രാമ നവമി സംഘർഷം; 45 വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്ത് മധ്യപ്രദേശ് സർക്കാർ

അനധികൃത നിര്‍മാണങ്ങളാണ് പൊളിച്ചുനീക്കിയത് എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്

Update: 2022-04-12 06:05 GMT
Editor : abs | By : Web Desk
Advertising

ഭോപ്പാൽ: രാമ നവമി ഘോഷയാത്രയ്ക്ക് നേരെയുള്ള കല്ലേറില്‍ കുറ്റാരോപിതരായ, ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട 45 പേരുടെ സ്വത്തുവകകള്‍ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് മധ്യപ്രദേശ് സർക്കാർ. പൊലീസ് സുരക്ഷയിൽ ഖർഗോൺ ജില്ലാ ഭരണകൂടമാണ് വീടുകൾ ഉള്‍പ്പെടെ തകർത്തത്. അനിഷ്ട സംഭവം നടന്ന് 48 മണിക്കൂറിനകമായിരുന്നു ഭരണകൂട നടപടി.

പൊതു സ്ഥലങ്ങൾ കൈയേറിയാണ് മിക്കവരും കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളതെന്ന് ഇൻഡോർ ഡിവിഷണൽ കമ്മിഷണർ പവൻ ശർമ്മ ദ ഹിന്ദുവിനോട് പറഞ്ഞു. 45 വസ്തുവകകളാണ് പൊളിച്ചത്. സാമുദായിക സംഘർഷത്തിലെ കുറ്റാരോപിതരുടെ സ്വത്തും ഇതിലുണ്ട്. റവന്യൂ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.- അദ്ദേഹം പറഞ്ഞു.

കോടതി കുറ്റക്കാരാണ് എന്നു കണ്ടെത്താത്ത പ്രതികളുടെ സ്വത്തുവകകൾ എങ്ങനെയാണ് പൊളിക്കുക എന്ന ചോദ്യത്തിന്, അനധികൃത നിർമാണമാണ് എങ്കിൽ തങ്ങൾക്ക് നടപടിയെടുക്കാമെന്നായിരുന്നു പവൻ ശർമ്മയുടെ മറുപടി. 



നേരത്തെ, സംഘർഷത്തിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞിരുന്നു. 'കലാപകാരികളെ വെറുതെ വിടില്ല. മധ്യപ്രദേശിൽ അവർക്ക് സ്ഥാനമുണ്ടാകില്ല. തിരിച്ചറിഞ്ഞാൽ ശക്തമായ നടപടി കൈക്കൊള്ളും. അറസ്റ്റിൽ മാത്രമായി കാര്യങ്ങൾ ഒതുങ്ങില്ല.' - എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. 

അതേസമയം, കുറ്റക്കാരെന്ന് കണ്ടെത്താത്തവർക്കെതിരെ നടപടിയെടുക്കുന്നത് നിയമ വിരുദ്ധമാണ് എന്ന വിമർശനം ഉയരുന്നുണ്ട്. നീതിന്യായ സംവിധാനത്തെ നോക്കുകുത്തിയാക്കുന്ന നടപടിയാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ, പൗരത്വ സമരത്തിൽ പങ്കെടുത്തവർക്കെതിരെ സമാന രീതിയിൽ യുപി സർക്കാർ നടപടിയെടുത്തിരുന്നു. ഇത് വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. 



രാമ നവമി ദിനത്തിൽ വ്യാപകമായ അക്രമമാണ് രാജ്യത്തിന്റെ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്നത്. ബിഹാർ, ജാർഖണ്ഡ്, പശ്ചിമബംഗാൾ, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി അക്രമങ്ങൾ അരങ്ങേറി. രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഖർഗോണില്‍ എണ്‍പതോളം പേര്‍ അറസ്റ്റിലായിട്ടുണ്ട്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News