മാധ്യമപ്രവർത്തകനെയും ദമ്പതികളെയും മർദിച്ച മന്ത്രിയുടെ മകനെതിരെ കേസെടുത്തു; നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ

മര്‍ദനം തടയാനത്തിയ യുവതിയെയും മന്ത്രിയുടെ മകന്‍ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചെന്നും പരാതിയിലുണ്ട്

Update: 2024-04-01 06:06 GMT
Editor : Lissy P | By : Web Desk
Advertising

ഭോപ്പാൽ: വാഹനാപകടത്തെ തുടർന്ന് നടന്ന സംഘർഷത്തിൽ മാധ്യമപ്രവർത്തകനെയും ദമ്പതികളെയും മർദിച്ച മന്ത്രിയുടെ മകനെതിരെ കേസെടുത്ത നാല് പൊലീസുകാർക്ക് സസ്‌പെൻഷൻ.

ഭോപ്പാലിലെ ഷാഹ്പുര മേഖലയിലാണ് സംഭവം നടന്നത്. മധ്യപ്രദേശ് പബ്ലിക് ഹെൽത്ത് ആൻഡ് മെഡിക്കൽ എജ്യുക്കേഷൻ സഹമന്ത്രി നരേന്ദ്ര ശിവാജി പട്ടേലിന്റെ മകൻ അഭിഗ്യനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച രാത്രിയാണ് മന്ത്രിയുടെ മകനും സുഹൃത്തുക്കളും മാധ്യമപ്രവർത്തകനെയും റെസ്‌റ്റോറന്റ് ഉടമകളായ ദമ്പതികളെയും അവരുടെ ജീവനക്കാരെയും മർദിച്ചതായാണ് പരാതി. സ്ഥലത്തെത്തിയ പൊലീസ് അഭിഗ്യനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് രാത്രി തന്നെ മന്ത്രിയും പരിവാരങ്ങളും ഷാപുര പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ പൊലീസുകാർ തങ്ങളെ മർദിച്ചതായി അഭിഗ്യനും സുഹൃത്തുക്കളും ആരോപിച്ചു. തുടർന്നാണ് നാല് പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുന്നതായും മന്ത്രി അറിയിച്ചത്.

മാധ്യമപ്രവർത്തകനായ വിവേക് സിങ്ങിന്റെ ബൈക്കിൽ കാർ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് റെസ്റ്റോറന്റ് ഉടമായായ അലിഷ സക്സേന നൽകിയ പരാതിയിൽ പറയുന്നു. കാർ ഡ്രൈവറോട് വിവേക് സിങ് കയർത്തു. ഈ സമയം അഭിഗ്യനും സുഹൃത്തുക്കളും കാറിൽ നിന്ന് ഇറങ്ങി മാധ്യമപ്രവർത്തകനെ മർദിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. അടി നടക്കുന്നത് കണ്ട് തടയാൻ എത്തിയ അലിഷ സക്സേനയെയും അഭിഗ്യൻ വടികൊണ്ട് മടിച്ചു. ഇത് കണ്ട് ഓടിയെത്തിയ ഭർത്താവിനെയും അവരുടെ ജീവനക്കാരെയും മന്ത്രിയുടെ മകനും സുഹൃത്തുക്കളും ആക്രമിച്ചതായും പരാതിയിലുണ്ട്.

അതേസമയം, മന്ത്രിയുടെ മകന്റെ പരാതിയിൽ അലിഷ സക്സേനയ്ക്കും മറ്റുള്ളവർക്കുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.സംഘർഷത്തിൽ  ഉൾപ്പെട്ടവരുടെ വൈദ്യപരിശോധന നടത്തിയെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും മുതിർന്ന പൊലീസ് ഓഫീസർ മയൂർ ഖണ്ഡേൽവാൾ പറഞ്ഞു. സസ്പെൻഡ് ചെയ്ത പൊലീസുകാരെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി രംഗത്തെത്തി. 'ഇത് അരാജകത്വമാണ്. മാധ്യമപ്രവർത്തകന്റെ പരാതിയിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ല. അക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ തലയിൽ ആറ് തുന്നലുകൾ ഇട്ടിട്ടുണ്ട്. മന്ത്രിയുടെ മകനെതിരെ കൊലപാതകശ്രമം ചുമത്തേണ്ടതായിരുന്നു'. അദ്ദേഹം പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കുറയ്ക്കുകയും കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുക എന്നത് ഈ സർക്കാരിന്റെ നയമായി മാറിയിരിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിമാരുടെ കുടുംബാംഗങ്ങൾ ആളുകളെ ഭീഷണിപ്പെടുത്തുമ്പോൾ മുഖ്യമന്ത്രി നിസ്സഹായനായി കാണപ്പെടുകയാണ്. ജനങ്ങൾക്ക് നിയമത്തിൽ വിശ്വാസം ഉറപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് മുഖ്യമന്ത്രി മോഹൻ യാദവിനോട് ആവശ്യപ്പെട്ടു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News