പ്രശാന്ത് കിഷോറുമായി 300 കോടിയുടെ കരാര്‍? മറുപടിയുമായി കെ.സി.ആര്‍

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷഐക്യം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് തെലങ്കാന മുഖ്യമന്ത്രി

Update: 2022-03-22 04:33 GMT

ദേശീയതലത്തില്‍ മാറ്റം കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച തുടങ്ങിയെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. പ്രശാന്ത് കിഷോറുമായി 300 കോടി രൂപയുടെ കരാറില്‍ ഒപ്പുവെച്ചെന്ന ആരോപണത്തിനും ചന്ദ്രശേഖര്‍ റാവു മറുപടി നല്‍കി.

'ദേശീയ തലത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഞാന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തുകയാണ്. പ്രശാന്ത് കിഷോര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കും. ഇതില്‍ ആര്‍ക്കാണ് പ്രശ്‌നം? അദ്ദേഹത്തെ ബോംബായി കാണുന്നത് ആരാണ്? എന്തിനാണ് അവര്‍ അലറുന്നത്?' കെ.സി.ആര്‍ ചോദിക്കുന്നു.

Advertising
Advertising

പ്രശാന്ത് കിഷോറുമായി 300 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടെന്ന ആരോപണം കെ.സി.ആര്‍ തള്ളിക്കളഞ്ഞു- "കഴിഞ്ഞ 7-8 വര്‍ഷമായി പ്രശാന്ത് കിഷോര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അദ്ദേഹം ഒരിക്കലും പണത്തിന് വേണ്ടി ജോലി ചെയ്തിട്ടില്ല. രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല."

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷഐക്യം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് കെ ചന്ദ്രശേഖര്‍ റാവു. ഇതിനിടയിലാണ് കിഷോറും കെ.സി.ആറും കഴിഞ്ഞ മാസം ഹൈദരാബാദിന് പുറത്തുള്ള അദ്ദേഹത്തിന്റെ ഫാംഹൗസില്‍ വെച്ച് കണ്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ ശക്തമായ വിമര്‍ശനമാണ് കെ.സി.ആര്‍ അടുത്ത കാലത്ത് നടത്തുന്നത്. രാമാനുജാചാര്യരുടെ പ്രതിമ അനച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി ഹൈദരാബാദ് സന്ദർശിച്ചപ്പോൾ, കെ.സി.ആര്‍ വിട്ടുനിന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെ.സി.ആര്‍ മോദിയെ കാണാതിരുന്നത്.

തെരഞ്ഞെടുപ്പ് കാലത്തെ മോദിയുടെ വസ്ത്രധാരണത്തെയും കെ.സി.ആര്‍ വിമര്‍ശിച്ചു- "തെരഞ്ഞെടുപ്പായാല്‍ അദ്ദേഹം താടി വളർത്തി രബീന്ദ്രനാഥ് ടാഗോറിനെപ്പോലെ പ്രത്യക്ഷപ്പെടും. തമിഴ്‌നാടാണെങ്കിൽ ലുങ്കി ധരിക്കും. ഇതെന്താണ്? ഇതുകൊണ്ട് രാജ്യത്തിന് എന്താണ് ലഭിക്കുന്നത്? പഞ്ചാബ് ഇലക്ഷനാണെങ്കിൽ അദ്ദേഹം തലപ്പാവ് ധരിക്കും. മണിപ്പൂരിൽ മണിപ്പൂരി തൊപ്പി, ഉത്തരാഖണ്ഡിൽ മറ്റൊരു തൊപ്പി. ഇതുപോലെ എത്ര തൊപ്പികൾ?"

അടുത്തിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാർ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കെ.സി.ആർ കൂടിക്കാഴ്ചകൾ നടത്തി. ഹൈദരാബാദിൽ പ്രാദേശിക പാർട്ടി നേതാക്കളുടെ യോഗം സംഘടിപ്പിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് കെ.സി.ആര്‍ പറഞ്ഞു.

അടുത്ത വർഷം ഡിസംബറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.സി.ആറിനു വേണ്ടി പ്രശാന്ത് കിഷോറിന്‍റെ പൊളിറ്റിക്കൽ കൺസൾട്ടൻസി ടീം ഐ-പിഎസി പ്രവര്‍ത്തനം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിൽ എം കെ സ്റ്റാലിന്‍റെയും ആന്ധ്രാപ്രദേശിൽ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെയും പ്രചാരണത്തില്‍ പ്രശാന്ത് കിഷോറിന്‍റെ സംഘമുണ്ടായിരുന്നു. പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പവും പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News