വിവാഹത്തിന് സമ്മര്‍ദം; ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52കാരിയെ 26കാരൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി, പ്രായം കുറയ്ക്കാൻ ഫിൽട്ടറിട്ട് പറ്റിച്ചുവെന്ന് യുവാവ്
ഫറൂഖാബാദിൽ നിന്നുള്ള റാണിയാണ് മരിച്ചത്
മെയിൻപുരി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 52കാരിയായ കാമുകിയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നാണ് കൊലപാതകം. ഫറൂഖാബാദിൽ നിന്നുള്ള റാണിയാണ് മരിച്ചത്. സംഭവത്തിൽ അരുൺ രജ്പുത് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നര വര്‍ഷം മുൻപാണ് ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. നാല് കുട്ടികളുടെ അമ്മയായ റാണി പ്രായം കുറച്ചു കാണിക്കാൻ ഫിൽട്ടര്‍ ഉപയോഗിച്ചാണ് യുവാവുമായി സൗഹൃദം പുലര്‍ത്തിയത്. ഓൺലൈനിലൂടെയുള്ള ബന്ധം പുരോഗമിക്കുന്നതിനിടെ ഇരുവരും പലതവണ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നു. ഈ കാലയളവിൽ റാണി ഏകദേശം 1.5 ലക്ഷം രൂപ അരുണിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്നും പണം തിരികെ നൽകണമെന്നും റാണി ആവശ്യപ്പെടാൻ തുടങ്ങി. സമ്മതിച്ചില്ലെങ്കിൽ പൊലീസിനെ സമീപിക്കുമെന്നും ഇവര്‍ യുവാവിനെ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ആഗസ്ത് 10ന് അരുണിന്‍റെ ആവശ്യപ്രകാരം മെയിൻപുരിയിലെ ഖാർപ്രി ബംബയ്ക്ക് സമീപം വെച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു. ഈ സമയത്ത് തന്നെ വിവാഹം കഴിക്കണമെന്നും വായ്പയായി കൊടുത്ത പണം തിരികെ നൽകണമെന്നും വീണ്ടും ആവശ്യപ്പെട്ടു. പ്രകോപിതനായ അരുൺ ഒരു ഷാൾ ഉപയോഗിച്ച് റാണിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു. റാണിയുടെ മൃതദേഹം പിന്നീട് കോട്‌വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
റാണിയുടെ മൊബൈൽ ഫോണിൽ നിന്ന് കോൾ വിശദാംശങ്ങൾ കണ്ടെത്തിയ പൊലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അരുണിനെ അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ശേഷം സിം കാർഡ് നീക്കം ചെയ്ത് ഉപേക്ഷിച്ചിരുന്നെങ്കിലും സ്ത്രീയുടെ രണ്ട് മൊബൈൽ ഫോണുകൾ ഇയാളുടെ കൈവശം നിന്ന് കണ്ടെടുത്തു.അറസ്റ്റ് സ്ഥിരീകരിച്ച എസ്‍പി അരുൺ കുമാർ സിങ്, കൂടുതൽ നിയമനടപടികൾ നടന്നുവരികയാണെന്ന് പറഞ്ഞു. അരുൺ ഇപ്പോൾ ജയിലിലാണ്.
दैनिक समाचार पत्रों में प्रकाशित खबर। #UPPInNews #MainpuriPoliceInNews pic.twitter.com/bTAIhAU0Nl
— MAINPURI POLICE (@mainpuripolice) September 2, 2025