ 36 കൊല്ലമാണ് തന്റെ ഇരട്ടയെ വയറ്റിൽ കൊണ്ടുനടന്നത്. പൂർണ ഗർഭിണിയെപ്പോലെയുള്ള വയറുമായാണ് അയാൾ ജീവിച്ചത്. എന്നാൽ ശ്വാസം പോലും എടുക്കാൻ കഴിയാതെ വന്നപ്പോഴാണ് ഡോക്ടര്മാരുടെ അടുത്തെത്തിയത്. ട്യൂമറാണെന്ന് കരുതിയ ഡോക്ടർമാർ വിശദമായ പരിശോധന നടത്തിയപ്പോഴാണ് സഞ്ജുവിന്റെ വയറ്റിൽ പാതി വളർച്ചയിലെത്തിയ മറ്റൊരു കുട്ടിയുണ്ടെന്ന് കണ്ടെത്തിയത്. 1999 ൽ ശസ്ത്രക്രിയയിലൂയൊണ് ആ മാംസപിണ്ഡത്തെ എടുത്തുമാറ്റിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News