130 കി.മീറ്റർ വേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു; മലയാളിയടക്കം രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

പാലക്കാട് സ്വദേശിയായ ആർ. ലക്ഷ്മി, ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശി എസ്. ലാവണ്യ എന്നിവരാണ് മരിച്ചത്

Update: 2022-09-15 15:15 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് മലയാളിയടക്കം രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശിയായ ആർ. ലക്ഷ്മി, ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശി എസ്. ലാവണ്യ എന്നിവരാണ് മരിച്ചത്. രണ്ടുപേർക്കും 23 വയസാണ്.

ചെന്നൈയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. ഇരുവരും സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ്. എച്ച്.സി.എൽ സ്റ്റേറ്റ് സ്ട്രീറ്റ് സർവീസിൽ അനലിസ്റ്റുകളായ യുവതികൾ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. കാറോഡിച്ച മൊതീഷ് കുമാർ(20) അറസ്റ്റിലായിട്ടുണ്ട്.

അമിത വേഗത്തിലാണ് മൊതീഷ് ഹോണ്ട സിറ്റി കാർ ഓടിച്ചിരുന്നതെന്ന് ട്രാഫിക് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ജി.കെ കണ്ണൻ പറഞ്ഞു. മണിക്കൂറിൽ 130 കി.മീറ്റർ വേഗത്തിലായിരുന്നു കാർ ഓടിച്ചിരുന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവതികളെ കാർ ഇടിച്ചുതെറിപ്പിച്ചു. ശേഷം ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയും ചെയ്തയായി ദൃക്‌സാക്ഷികൾ പറയുന്നു.

ഒരാൾ തൽക്ഷണം മരിച്ചു. മറ്റൊരാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിനു പിന്നാലെ പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു. പേപ്പർ പ്ലേറ്റ് കമ്പനിയിൽ പിതാവിനൊപ്പം ജോലി ചെയ്യുകയാണ് യുവാവ്.

Summary: Two women software professionals, including Malayali, were killed when they were hit by a speeding car while crossing the road at Chennai's IT corridor last night

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News