വെള്ളവും കറന്‍റുമില്ലാതെ 36 മണിക്കൂര്‍; ചണ്ഡീഗഡിനെ സ്തംഭിപ്പിച്ച് വൈദ്യുതി ജീവനക്കാരുടെ സമരം

വൈദ്യുതി ജീവനക്കാരുടെ മൂന്നു ദിവസം നീണ്ട സമരമാണ് ഒരു സംസ്ഥാനത്തെ ഒന്നാകെ കഷ്ടത്തിലാക്കിയത്

Update: 2022-02-23 05:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സമരത്തില്‍ സ്തംഭിച്ച് ചണ്ഡീഗഡ്. വെള്ളവും കറന്‍റുമില്ലാതെ നീണ്ട 36 മണിക്കൂറാണ് പൊതുജനം വലഞ്ഞത്. വൈദ്യുതി ജീവനക്കാരുടെ മൂന്നു ദിവസം നീണ്ട സമരമാണ് ഒരു സംസ്ഥാനത്തെ ഒന്നാകെ കഷ്ടത്തിലാക്കിയത്.

തിങ്കളാഴ്ച വൈകിട്ട് മുതല്‍ സംസ്ഥാനത്തെ ആയിരക്കണക്കിന് വീടുകളില്‍ വെള്ളമോ കറന്‍റോ ഉണ്ടായിരുന്നില്ല. നഗരത്തിലെ പലയിടങ്ങളിലും വഴിവിളക്കുകള്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ആശുപത്രികളുടെ പ്രവര്‍ത്തനത്തെയും സമരം സാരമായി ബാധിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കേണ്ടി വന്നു. ''ഞങ്ങൾക്ക് ജനറേറ്ററുകൾ ഉള്ളതുപോലെ ഒരു ബാക്കപ്പ് പ്ലാൻ ഉണ്ട്. എന്നാൽ ഒരു ആശുപത്രിയുടെ 100 ശതമാനം ലോഡ് ജനറേറ്ററിൽ വയ്ക്കാൻ കഴിയില്ല. അതിനാൽ, ഞങ്ങൾ ആസൂത്രണം ചെയ്ത ശസ്ത്രക്രിയകൾ വീണ്ടും ഷെഡ്യൂൾ ചെയ്യുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടിവന്നു'' ചണ്ഡീഗഡ് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ.സുമന്‍ സിംഗ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു. വൈദ്യുതി തടസപ്പെട്ടത് ഓണ്‍ലൈന്‍ ക്ലാസുകളെയും കോച്ചിംഗ് സ്ഥാപനങ്ങളെയും ബാധിച്ചു.

വൈദ്യുതി വകുപ്പ് സ്വകാര്യവത്ക്കരിക്കുന്നതിനെതിരെയാണ് ജീവനക്കാരുടെ സമരം. സമരം പിൻവലിക്കാൻ കേന്ദ്ര യൂണിയന്‍ ടെറിട്ടറി അഡ്വൈസര്‍ ധരംപാൽ ജീവനക്കാരുടെ യൂണിയനുമായി ചർച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. സ്വകാര്യവത്ക്കരണം തങ്ങളുടെ സേവന വ്യവസ്ഥകളിൽ മാറ്റം വരുത്തുമെന്നും വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്നുമാണ് ജീവനക്കാരുടെ ഭയം. ചൊവ്വാഴ്ച വൈകിട്ടോടെ സര്‍ക്കാര്‍ സംസ്ഥാനത്ത് എസ്മ(Essential Services Maintenance Act) നടപ്പിലാക്കുകയും പണിമുടക്കുകള്‍ ആറു മാസത്തേക്ക് നിരോധിക്കുകയും ചെയ്തു.

വൈദ്യുതി വിതരണം നിലനിർത്താൻ തങ്ങൾ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടെങ്കിലും വ്യാപാരികളും മറ്റും പരാതിയുമായി രംഗത്തെത്തി. വ്യവസായ യൂണിറ്റുകളുടെ പ്രവര്‍ത്തനത്തെയും വൈദ്യുതി തടസം ബാധിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News