ബംഗാളിൽ 25,753 അധ്യാപകരുടെ നിയമനം ഹൈക്കോടതി റദ്ദാക്കി; ശമ്പളം തിരിച്ചുനൽകാൻ ഉത്തരവ്

ഇതുവരെ വാങ്ങിയ ശമ്പളവും അതിന്റെ 12 ശതമാനം പലിശയും ചേർത്ത് നാലാഴ്ചക്കകം തിരിച്ചുനൽകണമെന്നും കോടതി പറഞ്ഞു.

Update: 2024-04-22 10:50 GMT
Advertising

കൊൽക്കത്ത: പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസസ് കമ്മീഷൻ നിയമന കുംഭകോണത്തിൽ മുഴുവൻ നിയമനങ്ങളും റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. 25,753 അധ്യാപക നിയമനങ്ങളാണ് കോടതി റദ്ദാക്കിയത്. ഇവർ ഇതുവരെ വാങ്ങിയ ശമ്പളവും അതിന്റെ 12 ശതമാനം പലിശയും ചേർത്ത് നാലാഴ്ചക്കകം തിരിച്ചുനൽകണമെന്നും കോടതി പറഞ്ഞു. അതേസമയം കാൻസർ ബാധിതനായ സോമദാസ് എന്നയാൾക്ക് മാത്രം കോടതി ഇളവ് നൽകിയിട്ടുണ്ട്. മാനുഷിക പരിഗണന വെച്ചാണ് അദ്ദേഹത്തിന് ഇളവ് നൽകിയതെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ ദെബാങ്‌സു ബസാക്, എം.ഡി ഷബ്ബാർ റാഷിദി എന്നിവരുടെ ബെഞ്ചാണ് നിയമനങ്ങൾ അസാധുവാക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്. മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് സി.ബി.ഐയോട് നിർദേശിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാർഥയുടെ സഹായി അർപ്പിത മുഖർജിയുടെ വീട്ടിൽനിന്ന് 21 കോടിയുടെ നോട്ടുകെട്ടുകളും ഒരു കോടിയുടെ സ്വർണവും ഇ.ഡി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ബി.ജെ.പിയുടെ താൽപ്പര്യങ്ങൾക്ക് അനുകൂലമായാണ് കോടതി പ്രവർത്തിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. ബംഗാളിൽ രാഷ്ട്രീയ വിസ്‌ഫോടനമുണ്ടാകുമെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. 26,000 പേരുടെ തൊഴിൽ ഇല്ലാതാക്കി അവരെ മരണത്തിലേക്ക് തള്ളിവിടുന്നതാണോ വിസ്‌ഫോടനം? കോടതി എന്ത് വിധിയെഴുതുമെന്ന് ബി.ജെ.പി നേതാക്കൾ എങ്ങനെയാണ് നേരത്തെ അറിഞ്ഞതെന്നും മമത ചോദിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News