'25 കോടി വാഗ്ദാനം ചെയ്ത് ഏഴ് എ.എ.പി എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചു'; ആരോപണവുമായി അരവിന്ദ് കെജ്രിവാൾ

എല്ലാ എം.എൽ.എമാരും ബി.ജെ.പി നേതാക്കളുടെ വാഗ്ദാനം നിരസിച്ചെന്ന് കെജ്രിവാൾ

Update: 2024-01-27 08:07 GMT
Editor : Shaheer | By : Web Desk

അരവിന്ദ് കെജ്‍രിവാള്‍

Advertising

ന്യൂഡൽഹി: ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഏഴ് എ.എ.പി എം.എൽ.എമാരെ ബി.ജെ.പിയിലെത്തിക്കാൻ 25 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കെജ്രിവാൾ ആരോപിച്ചു. മദ്യനയക്കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മറുകണ്ടം ചാടിക്കാൻ ശ്രമമെന്നും അദ്ദേഹം വെളിപ്പെടുത്തി.

എക്‌സിലൂടെയാണ് കെജ്രിവാൾ വെളിപ്പെടുത്തൽ നടത്തിയത്. കെജ്രിവാളിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ മറിച്ചിടുമെന്നുമാണ് ബി.ജെ.പി നേതാക്കൾ എം.എൽ.എമാരെ വിളിച്ച് അറിയിച്ചത്. 21 എം.എൽ.എമാരുമായി ചർച്ച നടത്തിക്കഴിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ളവരുമായും ചർച്ച നടക്കുമെന്നും അറിയിച്ചു. തുടർന്നായിരുന്നു 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബി.ജെ.പിയിൽ ചേരാനും പാർട്ടി ടിക്കറ്റിൽ മത്സരിക്കാനും ആവശ്യപ്പെട്ടതെന്നും എക്‌സ് പോസ്റ്റിൽ കെജ്രിവാൾ ആരോപിച്ചു.

21 എം.എൽ.എമാരെ ബന്ധപ്പെട്ടെന്നാണ് അവകാശപ്പെടുന്നതെങ്കിലും ഏഴുപേരെയാണ് വിളിച്ചിട്ടുള്ളതെന്ന് കെജ്രിവാൾ പറഞ്ഞു. എല്ലാവരും ബി.ജെ.പി നേതാക്കളുടെ വാഗ്ദാനം നിരസിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

മദ്യനയക്കേസിൽ ചോദ്യംചെയ്യാനല്ല തന്നെ അറസ്റ്റ് ചെയ്യുന്നതെന്നും ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിനെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ ഞങ്ങളുടെ സർക്കാരിനെ മറിച്ചിടാൻ അവർ പല ഗൂഢാലോചനകളും നടത്തിയിട്ടുണ്ട്. എന്നാൽ, ഒന്നും വിജയം കണ്ടില്ല. ദൈവത്തിന്റെയും ജനങ്ങളുടെയും പിന്തുണ എപ്പോഴും ഞങ്ങൾക്കുണ്ട്. എല്ലാ എം.എൽ.എമാരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഡൽഹിക്കാർക്കു വേണ്ടി ഞങ്ങളുടെ സർക്കാർ എത്രമാത്രം ചെയ്തിട്ടുണ്ടെന്ന് ജനങ്ങൾക്ക് അറിയാം. എല്ലാ പ്രതിസന്ധികൾക്കുമിടയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനായിട്ടുണ്ട്. ഡൽഹി ജനത എ.എ.പിയെ നന്നായി സ്‌നേഹിക്കുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിൽ എ.എ.പിയെ തോൽപിക്കാൻ അവർക്ക് ആകില്ല. അതുകൊണ്ടാണ് വ്യാജ മദ്യനയക്കേസ് സൃഷ്ടിച്ച് സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Summary: "7 AAP MLAs offered Rs 25 Crore by BJP ": Arvind Kejriwal's big revelation

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News