1 കോടി വിലയുള്ള 1,558 ജോഡി നൈക്കി ഷൂസുകൾ മോഷ്‌ടിച്ച് കടത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ

ഷൂസുകൾ മിന്ത്രയുടെ വെയർഹൗസിലേക്ക് കൊണ്ടുപോകുന്നതിനിടെ ആണ് പ്രതികൾ കടന്നത്.

Update: 2024-01-04 13:21 GMT
Editor : banuisahak | By : Web Desk
Advertising

ബെംഗളൂരു: 1,558 ജോഡി നൈക്കി ഷൂസുകൾ മോഷ്ടിച്ച കേസിൽ ബെംഗളൂരുവിൽ മൂന്നുപേർ അറസ്റ്റിൽ. 1.10 കോടി രൂപ വിലമതിക്കുന്ന ഷൂകൾ മറ്റ് നഗരങ്ങളിൽ പകുതി വിലക്ക് വിൽക്കാനുള്ള ശ്രമത്തിനിടെ പ്രതികൾ പിടിയിലാവുകയായിരുന്നു. അസം സ്വദേശികളായ ഷുബൻ പാഷ (30), മൻസാർ അലി (26), ഷാഹിദുൽ റഹ്മാൻ (26) എന്നിവരെയാണ് ബെംഗളൂരു റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. 

സംഭവത്തിന്റെ മുഖ്യ സൂത്രധാരനായ സാലിഹ് അഹമ്മദ് ലസ്‌കർ എന്നയാൾ ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബർ 21നായിരുന്നു കേസിനാസ്പദമായ സംഭവം. അത്തിബെലെയിലെ നൈക്കി ഷോറൂമിൽ നിന്ന് ഷൂസുകൾ സൗഖ്യ റോഡിലെ ഇ-കൊമേഴ്‌സ് പോർട്ടലായ മിന്ത്രയുടെ വെയർഹൗസിലേക്ക് കൊണ്ടുപോകുന്നതിനിടെ ആണ് പ്രതികൾ ഷൂകളുമായി കടന്നത്. 

വൈകിട്ട് ആറരയോടെ നൈക്കി ഗോഡൗണിൽ നിന്ന് ട്രക്കുമായി ഡ്രൈവർ ലസ്‌കർ പുറപ്പെട്ടെങ്കിലും മിന്ത്രയിലേക്ക് എത്തിയില്ല. രാത്രി 9.15 ഓടെ സൂപ്പർവൈസർ മഞ്ജുനാഥ് ഇയാളെ വിളിച്ചപ്പോൾ പത്ത് മിനിറ്റിനകം എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. സാധനങ്ങൾ ലഭിച്ചിട്ടില്ലെന്ന് മിന്ത്ര ഗോഡൗൺ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ തരബനഹള്ളിക്ക് സമീപം ട്രക്ക് കണ്ടെത്തി. 

പുലർച്ചെ 1.30 ഓടെ മഞ്ജുനാഥ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഷൂസുകൾ മുഴുവനും നഷ്ടപ്പെട്ടിരുന്നു. ഈ സ്ഥാപനങ്ങളുടെ ട്രാൻസ്പോർട്ട് സർവീസ് നടത്തുന്ന നാഗരാജു ബി ഡിസംബർ 23 ന് ട്രക്ക് കാണാതായത് സംബന്ധിച്ച് അത്തിബെലെ പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വാഹനത്തിൽ നിന്ന് ഷൂസുകൾ ഇറക്കി ഒരു മുറിയിലേക്ക് മാറ്റുന്നതായി കണ്ടെത്തി. പിന്നീടിത് മറ്റൊരു വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നന്നായി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ പദ്ധതിയാണിതെന്ന് പോലീസ് പറയുന്നു. ബ്രാൻഡഡ് വസ്ത്രങ്ങൾ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ലസ്കറിന്റെ പേരിൽ മറ്റൊരു കേസ് നിലവിലുണ്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News