യുപിയിൽ പൊലീസുകാരൻ ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു

ബലാത്സംഗം ചെയ്ത ശേഷം യുവതിയെ പ്രതി കെട്ടിത്തൂക്കുകയായിരുന്നു

Update: 2024-01-02 15:13 GMT

ആഗ്ര: ഉത്തർ പ്രദേശിൽ 25കാരിയായ ദലിത് യുവതിയെ പൊലീസുകാരൻ ബലാത്സംഗം ചെയ്ത് കൊന്നു. ആഗ്രയിലെ ഛത്തയിലാണ് സംഭവം. കേസിലെ പ്രതിയായ പൊലീസ് കോൺസ്റ്റബിൾ രാ​ഘവേന്ദ്ര സിങ്ങിനെ (27) അറസ്റ്റ് ചെയ്തതായി അസിസ്റ്റന്റ് കമീഷണർ ഓഫ് പൊലീസ് ആർ.കെ. സിങ് അറിയിച്ചു.

ഐപിസി സെക്ഷൻ 306,376, എസ്‌സി/എസ്ടി ആക്‌ട് എന്നിവ പ്രകാരമാണ് ആഗ്ര പോലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ബെലൻഗഞ്ചിലെ പ്രതിയുടെ വാടക വീട്ടിലാണ് ഞായറാഴ്ച യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസുകാരനുമായി മുൻപരിചയമുള്ള യുവതി സംഭവം നടക്കുന്നതിന്റെ തലേന്നാണ് ഇവിടെ എത്തുന്നത്.

Advertising
Advertising

ബലാത്സംഗം ചെയ്ത ശേഷം യുവതിയെ പ്രതി കെട്ടിത്തൂക്കുകയായിരുന്നു. ഇതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഝാൻസി സ്വദേശിയാണ് രാ​ഘവേന്ദ്ര സിങ്. യുവതി ഗുഡ്ഗാവിലെ കിഡ്നി സെന്ററിൽ ജോലി ചെയ്യുകയാണ്. സംഭവം നടന്ന അന്ന് പൊലീസുകാരൻ ജോലിക്ക് വന്നിരുന്നെങ്കിലും നേരത്തെ തന്നെ മടങ്ങുകയായിരുന്നു. തുടർന്ന് ഇദ്ദേഹം തന്നെയാണ് സംഭവം സഹപ്രവർത്തകരെ അറിയിക്കുന്നത്.

യുവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇരുവരും ഒരുമിച്ച് ഝാൻസിയിൽ നഴ്സിങ് പരിശീലനം നടത്തിയിരുന്നെന്നും തുടർന്നും ബന്ധം പുലർത്തിയിരുന്നെന്നും യുവതിയുടെ സഹോദരൻ പറഞ്ഞു.

‘രാ​ഘവേന്ദ്ര സിങ്ങുമായി കല്യാണം ​ആലോചിച്ച് ഞങ്ങൾ അയാളുടെ വീട്ടിൽ പോയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ കുടുംബം ഈ ആവശ്യം തള്ളി. പക്ഷെ, പിന്നീടും ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നു’ -സഹോദരൻ പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News