ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; സൗജന്യ വൈദ്യുതി ഉള്‍പ്പെടെ വന്‍ വാഗ്ദാനങ്ങളുമായി കെജ്രിവാള്‍

ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി 300 യൂണിറ്റ് വൈദ്യുതി വീതം വിതരണം ചെയ്യുമെന്നാണ് കെജ്രിവാളിന്‍റെ പ്രഖ്യാപനം.

Update: 2021-07-11 11:20 GMT
Advertising

സൗജന്യ വൈദ്യുതി വിതരണമുള്‍പ്പെടെ ഉത്തരാഖണ്ഡിലെ ജനതയ്ക്ക് വന്‍ വാഗ്ദാനങ്ങള്‍ നല്‍കി ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. 2022-ല്‍ നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ സന്ദര്‍ശനത്തിലാണ് പ്രഖ്യാപനം. സംസ്ഥാനത്തെ വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് നാല് സുപ്രധാന വാഗ്ദാനങ്ങളാണ് കെജ്രിവാള്‍ നല്‍കിയത്. 

ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി 300 യൂണിറ്റ് വൈദ്യുതി വീതം വിതരണം ചെയ്യും. കർഷകർക്ക് സൗജന്യ വൈദ്യുതി ലഭിക്കും. എല്ലാവരുടെയും പഴയ വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളും. പവര്‍കട്ട് പൂര്‍ണമായും ഒഴിവാക്കും എന്നിവയാണ് വാഗ്ദാനങ്ങള്‍. 

ഉത്തരാഖണ്ഡില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 100 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് സംസ്ഥാന ഊര്‍ജവകുപ്പ് മന്ത്രി ഹാരക് സിങ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 101 മുതല്‍ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ് നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കുന്നവര്‍ അതില്‍ ഉറച്ചുനില്‍ക്കുമോ എന്നും കെജ്രിവാള്‍ ചോദിച്ചു. അതേസമയം, തന്‍റേത് വെറും വാക്കല്ലെന്നും കെജ്രിവാള്‍ ഡെറാഡൂണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News